NEWS

ഹ്യൂമർ വേഷം ചെയ്യണം........................ അങ്കമാലി ഡയറീസിലൂടെ തുടക്കം കുറിച്ച ശ്രുതിജയന്റെ വിശേഷങ്ങൾ

News

ജീവിതത്തിൽ സംഭവിച്ച പലതും മാജിക്ക് പോലെയെന്ന് തോന്നിയിട്ടുണ്ട്. സ്വപ്നത്തിൽ പോലും കാണാത്ത സിനിമ എന്ന മഹാത്ഭുതത്തിനൊപ്പം ഓരം ചേർന്ന് യാത്ര തുടങ്ങി. ഇന്ന് ജീവനോളം സ്‌നേഹിക്കുന്ന നൃത്തത്തിനൊപ്പം അഭിനയവും സിനിമയും സ്ഥാനം പിടിച്ചുകഴിഞ്ഞു. ഓരോ സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഓരോ ജീവിതങ്ങൾ പോലെയാണ്. ഒരുപാട് സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു ഇടം കൂടിയാണ് ഇന്ന് സിനിമ. കുറുക്കനും കൊറോണ ധവാനുമാണ് ശ്രുതിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ശ്രുതി ജയൻ സംസാരിച്ചുതുടങ്ങി.

കൊറോണ ധവാൻ  ദിനങ്ങൾ

സന്തോഷകരമായ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായ ഒരു സെറ്റായിരുന്നു കൊറോണ ധവാന്റേത്. നവാഗത സംവിധായകൻ സി.ഡി നിധിൻ അടക്കം ഒരുപാട് പുതിയ ടെക്‌നീഷ്യന്മാരുടെ അരങ്ങേറ്റം കൂടിയാണ് കൊറോണ ധവാനിലൂടെ സാധ്യമായത്. സിനിമയിൽ പറയുന്ന തൃശൂരിലെ ആളുർ എന്ന ഗ്രാമത്തിലെ ആനത്തടം എന്ന കൊച്ചുപ്രദേശത്തിലെ ആൾക്കാർക്കിടയിൽ നടക്കുന്ന ചില സംഭവങ്ങൾ ഹാസ്യരൂപത്തിൽ പറയുന്ന ചിത്രമാണ് കൊറോണ ധവാൻ. തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കാൻ സിനിമയ്ക്ക് കഴിഞ്ഞുവെന്നതിൽ അതിയായ സന്തോഷമുണ്ട്. കൊറോണ സമയത്ത് ആനത്തടം ഗ്രാമത്തിലെ ഗ്രാമവാസികൾക്ക് മദ്യം കിട്ടാതെയായപ്പോൾ അവിടെയുള്ളവരുടെ ജീവിതത്തിലുണ്ടായ ഉണ്ടായ ചില മാറ്റങ്ങളാണ് സിനിമയിൽ പറയുന്നത്. ഇത് തിയേറ്ററുകളിൽ വലിയ സ്വീകാര്യത ലഭി ച്ചു. ആ നാടും നാട്ടുകാരും കൊറോണ ധവാനായി ഒരുങ്ങുകയായിരുന്നു. കുറച്ചുദിവസത്തെ ഷൂട്ടായിരുന്നുവെങ്കിലും ആ ദിവസങ്ങൾ എല്ലാം സെലിബ്രേഷൻ മൂഡായിരുന്നു. സ്വപ്ന എന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ വേഷമായിരുന്നു എനിക്ക്.

 

 

നൃത്തവും  അഭിനയവും

നൃത്തവും അഭിനയവും ഒപ്പം കൊണ്ട് പോകാൻ ബുദ്ധിമുട്ടല്ലേയെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ നൃത്തം നിർത്തിവയ്ക്കുക എന്നത് എന്നെ സംബന്ധിച്ച് പാടുള്ള കാര്യമാണ്. നൃത്തം എന്റെ നിലനിൽപ്പാണ്. നൃത്തത്തിനായി ഞാൻ സമയം കണ്ടെത്താറുണ്ട്. അതൊരിക്കലും വിട്ടുകളയാൻ കഴിയില്ല. വർഷങ്ങളായി കൂടെയുള്ള നൃത്തത്തിനൊപ്പം അഭിനയവും ഒപ്പം ചേർന്നുവെന്ന് പറയുന്നതാവും ശരി. ഇനി രണ്ടും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് ആഗ്രഹം. രണ്ടിലും സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ സാധിക്കുന്നുണ്ട്.

യാദൃച്ഛികമായി  അങ്കമാലിക്കൊപ്പം

വളരെ യാദൃച്ഛികമായാണ് അങ്കമാലി ഡയറീസിന്റെ ഭാഗമാവുന്നത്. ഖാലിപേഴ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകൻ മാക്‌സ്‌വെൽ ജോസ് സുഹൃത്തായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അദ്ദേഹമാണ് എന്നോടുപോലും പറയാതെ എന്റെ ഫോട്ടോ അങ്കമാലി ടീമിന് അയയ്ക്കുന്നത്. അതുകണ്ടു അങ്കമാലി ടീം വിളിക്കുകയായിരുന്നു. അങ്കമാലിയിലൂടെ തുടക്കം കുറിച്ച ഒരു കൂട്ടം പുതുമുഖങ്ങൾക്ക് എല്ലാവർക്കും ഇന്ന് ഇൻഡസ്ട്രിയിൽ സ്‌പേസുണ്ട്.

