നടൻ മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ശ്രീനിവാസൻ. താൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദയാനാണ് താരം എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ നടൻ സരോജ് കുമാറിന്റെ ചില ഡയലോഗുകൾ മമ്മൂട്ടിയുടെ സ്വഭാവത്തിൽ നിന്നും താൻ പകർത്തിയതാണെന്ന് ശ്രീനിവാസൻ പറയുന്നു.
മഴയെത്തും മുൻപേ എന്ന സിനിമയുടെ റിലീസ് സമയത്ത് മമ്മൂട്ടിയിൽ നിന്നും തനിക്കുണ്ടായ ഒരു അനുഭവമാണ് ശ്രീനിവാസൻ പങ്കുവെച്ചിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം പറയുന്നത്.
ശ്രീനി പറയുന്നത് ഇങ്ങനെയാണ്...
മഴയെത്തും മുൻപേ എന്ന സിനിമ ഇറങ്ങിയ സമയം, അതെ സമയം ഇറങ്ങിയ ചിത്രമാണ് മോഹൻലാലിന്റെ സ്പടികം. രണ്ട് പടവും തരക്കേടില്ലാതെ ഓടിയ പടങ്ങൾ ആണ്. അപ്പൊ ഒരു ദിവസം ഞാനും മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും കൂടെ ഒരു മീറ്റിംഗിന് പോവുകയായിരുന്നു. മമ്മൂട്ടിയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. റോഡ് സൈഡിലുള്ള സ്ഫടികത്തിന്റേയും മഴയെത്തും മുന്‍പേയുടേയും പോസ്റ്ററുകള്‍ നോക്കുകയാണ് മമ്മൂട്ടി. എന്നിട്ട് മമ്മൂട്ടി എന്നോട് പറഞ്ഞു, സ്പടികത്തിന്റെ പോസ്റ്റര്‍ കണ്ടോ മോഹന്‍ലാല്‍ മാത്രം. നമ്മുടെ പടത്തിന്റെ പോസ്റ്റര്‍ കണ്ടോ ശോഭനയും മറ്റാരൊക്കെയോ ഉണ്ട്. നീ ആ മാധവന്‍ നായരെ വിളിച്ച് പറ, എന്റെ ചിത്രം മാത്രം വച്ച് പോസ്റ്റര്‍ വെക്കാന്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വിളിച്ചാല്‍ ഒരു പ്രശ്‌നമുണ്ട്. എന്റെ മുഖം മാത്രം വച്ച് പോസ്റ്റര്‍ ഇറക്കാനാകും ഞാന്‍ പറയുക. അതിന് ശേഷം മമ്മൂട്ടി അധികം പ്രോത്സാഹിപ്പിക്കാന്‍ വന്നില്ല. ഉദയനാണ് താരത്തില്‍ ഞാന്‍ പറയുന്നുണ്ട്, "എന്റെ തല എന്റെ ഫുള്‍ ഫിഗര്‍" എന്ന്. അതൊക്കെ മമ്മൂട്ടിയെ കണ്ട് എഴുതിയതാണ്. മമ്മൂട്ടിയുടെ ആഗ്രഹമാണ് അത്.