NEWS

സംഗീതത്തിലെ ജനതൽപ്പരത പ്രവചനാതീതം

News

ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേ ഹും മൂസ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകനാണ് ശ്രീനാഥ് ശിവശങ്കരൻ.  

 

2007 ലെ പ്രശസ്ത    റിയാലിറ്റി  ഷോ  ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ്    ശ്രീനാഥ്   ശിവശങ്കരൻ  സംഗീതലോകത്തേക്ക് എത്തുന്നത്.   ശ്രീനാഥ് ശിവശങ്കരൻ  തന്റെ  വിശേഷങ്ങൾ നാനയോട് പങ്കുവയ്ക്കുന്നു.

എങ്ങനെയാണ് സിനിമയിലേയ്ക്കുള്ള കടന്നുവരവ്?

സംഗീത   സംവിധാനത്തിലോ   പശ്ചാത്തല സംഗീതം  ചെയ്യുന്നതിലോ എനിക്ക്  സിനിമയിൽ ഗുരുക്കന്മാർ  ആരും തന്നെയില്ല. എനിക്ക്   സ്വന്തമായി മ്യൂസിക്   പ്രോഗ്രാം ചെയ്ത് തരുന്ന ഒരു ടീമുണ്ട്. എന്റെ ആശയങ്ങൾ  ഞാൻ വിശദമായി അവരോട് പറയും. അവർ സാങ്കേതികമായി ആ ആശയത്തെ പൂർണ്ണതയിലെത്തിക്കും. ലൈവ്    ഇൻസ്ട്രമെന്റുകൾ  കൂടുതലായി   ഉപയോഗിക്കാനാണ് എനിക്ക്  കൂടുതൽ ഇഷ്ടം. അങ്ങനെ  ചെയ്യുമ്പോൾ ലഭിക്കുന്ന പൂർണ്ണത ഇലക്ട്രിക്  സൗണ്ടുകൾ  ഉപയോഗിക്കുമ്പോൾ കിട്ടില്ല. സുബാഷ്ചന്ദ്രബോസിലും മേ ഹും മൂസയിലും അതിന്  ധാരാളം സാധ്യതകൾ ഉണ്ടായിരുന്നു. ഇലക്ട്രിക്   സൗണ്ടുകളും അത്തരം   സംഗീതരീതികളും ഒരു  സിനിമയെ നല്ലതാക്കാനും അതുപോലെ തന്നെ ചീത്തയാക്കാനും സാധിക്കും.  നമ്മൾ എങ്ങനെ അത്തരം  സങ്കേതങ്ങളെ സിനിമയിൽ ഉപയോഗിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും   കാര്യങ്ങൾ. എപ്പോഴും മൂളി  നടക്കാൻ കൊതിക്കുന്ന  മെലോഡിയസ് ആയിട്ടുള്ള പാട്ടുകൾ ചെയ്യാനാണ് എനിക്ക്  കൂടുതലിഷ്ടം. ഇന്ന് അത്തരം പാട്ടുകൾ ചിലപ്പോൾ  എണ്ണത്തിൽ  വളരെ  കുറവായിരിക്കും. ഇപ്പോഴത്തെ ചില പാട്ടുകൾ ഇലക്ട്രോണിക്   സൗണ്ടുകൾ കൊണ്ട്  ചെയ്തു തീർത്ത് അരോചകമായ   അനുഭവമാണ് നമുക്ക് പ്രദാനം  ചെയ്യുന്നത്. മാസങ്ങളുടെ  ആയുസ്സുപോലും ഇത്തരം  പാട്ടുകൾക്ക് ഉണ്ടാവാറില്ല.    ഇന്ന് ഏത് രീതിയിൽ സംഗീതം  ചെയ്താലാണ് ജനം  സ്വീകരിക്കുന്നതെന്ന് ആർക്കും  ഒരു ഐഡിയയും ഇല്ല. സിനിമയ്ക്ക് വേണ്ടത്  ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.  സിനിമയ്ക്ക് ആവശ്യമില്ലാതെ   അവിടെ നമ്മളുടെ ശൈലി  അടിച്ചേൽപ്പിക്കേണ്ട ആവശ്യമില്ല.

