NEWS

അഭിനയവും മ്യൂസിക്കും പിന്നെ സൂരജും

News

സംഗീതസംവിധായകനായും അഭിനേതാവായും സൂരജ് എസ്. കുറുപ്പ് തിളങ്ങുന്നു

അഭിനയമാണോ മ്യൂസിക്കാണോ ഏറ്റവും പ്രിയപ്പെട്ടതെന്ന് ചോദിച്ചപ്പോൾ സൂരജിന്റെ മുഖത്ത് ചിരി വിടർന്നു. നമ്മൾ എന്ത് ചെയ്താലും പ്രേക്ഷകരിൽ നിന്നും കിട്ടുന്ന പ്രശംസയാണ് തന്റെ സന്തോഷമെന്ന് സൂരജ് പറഞ്ഞു. സംഗീതസംവിധായകനായും ഇപ്പോൾ ആക്ടറായും മലയാളികൾക്കിടയിൽ തിളങ്ങുകയാണ് സൂരജ് എസ്. കുറുപ്പ്.

കുഞ്ഞിപ്പാൻ സ്‌പെഷ്യലാണ്

അലൻ കുഞ്ഞിപ്പാനു കിട്ടുന്ന പ്രതികരണം ശരിക്കും സർപ്രൈസാണ്. ഇപ്പോഴും ഒരുപാട് പേർ പ്രതികരണം അറിയിക്കുമ്പോൾ എന്ത് റിപ്ലൈ കൊടുക്കണമെന്ന് പോലും അറിയില്ല. ഇതിന്റെ റിലീസിനായി ഞങ്ങളും വെയ്റ്റിംഗായിരുന്നു. സിദ്ധാർത്ഥ് ഏട്ടൻ ഈ ചിത്രം റിലീസ് ചെയ്തത് ലാഭം കണ്ടുകൊണ്ടായിരുന്നില്ല. ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു. അതിന് പിറകിലുണ്ടായിരുന്നത്. എങ്കിലും ഞങ്ങളുടെ ഈ കുഞ്ഞ് സിനിമ ജനങ്ങൾക്ക് ഇഷ്ടപ്പെടുമെന്നതിൽ ഞങ്ങൾക്കെല്ലാവർക്കും ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ല.  വലിയ സിനിമകൾ തിയേറ്ററുകളിൽ ഓടുമ്പോൾ ഒ.ടി.ടി റിലീസിന് എത്തിയ ഞങ്ങളുടെ സിനിമയെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഞാനുമായി ഒരു ബന്ധവുമില്ലാത്ത ഒരാളാണ് കുഞ്ഞിപ്പാൻ. പക്ഷേ ഞാൻ കണ്ട ആൾക്കാരിലും എവിടെയൊക്കെയോ കുഞ്ഞിപ്പാൻ ഉണ്ട്. ഇതിന് മുൻപും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു മുഴുനീള ചിത്രം എന്നിലൂടെ എന്നുമാത്രമല്ല അതിൽ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളിലൂടെയാണ് കടന്നുപോകുന്നുവെന്നത് തന്നെയാണ് സന്തോഷവും സംതൃപ്തിയും നൽകുന്നത്. ഇനിയും കൂഞ്ഞിപ്പാനെപ്പോലെ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. അതുപോലെ മറ്റൊരു സന്തോഷം കണ്ട പ്രേക്ഷകർ അവരുടെ കാഴ്ചപ്പാടിൽ കഥയെ മനസ്സിലാക്കിയത് തുറന്നുപറയുന്നു. നമ്മൾ പോലും ചിന്തിക്കാത്ത ഡൈമൻഷൻ ഇതിന് കൊടുക്കുന്നു. അത് കേട്ടിട്ട് നമ്മൾ സിനിമയെ ഒന്നുകൂടെ കാണുമ്പോൾ ശരിയാണല്ലോയെന്ന് തോന്നുന്നു. പലർക്കും പല രീതിയിൽ റീഡ് ചെയ്യാൻ കഴിയുന്നത് നല്ല കാര്യമാണല്ലോ.

