NEWS

"ഇത്രയും വലിയ സംവിധായകന്‍ എന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ എനിക്ക് അഭിമാനം തോന്നി..."

News

വളരെ മെലിഞ്ഞിട്ടുള്ള ആളായിരുന്നു ഞാന്‍. ഈര്‍ക്കിലി എന്നൊക്കെ വിളിച്ച് കളിയാക്കിയപ്പോള്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട്

 

കഴിഞ്ഞ മാസം ബോളിവുഡ് സംവിധായകൻ രാംഗോപാല്‍ വര്‍മ ഒരു വീഡിയോ എക്‌സില്‍ പങ്കുവെക്കുകയും അതിലെ പെണ്‍കുട്ടി ആരാണെന്ന്  ആ പോസ്റ്റിലൂടെ ചോദിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ആ മലയാളി പെൺകുട്ടിയെ കണ്ടുപിടിക്കുകയും ചെയ്തിരുന്നു. 

ഒരു മഞ്ഞ സാരിയിൽ ക്യാമറയും പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും ആയിരുന്നു വൈറലായത്. ഇത് ശ്രീലക്ഷ്മി സതീഷായിരുന്നു സംവിധായകൻ അന്വേഷിച്ച നടന്നിരുന്ന ആ പെൺകുട്ടി. ശ്രീലക്ഷ്മിയെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയും ചെയ്തു സംവിധായകന്‍.

 
സാരി എന്ന തന്റെ പുതിയ സിനിമയിലേക്കായിരുന്നു സംവിധായകൻ ശ്രീലക്ഷ്മിയെ ക്ഷണിച്ചത്. എന്നാല്‍ പിന്നാലെ  രാം ഗോപാല്‍ വര്‍മയുടെ പേജില്‍ ശ്രീലക്ഷ്മിയുടെ വീഡിയോകൾ ഓരോന്നായി വരാന്‍ തുടങ്ങി. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പലരും സംവിധായകനെതിരെയുള്ള കമൻ്റുകളും എത്തി.

വളരെ മോശം സിനിമകള്‍ എടുക്കുന്ന സംവിധായകനാണെന്നും, സ്ത്രീ വിഷയത്തില്‍ തത്പരനാണ് എന്നൊക്കെയാണ് പലരും അഭിപ്രായപ്പെട്ടത്. ശ്രീലക്ഷ്മിയോട് സൂക്ഷിച്ചുകൊള്ളാൻ പറഞ്ഞുകൊണ്ടായിരുന്നു കമൻ്റുകൾ. ഇപ്പോഴിതാ ഇതിന് ശ്രീലക്ഷ്മി തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.
 

"ആരും അറിയാത്ത ഒരു സത്യമുണ്ട്, തുടക്കം മുതല്‍, ഈ നിമിഷം വരെ രാം ഗോപാല്‍ വര്‍മ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ എല്ലാം എന്റെ സമ്മതത്തോടെയാണ്...ഈ റീല്‍ ഞാന്‍ ഷെയര്‍ ചെയ്‌തോട്ടെ എന്ന് എന്നോട് ചോദിച്ചു...ഇത്രയും വലിയ സംവിധായകന്‍ എന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ തന്നെ എനിക്ക് അഭിമാനം തോന്നി...ഓരോ റീല്‍ ഇടുമ്പോഴും അദ്ദേഹം എന്റെ അനുവാദം ചോദിക്കാറുണ്ടെന്നും തന്നെ വിളിച്ച് സിനിമയുടെ കാര്യം സംസാരിച്ചത് എല്ലാം തീര്‍ത്തും ഒഫിഷ്യലായിട്ടാണെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.

"ഒരു വാക്കു പോലും മോശമായി പറഞ്ഞിട്ടില്ല... സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചതിന് ശേഷമാണ് അഭിനയിക്കാനുള്ള ഓഫര്‍ മുന്നോട്ടു വച്ചത്. ഞാന്‍ ഒരു റിമോട്ട് ഏരിയയില്‍ നിന്നും വരുന്ന ആളാണ് എന്നും, എന്റെ കംഫര്‍ട്ടിന് അപ്പുറമുള്ള ഗ്ലാമര്‍ വേഷങ്ങള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അദ്ദേഹത്തോട് ആദ്യമേ പറഞ്ഞിരുന്നു. അത് എനിക്ക് മനസ്സിലാക്കാന്‍ പറ്റുമെന്ന് അദ്ദേഹം പറയുകയും ചെയ്തു."


"രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന്‍ ആരാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് ഗൂഗിള്‍ ചെയ്തു നോക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് അറിയുന്നത്. ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അതിന്റെ എല്ലാം നല്ല വശങ്ങള്‍ കാണാന്‍ മാത്രമാണ് എനിക്ക് താത്പര്യം."
 

"ഈ മെയ് മാസം മുതലാണ് ഞാന്‍ യൂട്യൂബ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ എല്ലാം പബ്ലിക്ക് ആക്കിയത്. അതുവരെ പ്രൈവറ്റ് ആയിരുന്നു. ചില റീല്‍ വീഡിയോസ് മാത്രമാണ് ചെയ്തിരുന്നത്. അപ്പോഴൊന്നും വീട്ടുകാര്‍ക്ക് പ്രശ്‌നമുണ്ടായില്ല. രാം ഗോപാല്‍ വര്‍മ വീഡിയോ ഷെയര്‍ ചെയ്തതിന് ശേഷം കമന്റില്‍ എന്നോട് വളരെ മാന്യമായി സംസാരിച്ച്, ഇന്‍ബോക്‌സില്‍ വായിക്കാൻ അറയ്ക്കുന്ന തരം മെസേജുകള്‍ അയക്കുന്നവരുണ്ട്. ശ്രീലക്ഷ്മി ഇങ്ങനെ ഒരു പെണ്ണാണ് എന്ന് കരുതിയിരുന്നില്ല എന്ന് ചിലര്‍ അച്ഛനോട് വന്ന് പറഞ്ഞു. കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എന്ന് മാത്രമേ ഇതിനെ കുറിച്ച് എനിക്ക് പറയാനുള്ളൂ..."


"എന്റെ ശരീരത്തിലും ഫീച്ചേഴ്‌സിലും ഞാന്‍ വളരെ അധികം അഭിമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. നേരത്തെ വളരെ മെലിഞ്ഞിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നെ ഈര്‍ക്കിലി എന്നൊക്കെ വിളിച്ച് കളിയാക്കിയപ്പോള്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട്. ഇപ്പോഴുള്ള എന്റെ ശരീരം എന്റെ ആത്മവിശ്വാസമാണ്. അത് എനിക്ക് കംഫര്‍ട്ട് ആണ്- ശ്രീലക്ഷ്മി സതീശന്‍ പറഞ്ഞു"


LATEST VIDEOS

Top News