എങ്ങനെയാണ് മേ ഹും മൂസ എന്ന ചിത്രത്തിലേയ്ക്കു വരുന്നത്?

വി.സി. അഭിലാഷ്  സംവിധാനം ചെയ്ത സഭാഷ്  ചന്ദ്രബോസ് എന്ന ചിത്രത്തിന്റെ  പാട്ടുകളും പശ്ചാത്തല   സംഗീതവും കേട്ട്  ഇഷ്ടപ്പെട്ടിട്ടാണ് ജിബുച്ചേട്ടൻ എന്നെ മൂസയിലേയ്ക്ക്    ക്ഷണിക്കുന്നത്. ഗ്രാമീണത    വിളിച്ചോതുന്ന പാട്ടുകളും   പശ്ചാത്തല സംഗീതവും  ആയിരുന്നു സഭാഷ്  ചന്ദ്രബോസിലേത്. മൂസയ്ക്ക്    വേണ്ടതും അത്തരം ഒരു ശൈലി ആയിരുന്നു. എന്നെ കണ്ടയുടൻ തന്നെ ജിബുസാർ മൂസയുടെ   തിരക്കഥ വായിക്കാൻ  തരികയായിരുന്നു. സ്‌ക്രിപ്റ്റ്   വായിച്ച് കഴിഞ്ഞപ്പോൾ നമ്മൾ ഈ പടം ചെയ്യുകയാണെന്ന്   ജിബുസാർ എന്നോട് പറഞ്ഞു.  സ്‌ക്രിപ്റ്റ്  വായിച്ചുകഴിഞ്ഞപ്പോൾ തന്നെ ചെയ്യാൻ പോകുന്ന സംഗീതത്തെക്കുറിച്ച് വ്യക്തമായ  ധാരണ ഉണ്ടായിരുന്നു.  അത്രയധികം വ്യക്തമായി  തന്നെയാണ്      തിരക്കഥാകൃത്ത് രൂപേഷ്  റെയിൻ   എഴുതിവച്ചിട്ടുണ്ടായിരുന്നത്. 

 

 റിക്കോർഡിംഗ്  അനുഭവം?

ശങ്കർമഹാദേവൻ ആലപിച്ച  'സസുരാങ്ക് മില്‌ഖേ.....എന്ന്    തുടങ്ങുന്ന ഹിന്ദി ഗാനമാണ് മൂസയ്ക്ക് വേണ്ടി ആദ്യമായി  ചിട്ടപ്പെടുത്തിയത്. എന്റെ   മൂന്നാമത്തെ ചിത്രത്തിൽതന്നെ   ശങ്കർമഹാദേവനെപ്പോലെ   ഇന്ത്യ അറിയപ്പെടുന്ന ഗായകനെ പാടിക്കാൻ കഴിഞ്ഞത് ഏറ്റവും  വലിയ ഭാഗ്യമായി കരുതുന്നു.   ഗുജറാത്ത്, പഞ്ചാബ്, വാഗാ അതിർത്തി തുടങ്ങിയ  ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെ  യാത്ര ചെയ്യുന്ന ഒരു  ഗാനമായിരുന്നു അത്.   ദേശഭക്തി എന്ന വികാരമായിരുന്നു   പ്രധാനമായും ആ പാട്ടിന്  വേണ്ടിയിരുന്നത്. ആ പാട്ടിന്റെ കാര്യത്തിൽ മാത്രമായിരുന്നു   ജിബുച്ചേട്ടന് ഏറ്റവും വലിയ   ടെൻഷൻ ഉണ്ടായിരുന്നത്.   എനിക്ക് കൂടുതൽ വിശദീകരിച്ച്  തന്നതും ആ പാട്ടിന്റെ സന്ദർഭങ്ങളായിരുന്നു.സൂഫി  സംഗീതം പശ്ചാത്തലമാകുന്ന   രീതിയിലായിരുന്നു ആദ്യം   ഞാൻ ചിട്ടപ്പെടുത്തിയത്.   എന്നാൽ കേൾക്കാൻ  സുഖമുണ്ടെങ്കിലും സിനിമയിൽ സൂഫി സംഗീതത്തിനു   പ്രാധാന്യം ഇല്ലെന്നു  മനസ്സിലാക്കിയ ഞാൻ പിന്നീട്  ആ ഭാഗങ്ങൾ മാറ്റി   ചിട്ടപ്പെടുത്തുകയായിരുന്നു.  ഹിന്ദുസ്ഥാനി രാഗമായ    ജോഗിലാണ് ഞാൻ ഈ ഗാനം  പിന്നീട് ചിട്ടപ്പെടുത്തിയത്.   പൊതുവേ സിനിമകളിൽ ജോഗ്   രാഗത്തിൽ ചിട്ടപ്പെടുത്തിയ   ഭൂരിഭാഗം പാട്ടുകളും ഹിറ്റാണ്. കേൾക്കുമ്പോൾ     സന്തോഷവും സാന്ത്വനവും     പ്രദാനം  ചെയ്യുന്ന  രാഗമാണല്ലോ ജോഗ്. 

