സൂര്യയുടെ കലാജീവിതം തുടങ്ങിയത് എങ്ങനെയായിരുന്നു?
സൂര്യ: കലോത്സവങ്ങളില്‍ സ്ഥിരസാന്നിദ്ധ്യമായിരുന്നു. മത്സരങ്ങളിലെല്ലാം പങ്കെടുക്കുമായിരുന്നു. ഭാഗ്യമെന്ന് പറയട്ടെ, കലാതിലകംപദവി എനിക്ക് കിട്ടിയിട്ടുമുണ്ട്. കുട്ടിക്കാലം മുതല്‍ തന്നെ പാട്ട്, കവിത, മോണോ ആക്ട്, കഥ, മാപ്പിളപ്പാട്ട്, പ്രച്ഛന്ന വേഷം.. തുടങ്ങിയ കലാപരിപാടികളിലെല്ലാം പങ്കെടുത്തിട്ടുണ്ട്.
അഭിനയത്തിനോടുള്ള താല്‍പ്പര്യം ഉണ്ടായതെങ്ങനെ?
സൂര്യ: സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ചോദിച്ചിട്ടുണ്ട്; ആരാകാനാണ് ആഗ്രഹമെന്ന്. നടി ആകണമെന്നുതന്നെയായിരുന്നു അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞതും.
പാട്ടും ഡാന്‍സും ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ?
സൂര്യ: ഉണ്ട്. സ്ക്കൂള്‍, കോളേജ് പഠനവും പാട്ടും ഡാന്‍സും എല്ലാം കൂടി ഒരുമിച്ചുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടായപ്പോഴാണ് പാട്ടില്‍ നിന്നുമൊക്കെ ഞാന്‍ അകന്നുപോയത്. അതുമാത്രവുമല്ല, എനിക്കൊരു ഹെല്‍ത്ത് ഇഷ്യൂ ഉണ്ടായിരുന്നു. എന്‍റെ സൗണ്ടിന് ചെറിയൊരു ക്രാച്ച് വീണു. അതിനുശേഷം പാടാനുള്ള ഒരു കോണ്‍ഫിഡന്‍സ് ഇല്ലാതെയും വന്നു. പിന്നെ ഞാന്‍ വേദികളിലൊന്നും പാട്ടുപാടാന്‍ തയ്യാറായതുമില്ല.
ആദ്യസിനിമ ഏതായിരുന്നു? ആ സിനിമയിലേക്ക് വന്നതെങ്ങനെ?
സൂര്യ: ഞാനാദ്യം അഭിനയിക്കുന്നത് ക്ലാസ്മേറ്റ്സ് എന്ന സിനിമയിലാണ്. കോട്ടയത്ത് സി.എം.എസ് കോളേജിലായിരുന്നു ആ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. കോളേജിനടുത്തുള്ള ഒരു വീട്ടില്‍ ഞാനന്ന് അവധിക്കാലം ചെലവഴിക്കാന്‍ പോയിരുന്നു. കാവ്യാമാധവനും ഒക്കെ ഷൂട്ടിംഗില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ കാണാമല്ലോ എന്നാഗ്രഹിച്ച് ലൊക്കേഷനില്‍ പോയിരുന്നു. എന്നെ കണ്ടപ്പോള്‍ സംവിധായകന്‍ ലാല്‍ജോസ് സാര്‍ ചോദിച്ചിരുന്നു, ഈ സിനിമയില്‍ അഭിനയിക്കുന്നോയെന്ന്. ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മയൊക്കെ സമ്മതിച്ചു. അങ്ങനെയാണ് ക്ലാസ്മേറ്റ്സില്‍ ഞാന്‍ അഭിനയിക്കുന്നത്. കാവ്യയുടെ കൂട്ടുകാരിയായി. മിക്കവാറും രംഗങ്ങളില്‍ കാവ്യക്കൊപ്പം ഞാനുമുണ്ട്.
തുടര്‍ന്നുള്ള സിനിമകള്‍?
സൂര്യ: അതേത്തുടര്‍ന്ന് കുറെ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. പിന്നെ, ക്യാരക്ടര്‍ വേഷങ്ങള്‍ കിട്ടിത്തുടങ്ങി. അതിനുശേഷം നായികയിലേക്ക് പ്രൊമോഷനും കിട്ടി. ഏകദേശം ഇരുപതോളം സിനിമകള്‍.
ശ്വാസം എന്ന സിനിമയിലെ വേഷത്തെക്കുറിച്ച്?
സൂര്യ: ശ്വാസം സിനിമ ഓട്ടിസം റിലേറ്റഡായിട്ടുള്ള ഒരു സിനിമയാണ്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയും അവന്‍റെ അമ്മയും. ഈ കുട്ടിയെ വീട്ടില്‍ വന്ന് പഠിപ്പിക്കാന്‍ വരുന്ന ഒരു ടീച്ചറുടെ വേഷമാണ് എനിക്ക് ലഭിച്ചിരുന്നത്. സംവിധായകന്‍ ബിനോയ് സാര്‍ ഈ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്കിഷ്ടമായി. ഞാനത് ഭംഗിയായി ചെയ്തിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം.
സിനിമ ഒരു ലക്ഷ്യം തന്നെ ആയിരുന്നോ?
സൂര്യ: സിനിമ ഒരു ലക്ഷ്യം തന്നെയായിരുന്നു. എന്നാല്‍, ഇടയ്ക്ക് ജീവിതപ്രാരാബ്ധം കൂടിവന്നപ്പോള്‍ മറ്റ് ചില ജോലികളിലും ഏര്‍പ്പെട്ടു. റേഡിയോ ജോക്കിയായി വര്‍ക്ക് ചെയ്തു. ഇവന്‍റ് മാനേജ്മെന്‍റ്, ട്രാവല്‍ ടൂറിസം... തുടങ്ങി പല മേഖലയിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.