 

കുഞ്ഞിപ്പാനും അനന്തുവും

സ്‌ക്രിപ്റ്റിൽ കുഞ്ഞിപ്പാനും അനന്തുവും തമ്മിലുള്ള കോമ്പോ വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ടെങ്കിലും അത് ചെയ്യുമ്പോൾ ഞങ്ങളങ്ങനെയങ്ങ് ചെയ്തുപോയെന്നേയുള്ളൂ. അവർ തമ്മിലൊരു കണക്ഷൻ ഉണ്ടായാൽ മാത്രമേ സിനിമ പൂർണ്ണമാവുകയുള്ളൂവെന്ന് അറിയാമായിരുന്നെങ്കിലും അത് എത്രത്തോളം വിജയകരമായെന്ന് മനസ്സിലാക്കുന്നത് സിനിമ കണ്ട പ്രേക്ഷകരുടെ എഴുത്തിൽ നിന്നും വാക്കുകളിൽ നിന്നുമൊക്കെയാണ്. സർജനോയുമായി ജസ്റ്റ് അറിയാം എന്നേയുള്ളൂ. എന്നിവർക്ക് വേണ്ടിയാണ് ഞങ്ങൾ അടുത്തു പരിചയപ്പെടുന്നത്. വളരെ പെട്ടെന്നുതന്നെ സർജനോയുമായി കമ്പനിയായി. സിനിമയിൽ കാണിക്കുന്ന  ആ വീട്ടിൽ തന്നെയായിരുന്നു ഞങ്ങൾ ഷൂട്ട് കഴിയുന്നവരെ നിന്നിരുന്നത്. അതുകൊണ്ടുതന്നെ ഞങ്ങൾ എല്ലാവരും ഒരു ഫാമിലി പോലെ അടുത്തിരുന്നു. അതുപോലെ സിദ്ധാർത്ഥ് ഏട്ടൻ, ഇങ്ങനെയാണ് സീൻ ഇവിടെ നമുക്ക് എങ്ങനെ പിടിക്കാമെന്ന് എല്ലാവരോടും ചേർന്ന് ചർച്ച ചെയ്യാറുണ്ട്. പല അഭിപ്രായങ്ങളിൽ നിന്ന് ഏറ്റവും ബെസ്റ്റ് എന്താണോ അത് നമുക്ക് സെലക്ട് ചെയ്യാൻ സാധിക്കും. അതുകൊണ്ടുതന്നെ അയാൾ വന്ന സാഹചര്യം അയാൾ ഓരോ സ്‌പേസിലും എന്ത് സംസാരിക്കും, എങ്ങനെ പെരുമാറുമെന്നൊക്കെ വ്യക്തമായ ധാരണ ഉണ്ടായിരുന്നു. എന്റെയെന്ന് മാത്രമല്ല അതിൽ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളെക്കുറിച്ച് അവർ ഓരോരുത്തർക്കും  ധാരണ ഉണ്ടായിരുന്നു. ഓരോ ഷോട്ടിന് മുൻപും ഓരോ കാര്യങ്ങളും അവിടെ ചർച്ചയാവാറുണ്ട്. ഏറ്റവും ബെറ്റർ അവിടെ ചെയ്യാനായി ഓരോരുത്തരും ശ്രമിക്കും. അതുപോലെ ഇതിനുമുമ്പും ഞാൻ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ മനസ്സിലേക്ക് കയറാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒരു പുതുമുഖം എന്ന നിലയിൽ സിനിമ കാണുന്ന പ്രേക്ഷകർ ഒട്ടും ജഡ്ജ്‌മെന്റിലോടെയല്ല എന്നെ കണ്ടത്. അതുകൊണ്ടായിരിക്കാം കുഞ്ഞിപ്പാൻ ഒരു ഹോണ്ടിംഗായി മാറിയതെന്ന് തോന്നിയിട്ടുണ്ട്.

