തമിഴിൽ 2023-ൽ ഇതുവരെ എൺപതോളം സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ മുൻനിര താരങ്ങളുടെ ചിത്രങ്ങളും, പുതുമുഖങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുന്നു. സാധാരണയായി മുൻനിര താരങ്ങളുടെ സിനിമകൾക്കാണ് ആരാധകർ പ്രാധാന്യം കൊടുക്കാറുള്ളത്. എന്നാൽ ആരാധകർ ഇങ്ങിനെ പ്രാധാന്യം കൊടുക്കുന്ന എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയമാകാറുണ്ടോ എന്നാൽ ഇല്ല എന്നുള്ളതാണ് മറുപടി. ഇതിനു കാരണം പ്രേക്ഷകരെ ആകർഷിക്കാത്ത കഥ പറച്ചിൽ തന്നെയാണ്.
എന്നാൽ മുൻനിര താരങ്ങൾ ഇല്ലാതെയും, വൻകിട ബഡ്ജറ്റ് ഇല്ലാതെയും, നവാഗത സംവിധായകന്മാർ ഒരുക്കി പുറത്തുവന്ന ചില ചെറുകിട ചിത്രങ്ങൾ പ്രേക്ഷകരെ ആകർഷിച്ചു ബോക്സ് ഓഫീസിൽ വൻ വിജയമായിട്ടുണ്ട്. അതിൽ ഒരു ചിത്രമാണ് 'ഡാഡ'. തമിഴ് സിനിമയിലെ യുവതാരങ്ങളിൽ ഒരാളായ കവിൻ, അപർണദാസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ അഭിനയിച്ചു, നവാഗതനായ ഗണേഷ് കെ.ബാബു ഒരുക്കിയ ചിത്രമാണ് 'ഡാഡ'. ജനിച്ച ഉടനെ അമ്മ ഉപേക്ഷിച്ച ഒരു കുഞ്ഞിനെ വളർത്തുവാൻ കഷ്ടപ്പെടുന്ന അച്ഛന്റെ കഥയാണ് ചിത്രം പറയുന്നത്.അതുപോലെ ശശികുമാർ, പ്രീതി അസ്രാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മന്ത്രമൂർത്തി സംവിധാനം ചെയ്‌ത 'അയോദി' എന്ന ചിത്രവും പ്രേക്ഷകരെ ആകർഷിച്ചു, നിരൂപക പ്രശംസയും നേടി വിജയിക്കുകയുണ്ടായി.കാശിയിൽ നിന്നും തമിഴ് നാട്ടിലുള്ള രാമേശ്വരം ക്ഷേത്ര ദർശനത്തിനായി വരുന്ന ഒരു കുടുംബത്തിന് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ഒരു അപകടവും, ഒരു മരണവും ഉണ്ടാക്കുന്ന പ്രശ്നങ്ങളെ വിവരിക്കുന്ന ചിത്രമാണ് ഇത്.
ഇതിനു പിന്നാലെ കഴിഞ്ഞ ആഴ്ച അതായത് മെയ് 12-ന് റിലീസ് ചെയ്ത 'ഗുഡ് നൈറ്റ്' എന്ന ചിത്രവും ഇപ്പോൾ പ്രേക്ഷകരുടെ പ്രശംസ നേടി വിജയകരമായി മുന്നേറുകയാണ്. പുതുമുഖ സംവിധായകനായ വിനായക ചന്ദ്രശേഖരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മണികണ്ഠൻ, മീഥാ രഘുനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കൂർക്കം വലി ഒരാളുടെ കുടുംബ ജീവിതത്തിനെ എങ്ങിനെയെല്ലാം ബാധിക്കുന്നു എന്ന് പ്രധിബാധിക്കുന്ന ചിത്രമാണ് ഇത്.ഈ മൂന്ന് ചിത്രങ്ങളുടെയും വിജയത്തിന് കാരണം ചിത്രത്തിന്റെ വ്യത്യസ്ത ഉള്ളടക്കവും, അതിനെ ചടുലമായും, രസകരവുമായും പറഞ്ഞിരുന്ന ശൈലിയുമാണ് . ഈ ചിത്രങ്ങളെല്ലാം മറ്റു ഭാഷകളിൽ റീമേക്ക് ചെയ്ത് നിർമ്മിക്കാനുള്ള ചർച്ചകൾ ഇപ്പോൾ നടന്നു വരികയാണ്.ഈ ചിത്രങ്ങളുടെ വിജയത്തിനെ തുടർന്ന് തമിഴ് സിനിമയിൽ ഒരു മാറ്റം വന്നിട്ടുണ്ട് എന്ന് പറയാം. ഇപ്പോൾ പല നിർമ്മാതാക്കളും മേലെ പറഞ്ഞതുപോലെ വ്യത്യസ്ത കഥകളുടെ പശ്ചാത്തലത്തിൽ ചെറുകിട ചിത്രങ്ങൾ നിർമ്മിക്കാനാണ് അധികം താല്പര്യം കാണിച്ചു വരുന്നത്.