 

പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോൾ ചെയ്യുന്ന തയ്യാറെടുപ്പുകൾ?

പാട്ടുകൾ  ചിട്ടപ്പെടുത്തുമ്പോൾ   പൊതുവേ ഞാൻ വലിയ    തയ്യാറെടുപ്പുകളും    റിസർച്ചുകളും ഒന്നും  ചെയ്യാറില്ല. വർഷങ്ങളായി  സ്റ്റേജ് ഷോ   ചെയ്യുന്നതുകൊണ്ട് തന്നെ  കേൾവിക്കാരുടെ പൾസ് കുറച്ചുകൂടി വ്യക്തമായി     അറിയാൻ കഴിഞ്ഞിട്ടുണ്ട്.  ഓരോ പാട്ടുകൾക്ക് വേണ്ട   സിറ്റുവേഷൻ സംവിധായകർ    പറയുമ്പോൾ തന്നെ ജനങ്ങൾ  എങ്ങനെയാണ് ആ പാട്ടുകൾ  ആസ്വദിക്കുന്നത് എന്ന ബോധ്യമുണ്ടാകും. ഒരു   മാപ്പിളപ്പാട്ട് കേൾക്കുമ്പോൾ   ജനങ്ങൾ എങ്ങനെയാണ്    കയ്യടിക്കുക എന്ന്    അറിയാമായിരുന്നു. 

ഖവാലി  ശൈലിയിൽ   'തെങ്ങോലപ്പൊൻ  പറമ്പിൽ .......?'

ഖവാലി ശൈലിയിലാണ്   തെങ്ങോലപ്പൊൻ പറമ്പിൽ എന്ന പാട്ട്  ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു  തട്ടുപൊളിപ്പൻ പാട്ടിന്റെ രീതിയിൽ പെപ്പി സ്റ്റൈൽ ആണ് വേണ്ടതെന്നു ജിബു   ച്ചേട്ടൻ പറഞ്ഞതിന്   അനുസരിച്ചാണ് ആ പാട്ട്   ചെയ്തിരിക്കുന്നത്.   പൊന്നാനിയുടെ മുസ്ലിം     പശ്ചാത്തലത്തിൽ  പറയുന്ന കഥയാണ് മൂസയുടേത്. അതുകൊണ്ടുതന്നെ ഒരു   അറബിക് മുസ്ലിം    സംഗീതത്തിന്റെ      പശ്ചാത്തലം വേണ്ടത്    ആവശ്യമായിരുന്നു. ഹിന്ദി  പാട്ട് ഒഴികെയുള്ള എല്ലാ    പാട്ടുകൾക്കും ഒരു മുസ്ലിം  ഈണം കൊണ്ടുവരാൻ  ശ്രമിച്ചിട്ടുണ്ട്. 

