NEWS

സിങ്കം അസിങ്കമാകുന്നു, പക്ഷേ...

News

മിഴക തിരൈ ഉലകത്തിന് ഇത് കഷ്ടകാലമാണ്. 2024 അവസാനിക്കാന്‍ നാളുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അപ്പോഴും ഒരു ബോക്സ് ഓഫീസ് ബ്രഹ്മാണ്ഡചിത്രം പോലും അവര്‍ക്ക് പ്രോജക്ട് ചെയ്യാന്‍ സാധിക്കുന്നില്ല. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രങ്ങള്‍ ഓരോന്നും ഒന്നിന് പിറകെ ഒന്നായി പൊളിഞ്ഞുതുടങ്ങിയ കാഴ്ചയാണ് 2024 ല്‍ ഉടനീളം കണ്ടത്. ഏറെ ഘോഷിക്കപ്പെട്ട, ഉലകനായകന്‍ കമല്‍ഹാസന്‍റെ ഇന്ത്യന്‍ 2, സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ വേട്ടയാന്‍ എന്നിവയൊക്കെ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു ദളപതി വിജയ്യുടെ ഗോട്ടിനും. വിജയ്യുടെ കരിയറിലെ അവസാനചിത്രങ്ങളില്‍ ഒന്ന് എന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടിയിട്ടും ഗോട്ടിന് ഒരു ഓളം സൃഷ്ടിക്കാന്‍ സാധിച്ചില്ല.

കാര്യങ്ങള്‍ ഇങ്ങനെ നില്‍ക്കുമ്പോഴാണ് നടിപ്പിന്‍ സിംഗം സൂര്യയുടെ കാര്യം പരിശോധിക്കേണ്ടത്. കഴിഞ്ഞ രണ്ടുകൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് സൂര്യയുടെ കങ്കുവ തിയേറ്ററുകളില്‍ എത്തിയത്. സംവിധായകന്‍ സിരുത്തൈ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ്(350 കോടി) കങ്കുവ. ഇതിനായി രണ്ടുകൊല്ലത്തോളം മറ്റ് പ്രോജക്ടുകളെല്ലാം മാറ്റിവച്ചാണ് സൂര്യ കാത്തിരുന്നത്. ഏറെനാള്‍ നീണ്ട കഷ്ടപ്പാടിനും അത്യധ്വാനത്തിനും ഒടുവില്‍ കങ്കുവ റിലീസ് ആയപ്പോള്‍ തമിഴ് തിരൈ ഉലകം ഒന്നടങ്കം പ്രത്യാശിച്ചു. ഇക്കുറി പേരിനെങ്കിലും ഉയര്‍ത്തിക്കാട്ടാന്‍ സൂര്യയുടെ കങ്കുവയ്ക്ക് സാധിക്കുമെന്നും അതിലൂടെ ഇന്‍ഡസ്ട്രിയുടെ സത്പ്പേര് നിലനിര്‍ത്താനാകുമെന്ന്.

എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി എന്നാണ് ആദ്യഘട്ടത്തില്‍ തന്നെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. ചിത്രത്തിന്‍റെ പരാജയത്തിന് കാരണങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത് പല സംഗതികളാണ്. കഥാപരമായ പ്രശ്നങ്ങള്‍ക്കപ്പുറം സാങ്കേതികപോരായ്മകള്‍ പോലും കങ്കുവയുടെ നെഗറ്റീവ് ഫാക്ടറായി ഉയര്‍ത്തിക്കാട്ടുന്നു. ഇത് മറ്റാരെക്കാളും നന്നായി ബാധിച്ചിരിക്കുന്നത് സൂര്യയെയാണ്. 

കാരണം അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്ക് ഒരു മിനിമം ഗ്യാരന്‍റി പ്രേക്ഷകര്‍ എല്ലാക്കാലത്തും നല്‍കുമായിരുന്നു. ചിത്രങ്ങള്‍ പരാജയപ്പെട്ടാലും സൂര്യയുടെ പെര്‍ഫോമന്‍സ് പലപ്പോഴും പ്രേക്ഷകരെ നിരാശപ്പെടുത്തില്ലായിരുന്നു. എന്നാല്‍ കങ്കുവയില്‍ ആ പ്രതീക്ഷയും തെറ്റി എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

