മമ്മൂട്ടിയെ കാണാന്‍ പറ്റുമെന്ന് വിചാരിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?
ഞാന്‍ വിശ്വസിക്കുന്ന ദൈവം ഉണ്ടെങ്കില്‍ അദ്ദേഹത്തെ കാണുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. മമ്മൂട്ടി എനിക്കെന്‍റെ മകനെപ്പോലെയാണ്. ഞാന്‍ മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തെ കണ്ടിട്ടേ പോകൂ എന്ന് ഉറപ്പിച്ചിരുന്നു.
മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം തുടങ്ങുന്നത് എപ്പോള്‍ മുതലാണ്?
ഞാന്‍ അദ്ദേഹത്തിന്‍റെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയിലെ മമ്മൂട്ടിയുടെ അഭിനയം കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആഗ്രഹം. മമ്മൂട്ടിയുടെ എല്ലാ സിനിമകളും തിയേറ്ററില്‍ പോയി തന്നെ കാണാറുണ്ട്. അത്രയ്ക്ക് ഇഷ്ടമാണ് അദ്ദേഹത്തിന്‍റെ അഭിനയം.
മമ്മൂട്ടിയെ കാണണമെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ എന്തായിരുന്നു പ്രതികരണം?
ഞാന്‍ എല്ലാവരോടും പറയും മമ്മൂട്ടിയെ കാണണം എന്നുള്ളതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം എന്ന.് കാണിച്ചുതരാം എന്ന് മാത്രമേ അവരെല്ലാം എനിക്ക് മറുപടി തന്നിട്ടുള്ളൂ. ഇവിടുള്ള എം.എല്‍.എയോട് പോലും ഞാന്‍ എന്‍റെയാഗ്രഹം പറഞ്ഞു.
മമ്മൂട്ടിയെ കണ്ടപ്പോള്‍ ആദ്യം എന്തായിരുന്നു തോന്നിയത്?
എന്‍റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. മമ്മൂക്ക നടന്നുവരുന്നതേ ഞാന്‍ കണ്ടുള്ളൂ. വന്നതും എന്നെ കെട്ടിപ്പിടിച്ചു. കുട്ടാ നിന്നെ കണ്ടതില്‍ ഇനിക്കൊരുപാട് സന്തോഷമായി എന്ന് ഞാന്‍ പറഞ്ഞു.
മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുത്തോ?
എടുത്തിരുന്നു. അതിപ്പോള്‍ എന്‍റെ വീടിന്‍റെ മുന്‍വശത്ത് എനിക്ക് ആദ്യം കാണാന്‍ പറ്റുന്ന സ്ഥലത്ത് വച്ചിട്ടുണ്ട്.
മമ്മൂക്കയെ കാണാനായി അമ്പലങ്ങളിലും പള്ളികളിലും വഴിപാടുകള്‍ നേര്‍ന്നിരുന്നതായി കേട്ടിരുന്നല്ലോ...?
സത്യമാണ്. അന്ന് ഞങ്ങള്‍ കണ്ട ദിവസം മമ്മൂക്ക എനിക്ക് പതിനായിരം രൂപ തന്നിരുന്നു. അത് ഞാന്‍ ഒരു രൂപ പോലും ബാക്കി വയ്ക്കാതെ എല്ലാം അമ്പലങ്ങള്‍ക്കും, പള്ളികള്‍ക്കും കൊടുത്തു. മമ്മൂട്ടിയെ കാണാന്‍ വേണ്ടിയായിരുന്നല്ലോ ഞാന്‍ നേര്‍ച്ച നേര്‍ന്നത്. അപ്പോള്‍ ആ പൈസ മുഴുവന്‍ ഞാന്‍ അങ്ങോട്ട് കൊടുക്കണമല്ലോ.
മമ്മൂട്ടിയുടെ ഏറ്റവും അവസാനം കണ്ട സിനിമയേതാണ്?
ജയറാമിന്‍റെ കൂടെയുള്ള 'ഓസ്ലര്‍' ഞാന്‍ കണ്ടിരുന്നു. പിന്നെ കണ്ടത് ഭ്രമയുഗമാണ്.