.ആദ്യ ചിത്രം   മമ്മൂക്കയോടൊപ്പം ആയിരുന്നല്ലോ?

2018 ൽ  റിലീസായ    കുട്ടനാടൻ ബ്ലോഗ്  ആണ് ഞാൻ സംഗീത സംവിധാനം   നിർവഹിച്ച ആദ്യചിത്രം. നടൻ ഉണ്ണിമുകുന്ദൻ ആണ് എനിക്ക്  കുട്ടനാടൻ ബ്ലോഗിലേക്ക്   വഴിതുറന്ന് തന്നത്. ഒരു അമേരിക്കൻ ഷോയ്ക്കിടയിൽ ആണ് ഞാനും ഉണ്ണി    മുകുന്ദനും പരിചയപ്പെടുന്നത്.  ആ  ദിവസങ്ങളിൽ ഞാൻ വെറുതെ ഇരിക്കുന്ന സമയത്ത് കമ്പോസ് ചെയ്തുവച്ച കുറേ   ഈണങ്ങൾ ഉണ്ണിച്ചേട്ടനെ കേൾപ്പിച്ചിരുന്നു.അദ്ദേഹത്തിന്   ആ ഈണങ്ങൾ എല്ലാം  നന്നായി ഇഷ്ടപ്പെട്ടു.  അദ്ദേഹമാണ് എന്നെ    കുട്ടനാടൻ ബ്ലോഗിന്റെ സംവിധായകൻ സേതുവിന്  പരിചയപ്പെടുത്തുന്നത്.    മാനത്തെ മാരിവിൽ  എന്ന്  തുടങ്ങുന്ന പാട്ടിന്റെ ഈണമാണ്   ഞാൻ ആദ്യമായി സേതു ച്ചേട്ടനെയും മമ്മൂക്കയേയും  കേൾപ്പിക്കുന്നത്. ആ പാട്ട് കേട്ട്  ഇഷ്ടപ്പെട്ടതിന് ശേഷമാണ് എന്നെ അവർ സിനിമയിലേയ്ക്ക്   ക്ഷണിക്കുന്നത്. കുട്ടനാടൻ ബ്ലോഗിലെ പാട്ടുകൾ എല്ലാം  തന്നെ മോശമല്ലാത്ത രീതിയിൽ വന്നെങ്കിലും ആ സിനിമ വേണ്ട രീതിയിൽ തീയേറ്ററുകളിൽ  വിജയിക്കാത്തതുകൊണ്ട്   എന്നേയും ആരും   ശ്രദ്ധിച്ചതേയില്ല.പിന്നീട് പലരും  അതിലെ പാട്ടുകൾ കേട്ടിട്ട്  ഇത്  ശ്രീനാഥ് ആയിരുന്നോ  ചെയ്തതെന്ന് ചോദിച്ചിട്ടുണ്ട്.

കുട്ടനാടൻ ബ്ലോഗിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് പിന്നീട് വലിയ രീതിയിൽ അവസരങ്ങൾ ലഭിക്കാതെ പോയത്?

