തമിഴിൽ 'രാജാ റാണി', 'തെറി', 'മെർസൽ', 'ബിഗിൽ' തുടങ്ങിയ ഹിറ്റ് സിനിമകൾ നൽകിയ സംവിധായകനാണ് അറ്റ്‌ലി .ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ 'ജവാൻ' എന്ന ഹിന്ദി ചിത്രവും വൻ വിജയമായിരുന്നു. 'എ ഫോർ ആപ്പിൾ സ്റ്റുഡിയോസ്' എന്ന പേരിൽ ഒരു സിനിമാ നിർമ്മാണ കമ്പനിയും നടത്തുന്ന അറ്റ്‌ലി ഈ കമ്പനിയിലൂടെ 'ശങ്കിലി പുങ്കിലി കഥവെ തോറ' 'അന്ധകാരം' എന്നീ തമിഴ് ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. ഇപ്പോൾ തന്റെ പ്രൊഡക്ഷൻ കമ്പനിയിലൂടെ വരുൺ ധവാനൊപ്പം ചേർന്ന് 'തെറി' എന്ന ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്തു നിർമ്മിച്ചു വരികയാണ് അറ്റ്‌ലി. 'തെറി' ഹിന്ദി റീമേക്ക് ചെയ്യുന്നത് തമിഴ് സിനിമാ സംവിധായകനായ കാളീസ് ആണ്. ഈ ചിത്രത്തിൽ കീർത്തി സുരേഷും ഒരു കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിനെ തുടർന്ന് തമിഴിൽ രണ്ട് ചിത്രങ്ങളും, തെലുങ്കിൽ ഒരു ചിത്രവും നിർമ്മിക്കാനിരിക്കുകയാണ് അറ്റ്‌ലി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അറ്റ്‌ലി പറഞ്ഞിട്ടുണ്ട്.