നടൻ വിജയ് രാഷ്ട്രീയപ്രവേശനത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണല്ലോ! ഇതിന്റെ ഭാഗമായി ചെന്നൈയിൽ ഈയിടെ വിജയ് മക്കൾ ഇയക്കത്തിന്റെ വനിതാ വിഭാഗത്തിന്റെ യോഗം നടക്കുകയുണ്ടായി. യോഗത്തിനൊടുവിൽ അംഗങ്ങളിൽ ചിലർ വിജയിനെ നേരിൽ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആരാധക സംഘടനയുടെ സെക്രട്ടറിയായ ബുസ്സി ആനന്ദ് വിജയ് നാട്ടിൽ ഇല്ല എന്നറിയിച്ചതോടെ വനിതാ അംഗങ്ങളിൽ ചിലർ, 'ഞങ്ങൾ വിജയ്‌യുടെ വലിയ ആരാധികകളാണെന്ന്' ശബ്ദം ഉയർത്തി പറയുകയുണ്ടായത്രേ!
സംഘടനാ അംഗങ്ങൾ ഇങ്ങിനെ ശബ്ദം ഉയർത്തി 'വിജയ്' എന്ന് പറഞ്ഞത് ബുസ്സി ആനന്ദിനെ ചൊടിപ്പിച്ചു എന്നാണു പറയപ്പെടുന്നത്. ഇതിനെ തുടർന്ന് ബുസ്സി ആനന്ദ് വിജയിനെ പേരെടുത്തു വിളിക്കരുത്, 'ദളപതി' എന്ന് അഭിസംബോധന ചെയ്‌താൽ മതി എന്ന് സംഘടനാ അംഗങ്ങൾക്ക് കർശനമായി നിർദ്ദേശം നൽകി എന്നാണു റിപ്പോർട്ട്! ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ അടക്കം ട്രോളുകൾ നിറയുന്നുണ്ട്. വിജയ്‌യുടെ 'ലിയോ' എന്ന ചിത്രം റിലീസിനൊരുങ്ങി വരുന്ന സാഹചര്യത്തിലും, അടുത്ത് വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ വിജയ് തയാറെടുപ്പ് നടത്തി വരുന്ന സാഹചര്യത്തിലാണ് ചെന്നൈയിൽ ഇങ്ങിനെയൊരു സംഭവം അരങ്ങേറിയിരിക്കുന്നത്.