ജാവയ്ക്കുശേഷം സന്ദീപ് സേനന്‍ ആണ് എന്നോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഉള്ള താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. അദ്ദേഹം ആയിട്ടുള്ള കൂടിക്കാഴ്ചയില്‍ ഉള്ളിലുണ്ടായിരുന്ന പല കഥകള്‍ സംസാരിച്ചു. അതില്‍ ഒന്നാണ് സൗദി വെള്ളക്കയുടേത്. ഒരു ചെറിയ കഥാതന്തു എന്നതിലുപരി ഒന്നും ഇല്ലാതിരുന്ന സൗദി വെള്ളക്കയുടെ കഥ കേട്ടപാടെ അദ്ദേഹം പറഞ്ഞത് ഇന്‍റര്‍നാഷണല്‍ ലെവലില്‍ പോകാന്‍ സാധ്യത ഉണ്ടെന്നാണ്.
കഥയെക്കുറിച്ച് പല ആകുലതകളും ഞാന്‍ പ്രകടിപ്പിച്ചപ്പോഴും കൂടെ നിന്നത് സന്ദീപ് സേനന്‍ ആണ്. അദ്ദേഹത്തിന്‍റെ വിശ്വാസത്തിലാണ് ഞാന്‍ കഥ ഡെവലപ്പ് ചെയ്തത്. അതില്‍ പ്രായമായ ഒരു സ്ത്രീയാണ് പ്രധാന കഥാപാത്രം. ആ കഥാപാത്രത്തെ തേടി എത്തിപ്പെട്ടത് സൗദി ഗ്രൗസി എന്നൊരു അഭിനേത്രിക്ക് അടുത്താണ്. സത്യത്തില്‍ അവിടെ നിന്നാണ് ഞാന്‍ സൗദി എന്നൊരു സ്ഥലം കേരളത്തിലുണ്ടെന്നും, സിനിമ സൗദിയില്‍തന്നെ എടുക്കാം എന്നും തീരുമാനിക്കുന്നത്. ഞങ്ങള്‍ക്കുവേണ്ടി ഗ്രേസി ചേച്ചി ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ സിനിമ സംഭവിക്കുന്നതിന് മുന്‍പേ ഗ്രേസി ചേച്ചി മരണപ്പെട്ടു.
വല്ലാത്ത ഒരു വിഷമം ആയിരുന്നു എനിക്കത്. പിന്നീട് ആര് ചെയ്യും എന്ന ചോദ്യത്തിന്‍റെ ഉത്തരം എത്തിപ്പെട്ടത് ദേവി വര്‍മ്മയ്ക്ക് മുന്‍പിലാണ്. പക്ഷേ, സൗദി ഗ്രേസിയില്‍ നിന്ന് ഒരുപാട് വ്യത്യസ്തയാണ് ദേവി വര്‍മ്മ. പതിഞ്ഞ രീതികള്‍, പതിഞ്ഞ സംസാരം. പിന്നീട്, ആ തരത്തിലേക്ക് ആ കഥാപാത്രവും മാറുകയായിരുന്നു. മലയാളത്തില്‍ സൗദി വെള്ളക്കയ്ക്ക് ഒരുപാട് നല്ല പ്രേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും, ആഗോളതലത്തില്‍ ഇത്രമേല്‍ അംഗീകാരങ്ങള്‍ ഒന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം ഫോണിലേക്ക് ഒരുപാട് പേരുടെ കാള്‍ വരുമ്പോഴാണ് ഞാന്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ച വിവരം അറിയുന്നത്.
എന്നെ സംബന്ധിച്ച് വാക്കുകള്‍ക്ക് അതീതമായ ഒരു നിമിഷം ആയിരുന്നു അത്. പലപ്പോഴും ഞാന്‍ സിനിമകള്‍ ചെയ്യുന്നത് എന്‍റെ ഉള്ളിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന വിധമാണ്. ഒരു സംവിധായകന്‍ ആദ്യം നല്ല പ്രേക്ഷകന്‍ ആവണം എന്ന നിലപാടുള്ള ആളാണ് ഞാന്‍.