ജനനം ഭാരതത്തിന്റെ വടക്കേ അറ്റമായ കാശ്മീരിൽ. സിനിമയിൽ പയറ്റിത്തെളിഞ്ഞത് ദക്ഷിണേന്ത്യയിൽ. ഇതാണ് ശ്രദ്ധാ ശ്രീനാഥിന്റെ ബയോഡേറ്റ. ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ പഠിക്കാനെത്തിയതാണ് കലാരംഗത്തേയ്ക്ക് പ്രചോദനം. കോഹിന്നൂർ എന്ന മലയാളസിനിമയിലൂടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രദ്ധ പിന്നീട് കാത്തിരുന്നത് തെന്നിന്ത്യൻ സിനിമകളിൽ മാധവൻ ഉൾപ്പെടെയുള്ള മുൻനിര നായകന്മാരുടെ നായികാപദവി.
അഭിനയിച്ച സിനിമകളിൽ ഏറിയ പങ്കും വിജയങ്ങൾ. അതുകൊണ്ടുതന്നെ ശ്രദ്ധാശ്രീനാഥ് തെന്നിന്ത്യൻ സിനിമയിലെ ഭാഗ്യതാരം കൂടിയാണ്. മോഹൻലാലിന്റെ ആറാട്ടാണ് ശ്രദ്ധയുടെ ഒടുവിലത്തെ മലയാളസിനിമ. തമിഴ്, തെലുങ്ക് കന്നട സിനിമയിലെ ഈ തിരക്കുള്ള അഭിനേത്രി തന്റെ സിനിമാജീവിത അനുഭവം പങ്കുവയ്ക്കുന്നു.
ശ്രദ്ധ ഒരു സ്‌റ്റേജ് ആർട്ടിസ്റ്റാണല്ലോ, ഇപ്പോഴും സ്റ്റേജ് പെർഫോമെൻസ് ചെയ്യാറുണ്ടോ?
ശ്രദ്ധ: എന്റെ സ്റ്റേജ് ഡ്രാമാ എക്‌സ്പീരിയെൻസ് വളരെ ആസ്വാദ്യകരമായിരുന്നു. തോഴിമാരുമൊത്ത് റിഹേഴ്‌സലുകൾക്ക് പോകുമായിരുന്നു. സ്റ്റേജിൽ കാണികൾക്ക് മുമ്പേ അഭിനയിച്ച് കയ്യടിയും പ്രശംസയും നേരിട്ടു നേടിയ രസകരമായ ദിനങ്ങളായിരുന്നു അത്. ആ സ്റ്റേജ് പെർഫോമൻസാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. സിനിമയിൽ തിരക്കായതുകാരണം സ്റ്റേജ് പെർഫോമൻസിന് സമയം കിട്ടാറില്ല. ഇപ്പോഴും ബാംഗ്ലൂരിൽ പോകുമ്പോഴൊക്കെ എന്റെ സ്റ്റേജ് നാടകതോഴിമാരെ കാണാൻ പോകാറുണ്ട്.
നേർകൊണ്ട പാർവൈയിൽ തല അജിത്തിനൊപ്പം അഭിനയിച്ച നിങ്ങൾ ഇനി എന്നാണ് ദളപതി വിജയ്‌ക്കൊപ്പം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുക?
അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്നത് എന്റെ മാത്രമല്ല എല്ലാ യുവനായികമാരുടേയും മോഹമല്ലേ? അതിന്റേതായ സമയം വരുമ്പോൾ എല്ലാം നടക്കും എന്ന വിശ്വാസമുണ്ട്.
ശ്രദ്ധയ്ക്ക് ഏതൊക്കെ ഭാഷകൾ വശമുണ്ട്...?
തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നട എന്നീ ഭാഷകൾ അറിയാം. ഇതിൽ മലയാളം ഒഴികെയുള്ള ഭാഷകൾ സംസാരിക്കാനും അറിയാം. മലയാളം മനസ്സിലാവും. എന്നാൽ സംസാരിക്കാൻ അത്രപോരാ. മലയാളം നന്നായി പഠിക്കണം. ഒരു മലയാള സിനിമയിൽ കൂടി അഭിനയിച്ചാൽ നന്നായി സംസാരിക്കാൻ പഠിക്കും. ഒരു നടിയെ സംബന്ധിച്ചിടത്തോളം ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി അഭിനയിക്കണമല്ലോ. അതിന് ആ ഭാഷ അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്. ഞാൻ ഷൂട്ടിംഗ് സമയത്ത് ആര് എന്ത് സംസാരിച്ചാലും അത് ശ്രദ്ധിച്ചുകേൾക്കും. അഭിനയത്തിന് ഭാഷാജ്ഞാനവും അത്യന്താപേക്ഷിതമാണല്ലോ.
ഇതുവരെ ഒപ്പം അഭിനയിച്ച നായകനടന്മാരെക്കുറിച്ച്...?
എന്റെ ആദ്യ തമിഴ് ചിത്രമായ 'ഇവൻ തന്തിരൻ' എന്ന സിനിമയിലെ നായകൻ ഗൗതംകാർത്തിക്കായിരുന്നു. ചുറുചുറുക്കുള്ള യുവാവ്. തന്റെ ബെസ്റ്റ് ഫ്രണ്ട്. വിക്രം വേദയിൽ മാധവന്റെ ജോഡിയായിരുന്നു. പടപടപ്പില്ലാതെ റിലാക്‌സായി അഭിനയിക്കാം. അദ്ദേഹം അഭിനയത്തിന്റെ ടിപ്‌സും പറഞ്ഞുതരും. ഞാൻ തമിഴ് നല്ലവണ്ണം ഉച്ചരിക്കുന്നതിന് കാരണക്കാരൻ അദ്ദേഹമാണ്. ഏത് വാക്ക് എങ്ങനെ ഉച്ചരിക്കണം, അതിന് എങ്ങനെ ഭാവം നൽകണം എന്നൊക്കെ പറഞ്ഞുതരും.
അജിത് സർ വളരെ ഫ്രണ്ട്‌ലിയാണ്. വെരി സ്വീറ്റ് പേർസൻ. നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ സംസാരിക്കും. ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹവുമായി ചർച്ച ചെയ്യാം. അദ്ദേഹം ബെസ്റ്റ് ഫോട്ടോഗ്രാഫറും കൂടിയാണ്. അത് മറക്കാനാവാത്ത ഷൂട്ടിംഗായിരുന്നു. വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. വിശാലും നല്ല സുഹൃത്താണ്. 'ചക്ര'യിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. മറ്റുള്ളവരുടെ വിഷമങ്ങൾ കേട്ടറിഞ്ഞ് സഹായിക്കുന്ന ഒരു സോഷ്യൽ കമിറ്റഡ് പേർസനാലിറ്റിയാണ് വിശാൽ.
അഭിനയിച്ചവയിൽ മിക്കതും വൻവിജയ ചിത്രങ്ങൾ. ചില സിനിമകൾ പരാജയപ്പെടുകയും ഉണ്ടായി. അപ്പോഴുണ്ടായ മാനസികാവസ്ഥ എന്തായിരുന്നു...?
അങ്ങനെ ഒരു വിഷമം ഉണ്ടായിട്ടുണ്ട്. ഞാൻ വളരെ പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു സിനിമ അത് പരാജയപ്പെട്ടത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'മിലൻ ടാക്കീസ്' വിജയിക്കാതെ പോയത് എന്നിൽ വലിയ നിരാശയുണ്ടാക്കി. എന്നിരുന്നാലും എന്റെ അഭിനയം മീഡിയായിൽ പ്രശംസിക്കപ്പെട്ടു. ബോളിവുഡിൽ ഇനിയും അങ്കത്തിന് ബാല്യമുണ്ട്.
അജയ്കുമാർ