വലിയ മാറ്റത്തിനൊപ്പമായിരുന്നു എന്റെ തുടക്കം

അങ്കമാലി ഡയറീസ് എന്ന ചിത്രം മലയാള സിനിമയുടെ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. ആ മാറ്റങ്ങളുടെ തുടക്കത്തിന് ഭാഗമാവാൻ സാധിച്ചുവെന്ന സന്തോഷമുണ്ട്. വളരെ റിയലിസ്റ്റിക്കായ സിനിമയുടെയും കഥാപാത്രത്തിന്റെയും ഭാഗമായി തുടങ്ങിയതുകൊണ്ടുതന്നെ എനിക്ക് സിനിമയിൽ മാറ്റം തോന്നുന്നില്ല. ഒരുപാട് നല്ല കണ്ടന്റുള്ള സിനിമകൾ സംഭവിക്കുന്നു. അതിനൊപ്പം ഇൻഡസ്ട്രി വലുതാവുന്നു. മറ്റ് ഇൻഡസ്ട്രികൾ വളരെ കൗതുകത്തോടെ നോക്കി കാണുന്ന ഇൻഡസ്ട്രിയാണ് മലയാളം ഇൻഡസ്ട്രി.

ആലീസ്  പുതുജീവനേകി

ചെയ്ത കഥാപാത്രങ്ങളെല്ലാം ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണെങ്കിലും ചില കഥാപാത്രങ്ങൾ നമുക്ക് നൽകുന്ന സംതൃപ്തി അതിനോടൊരു സ്‌നേഹം തോന്നിപ്പോകും. അങ്ങനെയുള്ള കഥാപാത്രമാണ് ആലീസ്. എനിക്കൊരു പുതു ജീവനേകിയ കഥാപാത്രമാണ് ആലീസ്. ആലീസ് ഇല്ലായിരുന്നെങ്കിൽ ഇന്നെനിക്ക് ഉണ്ടായ ഒന്നും സംഭവിക്കില്ലായിരുന്നു. അതുപോലെ ഏറെ പ്രിയപ്പെട്ട മറ്റൊരു കഥാപാത്രമാണ,് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ ജെസ്സി. വളരെ ബോൾഡായ ഒരു കഥാപാത്രമായതുകൊണ്ടുതന്നെ എന്നെ അങ്കമാലി കഴിഞ്ഞാൽ പിന്നീട് എല്ലാവരും ശ്രദ്ധിച്ച മറ്റൊരു കഥാപാത്രമാണ് ജെസ്സി. ജൂണിലെ മായ മിസ്സും. എനിക്കേറെ പ്രിയപ്പെട്ട ഒരു വേഷമാണ്. ഇപ്പോഴും ജൂണിലെ മായ മിസ്സിനെക്കുറിച്ച് ചോദിക്കുന്നവരുണ്ട്. അതുപോലെ തെലുങ്ക് വെബ് സീരീസിലെ സരോജയും പ്രിയപ്പെട്ട ഒരു വേഷമാണ്.  ചെയ്ത എല്ലാ കഥാപാത്രങ്ങളും എൻജോയ് ചെയ്തു ചെയ്യുന്നതുകൊണ്ടുതന്നെ എല്ലാം ഹൃദയത്തോട് ചേർന്നുനിൽക്കുന്നവയാണ്.

കോമഡി  എക്‌സ്‌പ്ലോർ ചെയ്യണം

ചെയ്തതിൽ കൂടുതലും ബോൾഡ് വേഷമായതുകൊണ്ടുതന്നെ എന്നെ അത്തരത്തിലാണ് പ്രേക്ഷകർ കൂടുതലും കണ്ടിരിക്കുന്നത്. എനിക്ക് ഹ്യൂമർ ചെയ്യാൻ ഇഷ്ടമാണ്. അത്തരത്തിലുള്ള കഥാപാത്രം വരണമെന്നൊരു ആഗ്രഹമുണ്ട്. അതുപോലെ ലീഡ് റോൾ ചെയ്യണമെന്നും സ്ത്രീകളുടെ കഥ പറയുന്ന സിനിമകളിൽ കഥ കൊണ്ടുപോകുന്ന വേഷത്തിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.

പുതിയ  പ്രതീക്ഷകളോടെ

ഓരോ ചുവടും ഒരായിരം പ്രതീക്ഷകളോടെയാണ്. ഈ യാത്രയിൽ അപ്രതീക്ഷിതമായ പലതുമാണ് ജീവിതത്തിൽ സംഭവിച്ചത്. അതെല്ലാം കൂടുതൽ സന്തോഷവും പൂർണ്ണതയുമാണ് തന്നിട്ടുള്ളത്. അതേപോലെ ഇനിയുള്ള ജീവിതത്തിൽ കൂടുതൽ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്. ഏതൊക്കെ കഥാപാത്രങ്ങളായിരിക്കും ഞാൻ ഇനിയുള്ള ജീവിതത്തിൽ എക്‌സ്‌പ്ലോർ ചെയ്യുക എന്ന എക്‌സൈറ്റ്‌മെന്റാണ് എനിക്ക് കൂടുതൽ. ഹോട്ട്സ്റ്റാറിനുവേണ്ടി ചെയ്ത ഹിന്ദി വെബ് സീരീസ് അടുത്തവർഷം റിലീസ് ചെയ്യും. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രോജക്ടാണ്.

ബിന്ദു പി.പി


LATEST VIDEOS

Top News