ഒരു കാലഘട്ടത്തിൽ തമിഴ് സിനിമയിലെ മുൻനിര നായിക നടിയായിരുന്ന സിമ്രൻ, തമിഴ് സിനിമയിൽ വീണ്ടും പ്രവേശിച്ചു ഇപ്പോൾ ചില ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈയിടെ റിലീസായ 'അന്തകൻ' എന്ന ചിത്രത്തിൽ പ്രശാന്തിനോടൊപ്പം ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു സിമ്രൻ. സൂപ്പർഹിറ്റായ 'തുള്ളാത്ത മനമും തുള്ളും', 'പ്രിയമാനവളെ', 'യൂത്ത്', 'ഉദയ' എന്നീ ചിത്രങ്ങളിൽ വിജയ്‌ക്കൊപ്പം അഭിനയിച്ചിട്ടുള്ള സിമ്രൻ, ഒരു സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയും കൂടിയാണ്. ഈ സാഹചര്യത്തിലാണ് തന്റെ പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി ഒരു സിനിമയിൽ അഭിനയിക്കാൻ സിമ്രൻ വിജയ്‌യിനോട് ആവശ്യപ്പെട്ടതായുള്ള ഒരു വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറാലായത്. അതേ സമയം വിജയ്‌യുടെ അടുത്ത ചിത്രത്തിൽ അഭിനയിക്കാനും സിമ്രൻ ആവശ്യപ്പെട്ടതായും സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതറിഞ്ഞ സിമ്രൻ ഇപ്പോൾ തൻ്റെ ശക്തമായ പ്രതികരണം സോഷ്യൽ മീഡിയ വഴി തന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്. അതിൽ, ''ചിലർ ഒരാളെ വൈകാരികമായും, മാനസികമായും വേദനിപ്പിക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്. ഞാനിതുവരെ മൗനം പാലിച്ചെങ്കിലും ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ വലിയ നായകന്മാർക്കൊപ്പമെല്ലാം പ്രവർത്തിച്ച വ്യക്തിയാണ്. എന്നാൽ ഞാൻ അതിന് വേണ്ടി ശ്രമങ്ങൾ നടത്തിയിട്ടില്ല. എന്നെ തേടി വന്ന അവസരങ്ങൾ ഞാൻ ചെയ്തു. എൻ്റെ ലക്ഷ്യങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ഒരു സ്ത്രീ എന്ന നിലയിൽ എൻ്റെ പരിമിതികൾ എനിക്കറിയാം. വർഷങ്ങളായി എൻ്റെ പേര് മറ്റൊരാളുടെ പേരുമായി ബന്ധിപ്പിച്ച് വാർത്തകൾ വരുമ്പോൾ ഞാൻ നിശബ്ദയായി ഇരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ എന്നെകൊണ്ട് അങ്ങിനെ ഇരിക്കാൻ സാധിക്കുന്നില്ല. കാരണം ആത്മാഭിമാനമാണ് പ്രധാനം. ഇപ്പോൾ എന്നെ കുറിച്ച് തെറ്റായ കിംവദന്തികൾ പ്രചരിപ്പിച്ചവർ എന്നോട് മാപ്പ് പറയണം. മാപ്പു പറഞ്ഞില്ലെങ്കിൽ തുടർന്ന് നിയമനടപടി എടുക്കാനും ഞാൻ മടിക്കില്ല'' എന്ന് പറഞ്ഞാണ് സിമ്രൻ ശക്തമായി പ്രതികരിച്ചിരിക്കുന്നത്. ഈ വിഷയം ഇപ്പോൾ കോളിവുഡിൽ സംസാര വിഷയമായിട്ടുണ്ട്.