NEWS

അച്ഛന്‍റെ സംഗീതവഴിയില്‍ മകനും... - അജയ് ജോസഫ്

News

 

ഒരഭിമുഖത്തില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഇങ്ങനെ പറഞ്ഞു. 'ഏറെ പ്രിയപ്പെട്ടവര്‍ ഒരു പാട്ട് പാടണമെന്ന് ആവശ്യപ്പെട്ടാല്‍ ഞാനാദ്യം പാടാറുള്ളത് അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളം എന്ന ഗാനമാണ്.' മലയാളികളുടെ ഹൃദയത്തില്‍ ദീപമായി മാറിയ ഈ പാട്ടിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച ജോബിന്‍റെ മകന്‍ അജയ് ജോസഫ് ഇന്ന് കൈനിറയെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി മലയാളസിനിമയിലെ തിരക്കുള്ള സംഗീതസംവിധായകനായി വിജയകരമായ യാത്ര തുടരുകയാണ്.

സംഗീതത്തെ ജീവവായു പോലെപ്രണയിക്കുന്ന അജയ് ജോസഫ് അച്ഛന്‍റെ ഗുരുമുഖത്ത് നിന്ന് സ്വായത്തമാക്കിയ സംഗീതസപര്യയിലൂടെ സഞ്ചരിക്കുമ്പോഴും സംഗീതശാഖയിലെ പുതിയ പരിവര്‍ത്തനങ്ങളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു. എല്ലാദിവസവും ഉണരുമ്പോള്‍ വീടിന്‍റെ അകത്തളങ്ങളിലിരുന്ന് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ സംഗീതത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന അച്ഛന്‍റെ സിത്താര്‍ വാദനമാണ് സംഗീതശാഖയില്‍ അജയ് ജോസഫിന് ഉണര്‍വ്വുണ്ടാക്കിയ പത്തോളം സിനിമകളിലെ പാട്ടുകള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ച് സംസാരിക്കുകയാണ് അജയ് ജോസഫ് .

വിരലിലെണ്ണാവുന്ന സിനിമകളിലൂടെ മലയാളത്തിന് നല്ല പാട്ടുകള്‍ സമ്മാനിച്ച സംഗീതസംവിധായകനായിരുന്ന ജോബിന്‍റെ മകനായ അജയ്ജോസഫ് അച്ഛന്‍റെ പാട്ടിന്‍റെ വഴികളെക്കുറിച്ച് എങ്ങനെയാണ് വിലയിരുത്തുന്നത്...?

യഥാര്‍ത്ഥത്തില്‍ എന്‍റെ അച്ഛന് സംഗീതം എന്നത് ഒരു തരം ഉപാസനതന്നെയായിരുന്നു. ദേവരാജന്‍ മാഷും, അര്‍ജ്ജുന്‍മാഷുമായി അച്ഛന് നല്ല അടുപ്പമായിരുന്നു. രാജഗോപാലന്‍ ഭാഗവതരില്‍ നിന്നാണ് സംഗീതം പഠിച്ചത്. സിത്താര്‍ പഠിക്കാന്‍ ഊട്ടിയിലേക്ക് പോയി. ഗുരുവിന്‍റെ വീട്ടില്‍ താമസിച്ച് പഠിക്കേണ്ടിയിരുന്നതിനാല്‍ ഊട്ടിയില്‍ കൂടുതല്‍ കാലം നിന്നില്ല. പിന്നീട് ഹിന്ദുസ്ഥാനി പഠിക്കാന്‍ സിംലയിലേക്ക് പോയി. ഒരു വര്‍ഷത്തിനുശേഷം മദിരാശിയില്‍ തിരിച്ചുവന്ന് സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. മലയാളത്തില്‍ അച്ഛന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ കേട്ടാല്‍ തന്നെ അദ്ദേഹത്തിന്‍റെ പ്രതിഭ എത്രയെന്ന് തിരിച്ചറിയാന്‍ കഴിയും. അച്ഛന് സംഗീതം തന്നെയായിരുന്നു ജീവിതം. സംഗീതത്തോടുള്ള കടുത്ത പ്രണയമാണ് വിവാഹം പോലും വൈകാന്‍ കാരണമായത്. നാല്‍പ്പതാമത്തെ വയസ്സിലാണ് അച്ഛന്‍ വിവാഹിതനായത്. ഞങ്ങള്‍ രണ്ട് മക്കളാണ് ഞാനും അനിയന്‍ ജെയ്സണും. രാവിലെ ഉണരുന്നത് തന്നെ അച്ഛന്‍റെ സിത്താറിലും ഹാര്‍മോണിയത്തിലും മാറി മാറിയുള്ള ഓരോ രാഗങ്ങളിലുള്ള പരിശീലനം കേട്ടിട്ടാണ്. സ്വാഭാവികമായും അദ്ദേഹത്തിന്‍റെ സംഗീതം എന്നിലും നിറയുകയായിരുന്നു.

