NEWS

കോളിവുഡിൽ സ്ട്രൈക്ക്... ആഗസ്റ്റ്-16 മുതൽ പുതിയ തമിഴ് സിനിമകളുടെ ഷൂട്ടിങ്ങ് നിർത്തിവെക്കും

News

ഒരുപാട് കാലമായി തമിഴ് സിനിമയിൽ പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങളുണ്ട്. അതിനായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷന്റെ ഭാരവാഹികൾ തമിഴ്‌നാട് തിയേറ്റർ, മൾട്ടിപ്ലക്‌സ് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷന്റെ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ഇന്നലെ ചെന്നൈയിൽ നടക്കുകയുണ്ടായി. ഈ യോഗത്തിൽ എടുത്തിരിക്കുന്ന ചില സുപ്രധാന തീരുമാനങ്ങളുടെ വിവരം ഇങ്ങിനെയാണ്‌. 1.മുൻനിര നായകന്മാർ അഭിനയിച്ച സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് 8 ആഴ്ച കഴിഞ്ഞേ OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ പാടുകയുള്ളൂ. 2. ചില മുൻനിര അഭിനേതാക്കളും, നടിമാരും, സാങ്കേതിക വിദഗ്ധരും കരാറിൽ ഒപ്പു വെച്ചതിനനുസരിച്ച് സിനിമകളിൽ പ്രവർത്തിക്കാതെ, പുതിയ നിർമ്മാണ കമ്പനികൾ നിർമ്മിക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കാനും, പ്രവർത്തിക്കാനും ശ്രമിക്കാറുണ്ട് ഇത് നിർമ്മാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഭാവിയിൽ നിർമ്മാതാവിൽ നിന്ന് അഭിനേതാക്കളും മറ്റ് സാങ്കേതിക പ്രവർത്തകരും അഡ്വാൻസ് വാങ്ങിയാൽ ആദ്യം ആ സിനിമ പൂർത്തിയാക്കിയ ശേഷമേ അടുത്ത ചിത്രങ്ങളിലേക്ക് പോകുവാൻ പാടുകയുള്ളൂ. 3.നടൻ ധനുഷ് നിരവധി നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് തുക കൈപ്പറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ധനുഷ് വേറെ ചില ചിത്രങ്ങളിൽ അഭിനയിക്കാൻ കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് ആദ്യം അഡ്വാൻസ് തുക കൈപ്പറ്റിയിട്ടുള്ള നിർമ്മാതാക്കളുടെ ചിത്രങ്ങളിൽ അഭിനയിച്ചു കൊടുക്കണം. ഇല്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കും. 4. ഒരുപാട് സിനിമകൾ നിർമ്മാണം പൂർത്തിയായി തിയേറ്ററുകൾ ലഭ്യമാകാത്ത കാരണം മുടങ്ങി കിടക്കുകയാണ്. അതിനാൽ മുടങ്ങി കിടക്കുന്ന ചിത്രങ്ങൾ റിലീസ് ചെയ്യാനായി ഓഗസ്റ്റ്-16 മുതൽ പുതിയ സിനിമകളുടെ പ്രദർശനം താൽക്കാലികമായി നിർത്തിവെക്കും. 5.തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഇപ്പോൾ ചിത്രീകരിക്കുന്ന സിനിമകളുടെ വിവരങ്ങൾ അതിന്റെ നിർമ്മാതാക്കൾ കത്ത് മുഖേന കൃത്യമായി അറിയിക്കണം. ഈ ചിത്രങ്ങളുടെ ചിത്രീകരണം ഒക്‌ടോബർ മാസം 30-നകം പൂർത്തിയാക്കുകയും വേണം. 6.അഭിനേതാക്കളുടെയും, നടിമാരുടെയും, സാങ്കേതിക വിദഗ്ധരുടെയും ശമ്പളവും മറ്റ് ചെലവുകളും അനിയന്ത്രിതമായി ഉയർന്നിട്ടുണ്ട്. അത് പുനഃക്രമീകരിക്കേണ്ടതുണ്ട്. അതിനാൽ, 1.11.2024 മുതൽ തമിഴ് സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവെക്കും. 7.സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ഭാവിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിർമ്മാതാക്കളും, വിതരണക്കാരും, തിയേറ്റർ ഉടമകളും ഉൾപ്പെടെയുള്ള ഒരു ജോയിൻ്റ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു പ്രശ്നങ്ങൾ തീർത്തുവെക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇങ്ങിനെ ഏഴു തീരുമാനങ്ങളാണ് പ്രസ്താവനയായി ഇറക്കിയിരിക്കുന്നത്. ഇതിനാൽ തമിഴ് സിനിമാ ലോകം കുറച്ചു കാലത്തേക്ക് മുടങ്ങും എന്ന ഭീതിയിലാണ് സിനിമാ ആരാധകരും, നിർമ്മാതാക്കളും, നടീനടന്മാരും, സാങ്കേതിക പ്രവർത്തകരും.


LATEST VIDEOS

Top News