തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ശിവകാർത്തികേയൻ നായകനായി അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'മദ്രാസി'. എ.ആർ.മുരുകദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആരാധകർ നല്ല സ്വീകരണമാണ് നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന് പിന്നാലെ സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രമാണ് ശിവകർത്തികേയന്റേതായി ഒരുങ്ങി വരുന്നത്.
ഈ ചിത്രം അടുത്ത വർഷം പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സിനിമക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശിവകാർത്തികേയൻ നായകനായി അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നവംബറിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഒരു ടൈം ട്രാവൽ കഥയെ അടിസ്ഥാനമാക്കിയാണത്രെ ഈ ചിത്രം ഒരുങ്ങുന്നത്.
വെങ്കട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ന്റെ ക്ലൈമാക്സ് രംഗത്തിൽ ശിവകാർത്തികേയൻ ഒരു പ്രത്യേക വേഷം ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് വെങ്കട്ട് പ്രഭുവും, ശിവകാർത്തികേയനും വീണ്ടും ഒന്നിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനറുകളിൽ ഒന്നായ 'സത്യജ്യോതി ഫിലിംസ്' ഡി.ജി.ത്യാഗരാജനാണ്. ഒരുപാട് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ഈ ബാനർ നടൻ ശിവകാർത്തികേയനെ നായകാനാക്കി ഒരുക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്.