ആദ്യ ചിത്രം സാമാന്യം  വലിയ ബഡ്ജറ്റിലുള്ള ഒരു   മമ്മൂട്ടി ചിത്രമായിരുന്നിട്ടുകൂടി   പിന്നീട് ഒരവസരവും    എന്നെത്തേടി വന്നിട്ടില്ല.    ഇപ്പോൾ എല്ലാം ഒരു ടീം  വർക്കാണല്ലോ. ഓരോ  സംവിധായകന്റെയും  എഴുത്തുകാരന്റെയും പിന്നിൽ മ്യൂസിക്, എഡിറ്റിംഗ്, ക്യാമറ  തുടങ്ങിയ എല്ലാ   വിഭാഗങ്ങളിലെയും ഒരു ടീം തന്നെ കാണാറുണ്ട്.   കംഫർട്ടബിൾ ആയവരുടെ കൂടെ ആയിരിക്കും എല്ലാവരും  വർക്ക് ചെയ്യുന്നത്. കുട്ടനാടൻ  ബ്ലോഗിലെ മാനത്തെ എന്ന്  തുടങ്ങുന്ന പാട്ട് കേട്ടാണ്   സംവിധായകൻ വി.സി.  അഭിലാഷ് എന്നെ സഭാഷ്  ചന്ദ്രബോസിലേയ്ക്ക്  വിളിക്കുന്നത്. മൂന്ന് വർഷത്തിനു   ശേഷമാണെങ്കിലും       ആദ്യചിത്രത്തിലെ പാട്ട്  കേട്ടുവന്ന അവസരത്തിൽ  ഞാൻ ഏറെ സന്തോഷിക്കുന്നു.    കഠിനാധ്വാനത്തിനും  ആത്മസമർപ്പണത്തിനും   എന്നായിരുന്നാലും ഫലം  ഉണ്ടാകുമെന്ന് തന്നെയാണ്   ഞാൻ വിശ്വസിക്കുന്നത്. നമ്മൾ നമ്മുടെ ജോലി നല്ല  വൃത്തിയായി ചെയ്യുമ്പോൾ  മറ്റുള്ളതെല്ലാം ജീവിതത്തിൽ സ്വാഭാവികമായി സംഭവിക്കും.

റിയാലിറ്റിഷോ  വഴി   ആണല്ലോ സംഗീത ലോകത്തേക്ക് വരുന്നത്?

2007 ൽ  കൈരളി   ടി.വിയിലെ   ഗന്ധർവ്വസംഗീതം,   2009 ൽ ഏഷ്യാനെറ്റ്  സംപ്രേഷണം ചെയ്ത  ഐഡിയ സ്റ്റാർ സിംഗർ എന്നീ  റിയാലിറ്റി ഷോകൾ വഴിയാണ്  ഞാൻ സംഗീതലോകത്ത്  എത്തുന്നത്. കഴിഞ്ഞ 12 കൊല്ലമായി ഞാൻ സ്റ്റേജ്  ഷോകൾ ചെയ്യുന്നു. ജീവിതം  മുന്നോട്ട് പോകുന്നത് സ്റ്റേജ്  ഷോയിലൂടെ ലഭിക്കുന്ന  വരുമാനം കൊണ്ടാണ്.  സിനിമയിൽ പാടാൻ   അവസരങ്ങൾക്കായി ഒരുപാട്  അലഞ്ഞു. ഒടുവിൽ അത്  നടക്കില്ല എന്ന് കണ്ടാണ്  ഞാൻ  സംഗീത   സംവിധാനത്തിലേയ്ക്ക്   വരുന്നത്. മൂസയിലെ   തെങ്ങോലപ്പറമ്പിൽ എന്ന പാട്ടാണ് ഞാൻ ആദ്യമായി  പാടുന്ന സിനിമപ്പാട്ട്.   കർണ്ണാടക സംഗീതം ഇപ്പോഴും  പഠിക്കുന്നുണ്ട്. സദനം ഹരികുമാർ ആണ് കർണ്ണാടക  സംഗീതത്തിലെ എന്റെ ഗുരു.

 

കുടുംബം?

കലാരംഗത്ത്  എല്ലാവിധ പിന്തുണയും നൽകുന്നത്  എന്റെ കുടുംബം തന്നെയാണ്.    അച്ഛൻ മണ്ണൂർ ശിവശങ്കരൻ  റിട്ടയർഡ് സ്‌കൂൾ അധ്യാപകനാണ്. അമ്മ മിനി  വീട്ടമ്മയാണ്. അനുജത്തി  അഖില ഇപ്പോൾ ഗസ്റ്റ്  ലക്ചറർ ആയി ജോലി  ചെയ്യുന്നു.ഭാര്യ അശ്വതി.   ആദ്യചിത്രമായ കുട്ടനാടൻ ബ്ലോഗിന്റെ സംവിധായകൻ  സേതുച്ചേട്ടന്റെ മകൾ ആണ്.

പി.ജി.എസ്. സുരജ്


LATEST VIDEOS

Top News