തമിഴ് സിനിമാലോകത്തെ മുൻനിര നടന്മാരിൽ ഒരാളായ സിമ്പു ഇപ്പോൾ ദുൽഖർ സൽമാൻ നായകനായ 'കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രം സംവിധാനം ചെയ്ത ദേസിങ്ങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത് 'പത്ത് തല' എന്ന ചിത്രത്തിന് ശേഷം സിമ്പു അഭിനയിക്കുന്ന ഈ ചിത്രം സിമ്പുവിന്റെ 48-മത്തെ ചിത്രമാണ്. ഇത് നിർമ്മിക്കുന്നത് കമൽഹാസൻ്റെ 'രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണലും, മഹേന്ദ്രനും ചേർന്നാണ്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സിമ്പുവിന്റെ പിറന്നാൾ പ്രമാണിച്ചു ഈയിടെ പുറത്തുവന്നിരുന്നു. ഇതിൽ സിമ്പു കഥാനായകനായും, വില്ലനായും രണ്ടു കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ ചിത്രം രണ്ടു ഭാഗങ്ങളായാണ് പുറത്തുവരാനിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സിമ്പു തന്റെ അൻപതാമത്തെ സിനിമയുടെ ജോലികൾ ആരംഭിച്ചു എന്നൊരു റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. അതായത് സിമ്പു തന്നെയാണത്രെ തന്റെ അൻപതാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. 2004-ൽ പുറത്തിറങ്ങിയ 'മന്മഥൻ' എന്ന ചിത്രം മുഖേന തിരക്കഥാകൃത്തായും, 2006-ൽ റിലീസായ 'വല്ലവൻ' എന്ന ചിത്രം മുഖേന സംവിധായകനായും അരങ്ങേറിയ നടനാണ് സിമ്പു. ഈ രണ്ടു ചിത്രങ്ങളും വൻ വിജയവുമായിരുന്നു. അതിനാൽ വീണ്ടും സംവിധാന രംഗത്ത് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്ന സിമ്പു തന്റെ 'മന്മഥൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണത്രെ തന്റെ 50-മത്തെ ചിത്രം ഒരുക്കുന്നത് എന്നാണ് പറയപെടുന്നത്.