വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം 'ലിയോ'യാണ്. ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ശേഷം വിജയ്, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത് എന്ന വിവരം മുൻപ് നൽകിയിരുന്നു. വിജയ്‌യുടെ 68-മത്തെ ചിത്രമായ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഈയിടെ പുറത്തുവരികയുണ്ടായി. വിജയ്, അറ്റ്‌ലി കൂട്ടുകെട്ടിൽ പുറത്തുവന്ന 'ബിഗിൽ' എന്ന ചിത്രം നിർമ്മിച്ച എ.ജി.എസ്.എന്റർടൈൻമെന്റാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. വെങ്കട് പ്രഭുവിന്റെ ആസ്ഥാന സംഗീത സംവിധായകനായ യുവൻ ശങ്കർരാജ തന്നെയാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്.
വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'ലിയോ'യുടെ ചിത്രീകരണം ഇനിയും തീർന്നിട്ടില്ല. എങ്കിലും വിജയ്‌യുടെ അടുത്ത ചിത്രത്തിലേക്കുള്ള നായികയെയും മറ്റ് അഭിനേതാക്കളെയും തിരഞ്ഞെടുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.'വിജയ്-68' മസാല ഘടകങ്ങളുള്ള ഒരു കൊമേർഷ്യൽ എന്റർടൈൻമെന്റ് ചിത്രമായിരിക്കുമെന്ന് വെങ്കട്ട് പ്രഭു ഈയിടെ പറയുകയുണ്ടായി.അതിനോടനുബന്ധിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രത്തിൽ
വിജയ്‌ക്ക് വില്ലനായി അഭിനയിക്കാൻ വെങ്കട് പ്രഭു, എസ്.ജെ.സൂര്യയെയാണത്രെ തിരഞ്ഞെടുത്തിരിക്കുന്നത്.
വിജയ്‌യുടെ 'മെർസ'ലിൽ വില്ലനായും, 'വാരിസു'വിൽ ഒരു പ്രധാന കഥാപാത്രത്തിലും എസ്.ജെ.സൂര്യ അഭിനയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. വിജയിനെ നായകനാക്കി 'ഖുഷി' എന്ന സൂപ്പർഹിറ്റ് ചിത്രം നൽകിയ സംവിധായകനുമാണ് എസ്.ജെ.സൂര്യ. അതുപോലെ വെങ്കട് പ്രഭു, സിമ്പു കൂട്ടുകെട്ടിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'മാനാട്' എന്ന ചിത്രത്തിൽ എസ്.ജെ.സൂര്യ ചെയ്തിരുന്ന വില്ലൻ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. ഇങ്ങിനെ അടുത്ത കാലത്തായി എസ്.ജെ.സൂര്യ തുടർച്ചയായി വില്ലൻ വേഷങ്ങൾ ചെയ്യുകയും അദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾക്ക് ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് വിജയ്‌യിന് വില്ലനാകാൻ വെങ്കട് പ്രഭു എസ്.ജെ.സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്. വിജയ്‌യുടെ 'ലിയോ' ചിത്രം കുറിച്ചുള്ള വാർത്തകൾ അടിക്കടി പുറത്തുവന്നു കൊണ്ടിരിക്കുന്നതിനാൽ 'വിജയ്-68' സംബന്ധമായുള്ള വാർത്തകൾ പിന്നീട് പ്രഖ്യാപിക്കാനാണത്രെ .'വിജയ്-68' ടീം തീരുമാനിച്ചിരിക്കുന്നത്. ബ്രമ്മാണ്ഡമായി ഒരുങ്ങുവാനിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വിജയ് 150 കോടിയിലധികം ശമ്പളം വാങ്ങുവാനരിക്കുകയാണ് എന്നും ഒരു റിപ്പോർട്ട് ഉണ്ട്. ഇതിനു കാരണം 'ലിയോ' എന്ന ചിത്രവും, അതിന്റെ വൻ തോതിലുള്ള ബിസിനസ് വിഷയങ്ങളുമാണ് എന്നാണു പറയപ്പെടുന്നത്.