അജയ് ജോസഫ് അച്ഛന്‍റെ സംഗീതവഴികളെ എങ്ങനെയാണ് വിലയിരുത്തുന്നത്...?

കളമശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂളിലും, സെന്‍റ് പോള്‍സ് കോളേജിലുമാണ് ഞാന്‍ പഠിച്ചത്. സംഗീതത്തില്‍ അപ്പനാണ് ഗുരു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍റെ കയ്യില്‍ നിന്നാണ് സംഗീതം പഠിച്ചത്. ഞങ്ങളൊക്കെ ഹാര്‍മോണിയമാണ് ഉപയോഗിച്ചിരുന്നത്. കേരളത്തിലെ പ്രഗത്ഭരായ സിത്താര്‍ വാദകരില്‍ ഒരാളാണ് അച്ഛന്‍. ദേവരാജന്‍ മാഷിന്‍റെ ഒട്ടേറെ ഗാനങ്ങള്‍ക്ക് അച്ഛന്‍ സിത്താര്‍ വായിച്ചിട്ടുണ്ട്. ഞാനും അനിയന്‍ ജെയ്സണും ജനിച്ചത് മദിരാശിയിലായിരുന്നു. മദിരാശിയില്‍ കാര്യമായി ജോലി കിട്ടാതായപ്പോള്‍ ഞങ്ങള്‍ കേരളത്തിലേക്ക് വന്നു. അച്ഛന്‍ ക്രിസ്തീയ ഭക്തിഗാനങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചത്. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് കളമശ്ശേരിയില്‍ വീട് വെച്ചത്. പി.എ. തോമസ് സംവിധാനം ചെയ്ത ഒരാള്‍ കൂടി കള്ളനായി എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധായകനായി സിനിമയിലേക്ക് കടന്നുവന്നത്. ജേസി കുറ്റിക്കാട് സംവിധാനം ചെയ്ത നിധിയാണ് അച്ഛന്‍റെ അവസാനസിനിമ. നിധിയില്‍ മൂന്ന് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു. നിധിയുടെ വര്‍ക്ക് നടക്കുമ്പോള്‍ അച്ഛന്‍ താടി വളര്‍ത്തിയിരുന്നു. നിധി റിലീസ് ചെയ്യുന്നതുവരെ താടി വടിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ മരിക്കുന്നത് വരെ നിധി ഇറങ്ങിയില്ല. ഒരാള്‍കൂടി കള്ളനായി, വല്ലാത്ത പഹയന്‍, റോസി, പെരിയാര്‍, പെങ്ങള്‍ ഉള്‍പ്പെടെ പത്ത് സിനിമകളിലാണ് സംഗീതം ചെയ്തത്.

പിന്നീട് നാടകഗാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജോബ് ആന്‍റ് ജോര്‍ജ്ജ് എന്ന കൂട്ടുകെട്ടിലൂടെയാണ് നാടകഗാനങ്ങളില്‍ സജീവമായത്.

അച്ഛന്‍ സംഗീതം നല്‍കിയ മനസ്സില്‍ പതിഞ്ഞ പാട്ടുകള്‍...?

എല്ലാ പാട്ടുകളും ഇഷ്ടമാണ്.റോസിയില്‍ ദാസേട്ടന്‍ പാടിയ മലയാളി ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം... എന്‍റെ ഇഷ്ടഗാനമാണ്. പിന്നെ, പെങ്ങള്‍ എന്ന സിനിമയില്‍ പി. ലീല പാടിയ കാര്‍മുകിലൊളി വര്‍ണ്ണാ.. വ്യാമോഹം തുടങ്ങിയ ഗാനങ്ങളും എനിക്കിഷ്ടമാണ്.

അജയ് ജോസഫിന്‍റെ സംഗീതവഴിയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് സൂചിപ്പിക്കാമോ...?

കണ്‍സ്ട്രക്ഷന്‍ ബിസിനസ്സ് രംഗത്ത് സജീവമായതോടെ വിജയിക്കാന്‍ കഴിഞ്ഞു. മനസ്സില്‍ സംഗീതമുള്ളതുകൊണ്ട് തുടക്കത്തില്‍ ഡിവോഷണല്‍ ഗാനങ്ങള്‍ക്കാണ് ട്യൂണ്‍ നല്‍കിയത്. പിന്നീട് ഓണത്തിന് തിരുവോണത്തെന്നല്‍ എന്ന പേരില്‍ ആല്‍ബം ചെയ്തു.

സിനിമയില്‍ അവസരം ലഭിച്ചത് എങ്ങനെയായിരുന്നു...?

