തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ഷങ്കർ നിർമ്മിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് 'ഈറം'. ഷങ്കറിന്റെ ഒപ്പം ചില ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ച അറിവഴകൻ സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമാണ് ഇത്. ഈ സിനിമയ്ക്കു ശേഷം മറ്റു ചില ചിത്രങ്ങൾ സംവിധാനം ചെയ്ത അറിവഴകൻ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന സിനിമയാണ് 'ശബ്ദം'. 'ഈറം'. എന്ന സിനിമയിൽ കഥാനായകനായി വന്ന ആദി തന്നെയാണ് ഈ ചിത്രത്തിലും കഥാനായകനായി അഭിനയിക്കുന്നത്. അതുപോലെ 'ഈറം'-ന് സംഗീത സംവിധാനം നിർവഹിച്ച എസ്. എസ്.തമൻ തന്നെയാണ് ഈ ചിത്രത്തിനും സംഗീതം നൽകുന്നത്.
ഈ സിനിമയിൽ മലയാളി നടിയായ ലക്ഷ്മി മേനോൻ ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻകാല പ്രശസ്ത നടിമാരായ സിമ്രനും, ലൈലയും ജോയിൻ ചെയ്തിരിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.
ലൈലയും, സിമ്രനും നേരത്തെ 'പാർത്തേൻ രസിത്തേൻ', 'പിതാമഗൻ' എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2003-ൽ റിലീസായ 'പിതാമഗൻ'-ന് ശേഷം 19 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. 'ഈറം' മാതിരി ഒരു ഹൊറർ ത്രില്ലറായിട്ടു തന്നെയാണ് 'ശബ്ദ'വും ഒരുങ്ങുന്നത്. ചിത്രത്തിന്റെ രചനയും, സംവിധാനവും കൂടാതെ നിർമ്മാതാവ് എന്ന നിലയിലും സംവിധായകൻ അറിവഴകൻ ഈ ചിത്രം മുഖേന പുതിയ യാത്ര ആരംഭിക്കുകയാണ്.