സൂര്യ എന്ന നടനെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ടി പ്രഹരമാണ്. കാരണം ഒന്നും രണ്ടും മാസമല്ല അദ്ദേഹം കങ്കുവയ്ക്കായി മാറ്റിവച്ചത്. രണ്ടുവര്‍ഷമാണ്. ഇവിടെ സൂര്യയെ ഏറെ ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഗതി ഇതാണ്. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ സൂര്യയുടേതായി ഒരു ബ്ലോക്ബസ്റ്റര്‍ ബ്രഹ്മാണ്ഡചിത്രം പോലും എത്തിയിട്ടില്ല. ഹരിയുടെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ സിംഗം 2 ആണ് അത്തരത്തില്‍ ഒരു തരംഗം തീര്‍ത്ത സൂര്യയുടെ അവസാനചിത്രം. ഇതിനുശേഷം ഇറങ്ങിയ പല ചിത്രങ്ങളും സാമ്പത്തികമായി വിജയിച്ചിരുന്നു. എങ്കിലും സൂര്യയെന്ന താരത്തിന്‍റെ മാര്‍ക്കറ്റ് വാല്യു ശതകോടികളിലേക്ക് ഉയര്‍ത്തുന്ന ഹൈപ്പൊന്നും ഒരു ചിത്രങ്ങള്‍ക്കും  ലഭിച്ചില്ല.

അതേസമയം, സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2 ഡി എന്‍റര്‍ടൈന്‍മെന്‍റ്സ് നിര്‍മ്മിച്ച സൂരറൈപോട്ര്(2020), ജയ്ഭീം(2021) എന്നീ സിനിമകള്‍ മികച്ച ചിത്രങ്ങളായി വിലയിരുത്തപ്പെട്ടു എന്നത് ആശ്വാസകരമാണ്. ഇതില്‍ സുരൈപോട്രിലൂടെ അദ്ദേഹം ദേശീയതലത്തില്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഒരു നടന്‍ എന്ന നിലയില്‍ മറ്റുപലര്‍ക്കും(തമിഴ്) അവകാശപ്പെടാനാകാത്ത പല പ്രത്യേകതകളുമുള്ള നടനാണ് സൂര്യ. എന്നാല്‍ ബോക്സ് ഓഫീസിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാണ് താരങ്ങളുടെ ബ്രാന്‍റ് വാല്യൂ നിശ്ചയിക്കുന്നത്. 275 കോടി രൂപയ്ക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന ദളപതി വിജയ് ബോളിവുഡ് കിംഗ് ഷാരൂഖ്ഖാനേക്കാള്‍ മുകളില്‍ എത്തുന്നത് അദ്ദേഹം സൃഷ്ടിച്ച ബോക്സ് ഓഫീസ് തരംഗങ്ങളിലൂടെയാണ്. ഈ നിലയില്‍ പരിശോധിക്കുമ്പോള്‍ സൂര്യയുടെ മാര്‍ക്കറ്റ് വാല്യൂ ഇപ്പോഴും 50 കോടി നിലവാരത്തിലാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

കഴിവും അത്യധ്വാനവും കൈമുതലായുള്ള സൂര്യയെപ്പോലൊരു നടന്‍ വാസ്തവത്തില്‍ ഇതിനുമപ്പുറം അര്‍ഹിക്കുന്നു. അതിനുള്ള സ്റ്റഫ് അദ്ദേഹത്തിന് കൈമുതലാണ് എന്നതാണ് സത്യം. എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് ആ നിലവാരത്തിലേക്ക് ഉയരുവാന്‍ സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ ദുരവസ്ഥ സൂര്യയുടെ ആരാധകരില്‍ ഒരു വിഭാഗത്തെ അദ്ദേഹത്തില്‍ നിന്നും അകറ്റുന്നുണ്ട്. പലരും അദ്ദേഹത്തെ നിശിതമായി വിമര്‍ശിക്കുകയും ചിലരെങ്കിലും അദ്ദേഹത്തെ സൈബര്‍ ബുള്ളീയിംഗിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു താല്‍ക്കാലിക പ്രതിഭാസമാണ് എന്നുമാത്രമേ ഈ ഘട്ടത്തില്‍ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. കാരണം ഇന്ന് തെന്നിന്ത്യയിലെ ഏത് നടനോടും കിടപിടിക്കാനാകുന്ന തരത്തിലുള്ള പ്രതിഭ സൂര്യയ്ക്കുണ്ട്.

കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ പാളിച്ചകള്‍ കൊണ്ടോ ബോക്സ് ഓഫീസ് പ്രോജക്ടുകള്‍ കച്ചവടതാല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മാറ്റുന്നതുകൊണ്ടോ അദ്ദേഹത്തിന് ഇപ്പോള്‍ ചില തിരിച്ചടികള്‍ നേരിടുന്നുണ്ട് എന്നതാണ് ലേഖകന്‍റെ പക്ഷം. പക്ഷേ, ഈ കാലവും കടന്നുപോകും. സൂര്യയുടെ സമയം ഇനിയും തെളിയും. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഇനിയും ബോക്സ് ഓഫീസ് തരംഗങ്ങള്‍ സൃഷ്ടിക്കും. സിംഗത്തെ ഇന്ന് അസിംഗപ്പെടുന്നവര്‍ നാളെ തിരുത്തിപ്പറയും. ഉറപ്പാണ്. അതിന് ആധാരം സൂര്യയുടെ ടാലന്‍റ് മാത്രം.


LATEST VIDEOS

Top News