NEWS

ഒരു 'വണ്ണാത്തി 'പൈങ്കിളി -Sowmya Menon

News

മലയാളത്തില്‍ കുറെ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയയായ സൗമ്യമേനോന്‍ ഇപ്പോള്‍ കന്നഡ- തെലുങ്ക്  സിനിമകളില്‍ അഭിനയിക്കുന്നു.
 

ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകളെക്കുറിച്ച്?

ഞാനിപ്പോള്‍ ഒരു കന്നഡ സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞു. 'ഹണ്ടര്‍ ഓണ്‍ ഡ്യൂട്ടി' എന്നാണ് സിനിമയുടെ പേര്. ഒറിജിനല്‍ ലാംഗ്വേജ് കന്നഡയാണെങ്കിലും പാന്‍ ഇന്ത്യന്‍ സിനിമയായി ഇത് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു.

മറ്റൊരു കന്നഡ സിനിമ കൂടിയുണ്ട്. പേര് 'ക്ഷണ.' ഇത് കന്നഡത്തിലും മലയാളത്തിലുമായി റിലീസ് ചെയ്യും. ഹണ്ടര്‍ ഓണ്‍ ഡ്യൂട്ടി ആക്ഷന്‍ ത്രില്ലര്‍ മൂവി ആണെങ്കില്‍ 'ക്ഷണ' ഹീറോയിന്‍ ഓറിയന്‍റഡ് സബ്ജക്ടാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയും കൂടിയാണ്. മലയാളത്തില്‍ എല്ലാവരും അറിയുന്ന ഒരാര്‍ട്ടിസ്റ്റാണ് എന്‍റെ നായകനായി അഭിനയിക്കുന്നത്.

മറ്റൊരു തെലുങ്ക് ചിത്രം കൂടിയുണ്ട്. 'സറ' എന്നാണ് പേര്. ഫെസ്റ്റിവല്‍ മൂവിയാണ്. സിനിമ പൂര്‍ണ്ണമായും കഴിഞ്ഞ് റിലീസിന് ഒരുങ്ങുന്നു. വളരെ റിയലിസ്റ്റിക്കായിട്ടുള്ള ഒരു സിനിമയാണ്. എങ്കിലും ഫിലിം ഫെസ്റ്റിവലിനൊക്കെ പോകുന്ന ഒരു സിനിമയാണ്. ഗുണ്ടയ്ക്കല്‍ എന്നൊരു ഗ്രാമത്തില്‍ സംഭവിച്ച ഒരു റിയല്‍ സ്റ്റോറിയാണ് സിനിമ. ഇത് ഔട്ട് ആന്‍റ് ഔട്ട് ഹീറോയിന്‍ ഓറിയന്‍റഡായിട്ടുള്ള ഒരു മൂവിയാണ്. 'സറ' എന്ന ടൈറ്റില്‍ റോളില്‍ ഞാനഭിനയിക്കുന്നു. ഈയിടെ ഈ സിനിമയ്ക്കുവേണ്ടി ഒരു പ്രൊമോഷന്‍ സോംഗ് തൃശൂരില്‍ വച്ച് ഷൂട്ട് ചെയ്തിരുന്നു.

കമ്മിറ്റ് ചെയ്ത പുതിയ സിനിമകള്‍ ഏതൊക്കെയാണ്?

ഒരു തെലുങ്ക് സിനിമയും ഒരു കന്നഡ സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്. രണ്ട് സിനിമകളുടെയും പ്രീ- പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരുന്നു.

ഉടനെ മലയാളത്തിലേയ്ക്കില്ലേ...?

വരും. കോവിഡ് കാലത്ത് ഞാനഭിനയിച്ച രണ്ട് മലയാളം സിനിമകള്‍ റിലീസാകാനുണ്ട്.
സുഗീത് സംവിധാനം ചെയ്ത 'കിനാവള്ളി' ആയിരുന്നു എന്‍റെ ആദ്യ സിനിമ. തുടര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, മാര്‍ഗ്ഗംകളി, ഫാന്‍സി ഡ്രസ്സ്, നീയും ഞാനും, ശലമോന്‍, ബോംബെ പോസിറ്റീവ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

2007 ല്‍ ഞാന്‍ സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് 'വണ്ണാത്തി' എന്നൊരു ആല്‍ബത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഞാന്‍ അഭിനയരംഗത്ത് വരുന്നതും ആദ്യമായി ക്യാമറയുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതും. ഒരുപാട് മലയാളികള്‍ ഇപ്പോഴും എന്നെ തിരിച്ചറിയുന്നത് ഈ വണ്ണാത്തിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്. ദൈവാനുഗ്രഹത്താല്‍ ആ ആല്‍ബത്തിന്‍റെ ഫെയിമാണ് എന്നെ ഇതുവരെ എത്തിച്ചത്.

 


LATEST VIDEOS

Interviews