തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേതായി മലയാളത്തിൽ അവസാനമായി പുറത്തു വന്ന ചിത്രം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'ഗോൾഡ്' ആണ്. അതുപോലെ തമിഴിൽ 'കണക്ട്' എന്ന ചിത്രവുമാണ്. ഈ ചിത്രങ്ങളെ തുടർന്ന് നയൻതാര ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകൾ അറ്റ്ലി സംവിധാനം ചെയ്തു വരുന്ന ഹിന്ദി ചിത്രമായ 'ജവാനും', 'ജയം' രവി നായകനാകുന്ന 'ഇറൈവൻ' എന്ന തമിഴ് ചിത്രവുമാണ്.ഇവ ഒന്നിന് പുറകെ ഒന്നായി തിയേറ്ററുകളിലെത്താനിരിക്കുന്ന സാഹചര്യത്തിൽ നയൻതാര 2 പുതിയ തമിഴ് ചിത്രങ്ങളിൽ അഭിനയിക്കാനിരിക്കുന്ന വിവരം ലഭിച്ചിട്ടുണ്ട്. അതിൽ ഒന്ന് മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന സിനിമയാണ്. നയൻതാരയും, ധനുഷും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ 'യാരടി മോഹിനി' എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് മിത്രൻ ജവഹർ. മറ്റൊരു ചിത്രം മോഹൻരാജ സംവിധാനം ചെയ്യുന്ന സിനിമയാണെന്നാണ് റിപ്പോർട്ട്. ഈയിടെ തെലുങ്കിൽ പുറത്തുവന്ന, ചിരഞ്ജീവിയും, നയൻതാരയും ഒന്നിച്ചഭിനയിച്ച 'ഗോഡ് ഫാദർ' (മലയാള 'ലൂസിഫർ' റീമേക്ക്...) സംവിധാനം ചെയ്ത സംവിധായകനാണ് മോഹൻരാജ. ഇദ്ദേഹം അടുത്ത് ഒരുക്കുവാൻ പോകുന്ന ചിത്രം 'തനി ഒരുവന്റെ' രണ്ടാം ഭാഗമാണത്രെ! മോഹൻരാജ തന്നെ സംവിധാനം ചെയ്തു ജയം രവിയും, നയൻതാരയും ഒന്നിച്ചഭിനയിച്ചു സൂപ്പർ ഹിറ്റായ ചിത്രമാണ് 'തനി ഒരുവൻ'. ഇപ്പോൾ അതിന്റെ രണ്ടാം ഭാഗത്തിലും അതേ ജോഡി തന്നെയാണ് ഒന്നിച്ചഭിനയിക്കുന്നത് എന്നാണു പറയപ്പെടുന്നത്. മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന സിനിമയിൽ ആരാണ് നായകനാകുന്നത് എന്ന വിവരം പുറത്തുവന്നിട്ടില്ല.ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന ഈ സിനിമകളുടെ ഒഫീഷ്യൽ പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്.