തമിഴിൽ നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി അഭിനയിച്ചു പുറത്തുവന്ന 'ജയിലർ' വമ്പൻ വിജയമായതിനെ തുടർന്ന് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. 600 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ച 'ജയിലർ' ചിത്രത്തിൽ രജനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, രമ്യാ കൃഷ്ണൻ, യോഗി ബാബു, വിനായകൻ എന്നിവരാണ് ചിത്രത്തിലെ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് 'ജയിലർ' രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ വീഡിയോ രൂപത്തിൽ പുറത്തുവരികയും, അത് വൈറലായിക്കൊണ്ടിരിക്കുകയുമാണ്. 'സൺ പിക്ചേഴ്സ്' നിർമ്മിക്കുന്ന രണ്ടാം ഭാഗത്തിനും അനിരുദ്ധ് തന്നെയാണ് സംഗീതം ഒരുക്കുന്നത്.
രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഈ ചിത്രത്തിൽ രജിനിക്കൊപ്പം അഭിനയിക്കാനിരിക്കുന്ന താരങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും വിനായകൻ ഒഴികെ ഒന്നാം ഭാഗത്തിൽ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇവരോടൊപ്പം 'ജയിലർ-2'-ൽ പ്രശസ്ത തെന്നിന്ത്യൻ നടിയായ ശ്രദ്ധ ശ്രീനാഥും ഒരു പുതിയ പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നുള്ള ഒരു റിപ്പോർട്ടും ഉണ്ട്. ഒരു പാട് തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ശ്രദ്ധ ശ്രീനാഥ് അവസാനമായി അഭിനയിച്ചു പുറത്തുവന്ന ചിത്രം 'ദാഗു മഹാരാജ്' എന്ന തെലുങ്ക് ചിത്രമാണ്. ഇതിൽ ജില്ലാ കളക്ടറായാണ് താരം അഭിനയിച്ചത്. ഈ ചിത്രത്തിനും വമ്പൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.