നിഥിന്‍ തോമസിന്‍റെ ആദ്യസിനിമ ഏതായിരുന്നു? എങ്ങനെയാണ് സിനിമാരംഗത്തേയ്ക്ക് എത്തിയത്?
എന്‍റെ ആദ്യ സിനിമ ലിറ്റില്‍ മാസ്റ്ററാണ്. 2012 ല്‍ ആയിരുന്നു അത്. സംവിധായകന്‍ രാജേന്ദ്രന്‍. മഹേഷ് മിത്ര എന്നൊരു എഴുത്തുകാരന്‍ വഴിയായിരുന്നു ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്.(അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) സിനിമയില്‍ ചാന്‍സ് ചോദിക്കുന്നതുവഴി ഫെയ്സ്ബുക്കിലെ സിനിമാഗ്രൂപ്പില്‍ പലരോടും ചാന്‍സ് ചോദിച്ചു. ഇദ്ദേഹത്തിനും എഫ്.ബിയില്‍ ഒരു കമന്‍റിട്ടപ്പോള്‍ നേരില്‍ കാണാന്‍ പറഞ്ഞു. ആ കൂടിക്കാഴ്ചയാണ് സിനിമയിലേക്കുള്ള വഴിതുറന്നത്.
ഏറ്റവും പുതിയ സിനിമ?
ജമീലാന്‍റെ പൂവന്‍കോഴിയാണ് പുതിയ സിനിമ.
അഭിനയിച്ച മറ്റ് സിനിമകള്‍?
രണ്ടാമത്തെ സിനിമ തമിഴില്‍ വന്ന നിശ്ശബ്ദം. ആഹ, സല്യൂട്ട്, ക്രിസ്റ്റഫര്‍, തുണ്ട് തുടങ്ങിയവാണ് തുടര്‍ന്ന് ചെയ്തവ. ഡൂഡി എന്നൊരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ വരുംമുന്‍പുള്ള അഭിനയപരിചയം?
ഒരുപാട് ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ ചില പരസ്യങ്ങളും ചെയ്തിട്ടുണ്ട്. 2006-2009 കാലഘട്ടത്തില്‍ ഞാന്‍ ഗ്രാജുവേഷന്‍ ചെയ്തത് ചങ്ങനാശ്ശേരിയിലാണ്. മീഡിയ വില്ലേജില്‍ അനിമേഷനും മള്‍ട്ടിമീഡിയയും പഠിച്ചു. എന്‍റെ സീനിയറായി പഠിച്ച ഒരു വിദ്യാര്‍ത്ഥി വളരെ അപ്രതീക്ഷിതമായി ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്ന കാര്യം പറയുകയുണ്ടായി. ധാരാളം ഓഡിഷനില്‍ പങ്കെടുത്തു. തമിഴിലെ പ്രശസ്ത നടന്മാരായ നാസര്‍, വിജയ് സേതുപതി, പശുപതി തുടങ്ങിയവര്‍ ഉള്‍പ്പെടെ പലരും പഠിച്ചിട്ടുള്ള 'കൂത്ത് പട്ടര്' എന്ന നാടകക്കമ്പനിയിലായിരുന്നു എന്‍റെ അഭിനയപഠനം.
അഭിനയരംഗത്ത് ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരനുഭവം?
ക്രിസ്റ്റഫര്‍ സിനിമയില്‍ മമ്മുക്കയുടെ കഥാപാത്രത്തിന് കീഴില്‍ നില്‍ക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായി ക്യാരക്ടര്‍ റോള്‍ ചെയ്യാന്‍ സാധിച്ചിരുന്നു. 'സ്ട്രഗിളാണ്' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മമ്മുക്ക ചിരിച്ചുകൊണ്ട് അതിന് മറുപടിയായി പറഞ്ഞു. 'എല്ലാവരും സ്ട്രഗിളിംഗ് തന്നെയാണ്, അദ്ദേഹത്തിന്‍റെ ആ മറുപടിയും എനിക്ക് തന്ന ഹസ്തദാനവും ഒക്കെ വലിയ സന്തോഷമായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.