സിദ്ധാർത്ഥ് ഏട്ടനുമായുള്ള  പരിചയം

കൊച്ചൗവ പൗലോ  അയ്യപ്പ കോയ്‌ലോ എന്ന ചിത്രത്തിൽ ഒരു പാട്ടുചെയ്യാൻ പോയാണ് സിദ്ധാർത്ഥ് ചേട്ടനെ പരിചയപ്പെടുന്നത്. ഞാൻ കോളേജ് സമയങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കാറുണ്ടെന്നും അഭിനയം താൽപ്പര്യമുള്ള വിഷയമാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ അഭിനയത്തിന് വേണ്ടി ഒട്ടും സമയം ഇൻവെസ്റ്റ് ചെയ്യാനില്ലാത്തതുകൊണ്ട് പാട്ടുമായി മാത്രം മുന്നോട്ടുപോവുകയായിരുന്നു. സഖാവിൽ ഒരു വേഷം ചെയ്യാൻ സിദ്ധാർത്ഥ് ചേട്ടൻ വിളിക്കുമ്പോൾ നന്നായി ചെയ്യണം എന്നല്ലാതെ  ഓവർ എക്‌സൈറ്റ്‌മെന്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അത് ചെയ്തതിനുശേഷം എല്ലാവരും നല്ല റിവ്യൂ പറഞ്ഞപ്പോൾ ഹാപ്പിയായി. അങ്ങനെയാണ് ലൂക്ക ചെയ്യുന്നതും. പിന്നീട് കുങ്ഫു മാസ്റ്ററും മഹാവീര്യരും ചെയ്യുന്നത്. എന്നിവർ വളരെ അപ്രതീക്ഷിതമായി എന്നിലേക്ക് വന്നൊരു പ്രോജക്ടാണ്. ഒരു ചർച്ചയ്ക്കിടയിൽ സിദ്ധാർത്ഥ് ചേട്ടൻ ഇങ്ങനെയൊരു കഥയുണ്ടെന്നും ഇത്തരത്തിൽ ഒരു വേഷമുണ്ടെന്നും നീ ചെയ്യുന്നോയെന്ന് ചോദിക്കുകയുമായിരുന്നു. എനിക്കത് ചെയ്യാൻ കഴിയുമെന്ന് തോന്നിയത് കൊണ്ടാവാം സിദ്ധാർത്ഥ് ചേട്ടൻ എന്നിൽ ആ കഥാപാത്രത്തെ ധൈര്യമായി ഏൽപ്പിച്ചത്. അഭിനയത്തിൽ തുടക്കക്കാരനായ എന്നെ സംബന്ധിച്ച് കുഞ്ഞിപ്പാൻ എന്ന വേഷം ഭാഗ്യമാണ്. ഈ സിനിമയുടെ ചർച്ചയ്ക്കിടെ സിദ്ധാർത്ഥ് ചേട്ടനോട്  അവസരം ചോദിച്ചു വന്ന ഒരാളാണ് നമ്മുടെ ചിത്രത്തിൽ ആ വേഷം ചെയ്തത്. കാസ്റ്റിംഗ് സിദ്ധാർത്ഥ് ചേട്ടൻ ആദ്യമേ സെറ്റാക്കിയ രീതിയിൽ തന്നെയാണ് സംഭവിച്ചത്.

അട്ടപ്പാടി ഡേയ്‌സ്

എറണാകുളത്തും അട്ടപ്പാടിയിലുമാണ് ലൊക്കേഷൻ. അതിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസങ്ങൾ സമ്മാനിച്ചത് അട്ടപ്പാടി തന്നെ.  ചുരം കയറിയാൽ സിഗ്നലില്ല. പിന്നെ ഞങ്ങൾ കുറച്ചു പേരുമാത്രമായി ചുരുങ്ങി ലോകം. ഒരുപക്ഷേ ഞങ്ങളെല്ലാവരും ഒന്നിച്ചുള്ള ഓൺ സ്‌ക്രീൻ കെമിസ്ട്രി ഇത്രയധികം വർക്കാവാൻ അത് കാരണമായിട്ടുണ്ട്. സിനിമയിൽ സുധീഷേട്ടൻ കിടക്കുന്ന അതേ കട്ടിലിൽ തന്നെയാണ് അദ്ദേഹം കിടന്നിരുന്നത്. ഞാനും സർജനോയും ബാക്കി ഉള്ളവരും ഒപ്പം ഡയറക്‌ടേഴ്‌സ് ടീം എല്ലാം കൂടെ ഒരു റൂമിൽ പായ വിരിച്ച് നിരന്നുകിടക്കും. ആറുമണിക്ക് ഷൂട്ടുണ്ടെങ്കിലും പുലർച്ച വരെ ഞങ്ങൾ എല്ലാവരും തമാശ പറഞ്ഞു കളി പറഞ്ഞു ഇരിക്കും. ഒരു ബോയ്‌സ് ഹോസ്റ്റലിന്റെ പ്രതീതിയായിരുന്നു. നേരം വെളുത്താൽ ഓരോ തോർത്തുമുണ്ട് എടുത്ത് പുറത്തുള്ള പൈപ്പിന്റെ ചുവട്ടിൽ പോയി കുളിക്കും. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരുപാട് കാര്യങ്ങൾ എക്‌സ്പീരിയെൻസ് ചെയ്യാൻ കഴിഞ്ഞു.

