തമിഴിൽ മുൻപ് ഒട്ടനവധി സിനിമകൾ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനു മുൻപ് ഇല്ലാത്ത തരത്തിൽ ഈ വർഷം (2023) നിരവധി രണ്ടാം ഭാഗ ചിത്രങ്ങളാണ് റിലീസാകാനിരിക്കുന്നത്. അതിൽ ഒന്ന് 2016-ൽ വിജയ് ആന്റണി നിർമ്മിച്ച് കഥാനായകനായ അഭിനയിച്ച 'പിച്ചൈക്കാരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഈ ചിത്രം ഏപ്രിൽ 14-ന് റിലീസാകുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റിലീസായി വമ്പൻ കളക്ഷൻ നേടിയ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് റിലീസാകുന്നത്. ഈ ചിത്രം ഏപ്രിൽ 28-നു റിലീസാകുന്നതായിരിക്കും.
ഈ ചിത്രത്തിന് ശേഷം 2005-ൽ റിലീസായി സൂപ്പർഹിറ്റായ മലയാള മണിച്ചിത്രത്താഴിന്റെ റീമേക്കായ 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗമാണ് റിലീസിനൊരുങ്ങി വരുന്നത്. പി.വാസു സംവിധാനം ചെയ്തു വരുന്ന ഈ ചിത്രത്തിൽ രാഘവാ ലോറൻസും, ബോളിവുഡ് താരം കങ്കണ രണാവത്തുമാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസ് തിയ്യതി ഇനിയും പുറത്തു വന്നിട്ടില്ല. ഈ ചിത്രത്തിനെ തുടർന്ന് റിലീസിനൊരുങ്ങുന്ന രണ്ടാം ഭാഗ ചിത്രം 'ഇന്ത്യൻ-2' ആണ്. ഷങ്കർ, കമൽഹാസൻ, കാജൽ അഗർവാൾ കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന ഈ ചിത്രത്തിനെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. ഇതല്ലാതെ പണിപ്പുരയിലിരിക്കുന്ന മറ്റു രണ്ടാം ഭാഗ ചിത്രങ്ങൾ കാർത്തിക് സുബുരാജിന്റെ 'ജിഗർത്തണ്ട', അജയ് ജ്ഞാനമുത്തുവിന്റെ 'ഡിമോന്റി കോളനി' വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വിടുതലൈ', സുന്ദർ.സി.യുടെ 'തലൈ നഗരം' പ.രഞ്ജിത്തിന്റെ 'സാർപ്പെട്ട പരമ്പര' തുടങ്ങിയവയാണ്. ഈ ചിത്രങ്ങൾ കൂടാതെ രാമരാജൻ അഭിനയിച്ചു ഗംഗൈ അമരൻ സംവിധാനം ചെയ്തു സൂപ്പർ ഡ്യൂപ്പർ ഹിറ്റായ 'കരഗാട്ടക്കാരൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഒരുക്കുവാനിരിക്കുകയാണ് ഗംഗൈ അമരന്റെ മകനും, തമിഴ് സംവിധായകനുമായ വെങ്കട് പ്രഭു എന്ന വാർത്തയും ഈയിടെ പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ ഒഴികെ തമിഴിൽ റിലീസായി വൻ വിജയം നേടിയ മറ്റുചില സിനിമകളുടെ രണ്ടാം ഭാഗങ്ങൾ എടുക്കുവാനുള്ള ചർച്ചകളും നടന്നു വരുന്നതായുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
ഇങ്ങിനെ മറ്റേതൊരു സിനിമാ വ്യവസായത്തിലും ഇല്ലാത്ത തരത്തിൽ ഇപ്പോൾ കൂടുതൽ രണ്ടാം ഭാഗ സിനിമകൾ ഒരുങ്ങി വരുന്നത് തമിഴിലാണെന്നുള്ളത് ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്. ഇതിനു പ്രധാന കാരണം പുതിയ കഥകൾ ലഭിക്കാത്തതും, തമിഴിലുള്ള നല്ല കഥാകൃത്തുക്കളെ തമിഴ് സിനിമയിലുള്ള സംവിധായകന്മാരും, നിർമ്മാതാക്കളും ഉപയോഗപ്പെടുത്താത്തതുമാണ് എന്ന് വേണം പറയുവാൻ!