പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ പ്രശസ്തി നേടിയ നടി സുമി റാഷിക് ദുർഗ്ഗാ ദേവിയായി.
തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ് സുമി റാഷിക്
ഭക്തിയും ഈശ്വരന്റെ ശക്തിയുമില്ലാതെ ജീവിതമില്ല എന്നു വിശ്വസിക്കുന്നു സുമി. പലപ്പോഴായി പല ഫോട്ടോഷൂട്ടുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ നവരാത്രി സ്‌പെഷ്യലായി അവതരിപ്പിച്ച ഫോട്ടോഷൂട്ട് പ്രത്യേകത അർഹിക്കുന്ന ഒന്നായി മാറിയെന്ന് സുമി അവകാശപ്പെടുന്നു.
ഇത്തരമൊരു വെറൈറ്റി ഫോട്ടോയെടുക്കാൻ തീരുമാനിക്കുമ്പോൾ ഈ ആശയം ഭർത്താവ് റാഷിക്കിന് കൈമാറി. സീരിയലായാലും സിനിമയായാലും അഭിനയവേദിയിൽ നല്ല കഥാപാത്രങ്ങളിലൂടെ നല്ല പ്രകടനം കാഴ്ച വയ്ക്കാൻ എപ്പോഴും സഹകരിക്കുകയും ചെയ്യാറുളള റാഷിക്കിന്റെ പൂർണ്ണ പിൻന്തുണ ലഭിച്ചതോടെ സുമിക്ക് പിന്നെ ആവേശമായി.
ദുർഗ്ഗാഷ്ടമിയാണ് ഈ ഞായറാഴ്ച. ദുർഗ്ഗാദേവിയെ അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ചിത്രങ്ങളിലും പ്രതിഷ്ഠ യിലുമൊക്കെ കാണാറുളള പോലെ ചമയ ഭംഗിയോടെ, ആഭരണങ്ങളും വേഷങ്ങളുമണിഞ്ഞ്, കൈയ്യിൽ തൃശൂലമേന്തി രൗദ്രഭാവത്തോടെ വരുന്ന ദേവിയെ സുമി അവതരിപ്പിച്ചപ്പോൾ പങ്കെടുത്തവരും കണ്ടവരും അനുമോദിക്കുകയുണ്ടായി.
ഇത്തരമൊരു ഷൂട്ടിനെക്കുറിച്ച് ആരായുമ്പോൾ സുമി പറഞ്ഞു.
ഒരാഴ്ച ഞങ്ങളെല്ലാവരും വ്രതമെടുത്തിട്ടാണ് ഈ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഈ ഫോട്ടോഷൂട്ടിന് ''കാലിക'' എന്നും പേരിട്ടു. പശ്ചാത്തല സംഗീതമൊരുക്കി, പാട്ടുണ്ട്. ദേവിയായി അണിഞ്ഞൊരുങ്ങി വരാനും മേക്കപ്പ് ചെയ്യാനും അഞ്ചര മണിക്കൂർ സമയമെടുത്തു. വൈകുന്നേരം അഞ്ചുമണിക്ക് മേക്കപ്പ് തുടങ്ങിയിരുന്നു. അത് പൂർണ്ണമായി അവസാനിക്കുമ്പോൾ രാത്രി പത്തരമണി കഴിഞ്ഞിരുന്നു. ഷൂട്ട് കഴിയുമ്പോൾ വെളുപ്പിന് അഞ്ചുമണി. ഏകദേശം അര ദിവസം വേണ്ടിവന്നുവെന്ന് സാരം.
ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ വർക്ക് അദ്ധ്വാനമുളളതായിരുന്നു. എന്റെ മാത്രമല്ല, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അജിത്ത് അരവിന്ദൻ, ബിന്ദു, മിനി, മധുസൂദനക്കുറുപ്പ്, ശ്യാം തിരുവല്ല, ശ്രുതീഷ് ചേർത്തല, ശ്യാം പാലക്കാട്, സിനിമാട്ടോഗ്രാഫി & എഡിറ്റിംഗ് റെജിൻ സി. ആർ തുടങ്ങി പലരുടെയും ശ്രമകരമായ ജോലി ഇതിന്റെ പിന്നിലുണ്ടെന്നുളള കാര്യം നന്ദിപൂർവ്വം ഞാനോർക്കുന്നു എന്തായാലും വായനക്കാർക്കെല്ലാം നവരാത്രി ആശംസകൾ.
ജി.കെ