തമിഴിലും, തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് സാമന്ത. തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ നാഗചൈതന്യയെ വിവാഹം ചെയ്തു, പിന്നീട് രണ്ടു പേർക്കും ഇടയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണമായി വിവാഹ മോചനം നേടിയ താരമാണ് സാമന്ത എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. വിവാഹ മോചനത്തിന് ശേഷം ഇപ്പോൾ സിനിമയിൽ വളരെയധികം ശ്രദ്ധ ചെലുത്തി അഭിനയിച്ചു വരികയാണ് സാമന്ത! ഈയിടെ താരത്തിന്റേതായി വളരെ പ്രതീക്ഷകളോടെ പുറത്തു വന്ന പാൻ ഇന്ത്യൻ സിനിമയായ 'ശകുന്തളം' ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം തെലുങ്കിൽ തന്നെ ഒരുങ്ങി വരുന്ന 'ഖുഷി'യാണ്. തെലുങ്ക് സിനിമയിലെ ഇപ്പോഴത്തെ സെൻസേഷണൽ ഹീറോയായ വിജയ് ദേവരകൊണ്ടക്കൊപ്പമാണ് സാമന്ത ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സാമന്തക്ക് ഒരു ഹോളിവുഡ് സിനിമയിലും അഭിനയിക്കാനുള്ള അവസരം വന്നിരിക്കുന്നത്. ഹോളിവുഡ് നടൻ വിവേക് കൽറ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇംഗ്ലീഷ് ചിത്രമാണ് 'ചെന്നൈ സ്റ്റോറി'. ഈ ചിത്രത്തിലെ നായികയായി അഭിനയിക്കാനാണ് സാമന്ത കരാറൊപ്പിട്ടിരിക്കുന്നത്. ഫിലിപ്പ് ജോൺ .ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിൽ ജനിച്ച നായകൻ അമ്മയുടെ മരണശേഷം ഇന്ത്യയിലെ തന്റെ പൂർവ്വികരെ സന്ദർശിക്കാനും, വേർപിരിഞ്ഞ പിതാവിനെ കണ്ടെത്താനുമായി ഇന്ത്യയിലെത്തുകയാണ്. അപ്പോൾ ചെന്നൈയിൽ വച്ച് നായികയായ സാമന്തയെ കാണുന്നു. ചെന്നൈയുടെ സംസ്‌കാരവും ആചാരങ്ങളും, ഭക്ഷണരീതികളും കണ്ട് വിസ്മയിപ്പിക്കുന്ന നായകൻ സാമന്തയുമായി പ്രണയത്തിലുമാകുന്നു. ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് നായകന്റെ അച്ഛനെ കണ്ടെത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? എന്ന് വിവരിക്കുന്ന കഥയാണത്രെ 'ചെന്നൈ സ്റ്റോറി'.
തമിഴ് സിനിമയിലും, തെലുങ്കു സിനിമയിലും, 'ദി ഫാമിലി മാൻ' എന്ന വെബ് സീരിസ് മുഖേന ബോളിവുഡിലും പ്രവേശിച്ച പാതി മലയാളിയായ സാമന്ത, 'ചെന്നൈ സ്റ്റോറി' മുഖേന ഹോളിവുഡ് സിനിമയിലും പ്രവേശിക്കാനിരിക്കുകയാണ്.