സുധീഷേട്ടൻ എന്ന നടനും വ്യക്തിയും

ചെറുപ്പം മുതൽ കാണുന്ന ഒരു ആക്ടറാണ് സുധീഷേട്ടൻ. ഇത്രയും സീനിയറായ നടനൊപ്പം അഭിനയിക്കുന്നതിന്റെ ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നെങ്കിലും ഞങ്ങളെല്ലാവരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള ആറ്റിറ്റിയൂട്ടായിരുന്നു സുധീഷേട്ടന്റേത്. എന്ത് വേണമെങ്കിലും ഡിമാൻഡ് ചെയ്യാൻ പറ്റുമെങ്കിലും നല്ല സിനിമയ്ക്കായി ബേസിക് സൗകര്യങ്ങൾ പോലുമില്ലാത്ത ആ സ്‌പേസിൽ അദ്ദേഹം ഞങ്ങൾക്കൊപ്പം നിന്നു. ഇന്ന് എത്രപേർക്ക് കഴിയും അങ്ങനെയെന്ന് അറിയില്ല. കഥാപാത്രങ്ങൾക്ക് വേണ്ടിയിട്ടാണെങ്കിലും എന്ത് മേക്കോവറിനും തയ്യാറാവുന്ന ഒരു ആക്ടറാണ്. അദ്ദേഹത്തെ കൃത്യമായി ഒരു സംവിധായകരും ഉപയോഗിച്ചിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളത്. ഇനി അദ്ദേഹത്തിലെ നടനെ കൃത്യമായി സംവിധായകർ ഉപയോഗിക്കും.

സംഗീതം കൂടപ്പിറപ്പ്

ചിത്രത്തിന് മ്യൂസിക് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഇതിൽ വല്ലാത്തൊരു സാധനം ഉണ്ടെന്നത് മനസ്സിലാവുന്നത്. ചങ്കിൽ നിന്ന് വിട്ടുമാറാതെ നിൽക്കുന്ന വല്ലാത്തൊരു വേദനതോന്നിയിരുന്നു. മ്യൂസിക് എന്റെ ജീവിതത്തിലെ ഒരു പാർട്ടാണ്. ലൂക്കയിലെ നീയില്ലാ നേരത്തിന്റെ ട്രാക്ക് വളരെ താൽപ്പര്യത്തോടെ ചെയ്തതാണ്. എനിക്ക് അങ്ങനത്തെ ഡാർക്ക് ടൈപ്പ് സാധനം ചെയ്യാൻ പണ്ടുതൊട്ട് ഇഷ്ടമുണ്ട്. ഇപ്പോഴും പലരുടെയും ഫേവറിറ്റ് ലിസ്റ്റിൽ നീയില്ലാ നേരം ഉണ്ടെന്നോർക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. കുഞ്ചാക്കോബോബൻ നായകനായി എത്തിയ വള്ളിയും പുള്ളിയും തെറ്റിയാണ് ആദ്യത്തെ വർക്ക്. അതിനുശേഷം ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ ബാക്ക് ഗ്രൗണ്ട് സ്‌കോർ ചെയ്തു. കൊച്ചൗവ പൗലോയിൽ ഒരു സോംഗ് ചെയ്തു. അലമാര ചെയ്തു. പിന്നീട് എനിക്ക് താൽപ്പര്യമുള്ള പടങ്ങൾ വരാത്തതുകൊണ്ട്  കൂടുതലും പരസ്യങ്ങളിലേക്ക് ശ്രദ്ധ കൊടുത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് സോളോയിലേക്ക് കാൾ വരുന്നത്. അതിൽ സീതാകല്യാണം എന്ന പാട്ടിന്റെ ട്രാക്കും വേൾഡ് ഓഫ് മുദ്രയുടെ ബാക്ക്ഗ്രൗണ്ട് സ്‌കോറുമായിരുന്നു. അതിനുശേഷം ഒരുപാട് പ്രശംസകളും തമിഴ്, തെലുങ്ക് എന്നിവിടങ്ങളിൽ നിന്നും അവസരങ്ങൾ ലഭിച്ചു. ഇനി കുറച്ചധികം മലയാളം സിനിമകൾ വരാനുണ്ട്. ഒപ്പം തെലുങ്കിലേ ആദ്യപ്രോജക്ട് നടന്നുകൊണ്ടിരിക്കുകയാണ്.

ബിന്ദു പി.പി


LATEST VIDEOS

Top News