ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവായ ബോണി കപൂറിന്റെയും, തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ലാതെ ബോളിവുഡിലും തിളങ്ങിയ താരമായ ശ്രീദേവിയുടെയും മകളായ ജാൻവി കപൂർ ചില ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ 'തേവര' എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ജാൻവി കപൂറിനെ തമിഴിൽ അവതരിപ്പിക്കാൻ ചില ചിത്രങ്ങളുടെ നിർമ്മാതാക്കളും, സംവിധായകന്മാരും മുൻപ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആ ചിത്രങ്ങളിൽ അഭിനയിക്കുവാൻ താല്പര്യം കാണിക്കാതെ ജാൻവി കപൂർ ആ അവസരങ്ങളെ നിരസിക്കുകയാണ് ചെയ്തത്.
എന്നാൽ ഇപ്പോൾ ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യക്കൊപ്പം അഭിനയിക്കാൻ ജാൻവി കപൂർ കരാർ ചെയ്യപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആമിർഖാൻ നായകനായ 'രംഗ്‌തേ ബസന്തി' എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്ത രാകേഷ് ഓംപ്രകാശ് മെഹ്‌റ അടുത്ത് മഹാഭാരത പുരാണത്തിലെ ചില ഭാഗങ്ങളെ എടുത്തു അതിനെ രണ്ട് ഭാഗങ്ങളായി സിനിമയാക്കാൻ പോകുന്നുവത്രെ! ഇതിൽ പ്രധാന വേഷം ചെയ്യാൻ സൂര്യയും സമ്മതിച്ചു എന്നാണു റിപ്പോർട്ട്. സൂര്യ, ജാൻവി കപൂറിനൊപ്പം മറ്റു ചില ബോളിവുഡ് താരങ്ങളും, തെലുങ്ക് താരങ്ങളും ഈ ചിത്രങ്ങളിൽ അണിനിരക്കുന്നുണ്ടത്രേ! ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒരു പാൻ ഇന്ത്യ സിനിമയായിട്ടാണത്രെ ചിത്രങ്ങൾ ഒരുങ്ങുന്നത്.
ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. മഹാഭാരത പുരാണത്തിലെ കർണൻ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുണ്ട്. സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം ചിരുത്തൈ ശിവ സംവിധാനം ചെയ്തു വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങി വരുന്ന 'ഗംഗുവ'യാണ്. ഇതിനു ശേഷം സുധ കൊങ്കര ഒരുക്കുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമാണ് രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കാൻ സൂര്യ കാൾഷീറ്റ് നൽകിയിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്.