തമിഴിൽ 'ജയ്ഭീം' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജ്ഞാനവേൽ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന 'വേട്ടയൻ' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഈ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. 'തലൈവർ-171' എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഇതിന് ആരാധകരിൽ നിന്ന് വൻ പ്രതികരണവും ലഭിച്ചിരുന്നു. ഈ ചിത്രത്തിൽ രജനികാന്ത് ‘ദാദ’യായാണ് എത്തുന്നതെന്ന് ഒരു റിപ്പോർട്ടും ഉണ്ട്.
ഈ സാഹചര്യത്തിലാണ് ‘തലൈവർ-171’ൽ രജനികാന്തിനൊപ്പം അഭിനയിക്കാൻ സംവിധായകൻ ലോകേഷ് കനകരാജ് പ്രശസ്ത ഹിന്ദി നടനായ രൺവീർ സിങ്ങുമായി ചർച്ച നടത്തി എന്നും ചിത്രത്തിൽ അഭിനയിക്കാൻ രവീർസിങ്ങുമായി സമ്മതിച്ചു എന്നുള്ള റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്.
'തലൈവർ-171' ടീം ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ജൂണിൽ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിനു മുൻപായി ചിത്രത്തിന്റെ ടൈറ്റിൽ പ്രൊമോ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. അന്ന് രജിനിക്കൊപ്പം ഈ സിനിമയിൽ അഭിനയിക്കുന്ന മറ്റുള്ള നടീ, നടന്മാരെയും ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും തീരുമാനിച്ചിട്ടുണ്ടത്രെ! അതിനാൽ ഈ ചിത്രത്തിന് വേണ്ടിയുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തിരക്കിട്ടു പ്രവർത്തിച്ചു വരികയാണ് ലോഗേഷ് കനകരാജ്. രൺവീർ സിങ്ങിന് പുറമെ മലയാളി നടിയായ ശോഭനയുമായും ലോഗേഷ് കനകരാജ് ചർച്ച നടത്തിയിട്ടുണ്ടത്രെ! ശോഭനയും ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. അങ്ങിനെയെങ്കിൽ 32 വർഷങ്ങൾക്ക് ശേഷം രജനികാന്തിനൊപ്പം ശോഭന വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. അതോടൊപ്പം കമൽഹാസന്റെ മകളും, നടിയുമായ ശ്രുതി ഹാസനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കും എന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ലോഗേഷും, ശ്രുതിഹാസനും ചേർന്ന് ഒരുക്കിയ 'ഇനിമേൽ' എന്ന മ്യൂസിക് വീഡിയോ ഈയിടെ പുറത്തുവരികയും, വൈറലാകുകയും ചെയ്തിരുന്നു. ശോഭന, രൺവീർ സിങ്ങ്, ശ്രുതിഹാസ്സൻ തുടങ്ങിയവർ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത് കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.