എല്ലാവരുടേയും പോലെ എന്‍റെ സ്വപ്നവും സിനിമയായിരുന്നു. സുഹൃത്തായ ജെയിംസ് അഗസ്റ്റിനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയെ എനിക്ക് പരിചയപ്പെടുത്തിയത്. കല്‍ക്കണ്ടം എന്ന ചിത്രത്തില്‍ റഫീഖ് അഹമ്മദ് എഴുതിയ ആലിന്‍ കൊമ്പില്‍ കുടമണി കെട്ടിയ നാടോടിക്കാറ്റേ.. പറയുന്നു മേഘം മേലേ.. തുടങ്ങിയ  രണ്ട് പാട്ടുകള്‍ക്ക് സംഗീതം നല്‍കിയാണ് ഞാന്‍ ആദ്യമായി സിനിമയിലേക്കെത്തിയത്. കല്‍ക്കണ്ടമെന്ന സിനിമയിലൂടെ സംഗീതസംവിധായകനാവാന്‍ ഷാജി പട്ടിക്കരയാണ് എനിക്ക് അവസരം നല്‍കിയത്. പിന്നീട്, അഞ്ചിലൊരാള്‍ തസ്ക്കരന്‍ എന്ന ചിത്രത്തില്‍ മൂന്ന് പാട്ടുകള്‍ ചെയ്യാനുള്ള അവസരവും ഷാജി പട്ടിക്കര എനിക്ക് നല്‍കി. പി.കെ. ഗോപി എഴുതി മധുബാലകൃഷ്ണന്‍ പാടിയ ചന്ദ്രികചാലിച്ചുതിലകമാക്കി, ഗായത്രി അശോകന്‍ പാടിയ മാനത്തൊരു ചന്തിരനുണ്ടെങ്കില്‍, ജാസിഗിഫ്റ്റ് പാടിയ തസ്ക്കരക്കൂട്ടം തുടങ്ങിയ പാട്ടുകള്‍ക്കാണ് ഞാന്‍ സംഗീതം നല്‍കിയത്. മലയാളസിനിമയിലേക്ക് എനിക്ക് വഴികാട്ടിയായത് ഷാജി പട്ടിക്കരയാണ്.

സംഗീതസംവിധാനത്തിന് അംഗീകാരം ലഭിച്ചിരുന്നുവോ...?

സഹീര്‍ അലി സംവിധാനം ചെയ്ത എ ഡ്രാമാറ്റിക് ഡെത്ത് എന്ന ചിത്രത്തിലെ നാടകക്കാലത്തിലൂടെ നടന്നവര്‍ എന്ന ഗാനത്തിന് കഴിഞ്ഞവര്‍ഷം മികച്ച സംഗീതസംവിധായകനുള്ള ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഇത്തവണത്തെ മികച്ച സംഗീതസംവിധായകനുള്ള പ്രഥമ ജി.കെ. പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു. ആഴം എന്ന ചിത്രത്തിലെ ആകാശം മിഴി പൂട്ടും.. ടൂമെന്‍ ആര്‍മിയിലെ ഈ കളിയിലെ കുരുക്കുകള്‍ അഴിക്കുവതാര്, പേപ്പട്ടിയിലെ മണ്ണിലിന്ന് വിണ്ണ് വന്നു.. മറുവശത്തിലെ ആളുന്ന തീപ്പന്തം... കനവിന്‍ കൈക്കുമ്പിളില്‍... സംഭവസ്ഥലത്തുനിന്നും എന്ന ചിത്രത്തിലെ താരാട്ട് പാട്ടായ കുന്നിമണി കിങ്ങിണി മുത്തേ.. തുടങ്ങിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

അജയ് ജോസഫിന്‍റെ പാട്ടുകള്‍ കമ്പോസ് ചെയ്യുന്ന രീതി സൂചിപ്പിക്കാമോ...?

ഞാന്‍ ഇന്‍സ്ട്രുമെന്‍റ് ഉപയോഗിക്കാറില്ല. സംവിധായകന്‍റെ മനസ്സറിഞ്ഞ് സിറ്റുവേഷനനുസരിച്ച് പാട്ട് പാടിയാണ് ട്യൂണ്‍ ഇടുന്നത്. അച്ഛന്‍ ഹാര്‍മോണിയത്തില്‍ സംഗീതം ചെയ്യുന്നത് കണ്ടുവളര്‍ന്നതാണ് ഞാന്‍. എനിക്ക് പാട്ടിന്‍റെ വരികള്‍ കിട്ടിയാല്‍ മനസ്സില്‍ പാടിക്കൊണ്ടേയിരിക്കും. ചിലപ്പോള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ നല്ല ട്യൂണ്‍ ലഭിക്കാറുണ്ട്.

കുടുംബത്തെക്കുറിച്ച് സൂചിപ്പിക്കാമോ...?

ഭാര്യ റോസ് എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ സൈക്കോളജിസ്റ്റാണ്. മകന്‍ അമല്‍ ജോസഫ് ഇതേ ഹോസ്പിറ്റലില്‍ ഡോക്ടറാണ്.

എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: അനില്‍ പേരാമ്പ്ര


LATEST VIDEOS

Interviews