NEWS

ഡോൺ'-ന് ശേഷം 'ബോസ്' ആകുന്ന ശിവകാർത്തികേയൻ

News

ശിവകാർത്തികേയൻ നായകനായും, സായ് പല്ലവി നായകിയായും എത്തുന്ന 'അമരൻ' എന്ന ചിത്രം ദീപാവലിയോടനുബന്ധിച്ചു 31-ന് റിലീസാകാനിരിക്കുകയാണ്. കമൽഹാസന്റെ രാജ്കമൽ ഇന്റർനാഷണൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ്‌കുമാർ പെരിയസാമിയാണ്. മേജർ മുകുന്ദ് വരദരാജന്റെ ബയോപിക്കായി ഒരുങ്ങിയിട്ടുള്ള ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് റിലീസാകുന്നത്. ഈ ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ അടുത്തടുത്ത് മൂന്നു വമ്പൻ ചിത്രങ്ങളിലാണ് അഭിനയിക്കാനിരിക്കുന്നത്. അതിലൊന്ന് എ.ആർ മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. താൽകാലികമായി 'എസ്.കെ-23' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്. കന്നഡ നടി രുക്മിണി വസന്താണ് ഇതിൽ ശിവകാർത്തികേയനൊപ്പം നായികയായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം വീണ്ടും അടുത്തു തന്നെ തുടങ്ങാനിരിക്കുകയാണ്. ഇത് കൂടാതെ 'ഡോൺ' എന്ന ചിത്രം സംവിധാനം ചെയ്ത സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും, സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലുമാണ് ശിവകാർത്തികേയൻ അഭിനയിക്കാനിരിക്കുന്നത്. 'ഡോൺ' എന്ന സിനിമയ്ക്കു ശേഷം ശിവകാർത്തികേയനും, സിബി ചക്രവർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലും, സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഒരേ സമയം അഭിനയിക്കാനാണ് ശിവകാർത്തികേയൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ആദ്യം സൂര്യയെ നായകനാക്കി സുധ കൊങ്ങര സംവിധാനം ചെയ്യാനിരുന്ന 'പുറനാനൂറ്' എന്ന ചിത്രത്തിൽ നിന്നും സൂര്യ പിൻവാങ്ങിയതിനെ തുടർന്ന്, ആ പ്രോജെക്റ്റിലാണ് ശിവകാർത്തികേയൻ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവും ഡിസംബർ അല്ലെങ്കിൽ ജനവരിയിൽ തുടങ്ങാനാണത്രെ തീരുമാനിച്ചിരിക്കുന്നത്, ഈ ചിത്രത്തിന് 'ബോസ്' എന്നാണത്രെ പേരിട്ടിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. 'ഡോൺ' എന്ന ചിത്രത്തിനെ പോലെ 'ബോസ്' ചിത്രവും ജനപ്രിയ ചിത്രമായിട്ടാണത്രെ ഒരുക്കുന്നത്. 'സൂരറൈ പോട്രു' എന്ന സിനിമയ്ക്കു ശേഷം സുധ കൊങ്കര സംവിധാനം ചെയുന്ന ചിത്രവും നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണത്രേ. അതിൽ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ വിഷയങ്ങളും ഉണ്ടായിരിക്കും എന്നും പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Top News