തമിഴിൽ തുടർന്ന് ഹിറ്റ് ചിത്രങ്ങൾ നൽകിവരുന്ന വനിതാ സംവിധായികയാണ് സുധ കൊങ്കര. അവർ സംവിധാനം ചെയ്ത 'ഇരുതി സുട്രു', 'സൂരറൈ പൊട്രു' എന്നീ ചിത്രങ്ങൾ അവർക്ക് വലിയ പേരുണ്ടാക്കി. ഈ ചിത്രങ്ങളെ തുടർന്ന് അവർ സംവിധാനം ചെയ്തു ഈയിടെ റിലീസായ 'പരാശക്തി' എന്ന ചിത്രവും 100 കോടിയിലധികം കളക്ഷൻ നേടി വിജയം തുടരുകയാണ്.
ആദ്യം ഈ ചിത്രം സൂര്യയെ നായകനാക്കി 'പുറനാനൂറു' എന്ന പേരിൽ സംവിധാനം ചെയ്യാനിരുന്നതായിരുന്നു സുധ കൊങ്കര. എന്നാൽ പെട്ടെന്ന് ഈ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി. . അതിനുശേഷം, മറ്റ് ചില നായകന്മാരെ ഈ ചിത്രത്തിന് വേണ്ടി സുധ കൊങ്കര സമീപിക്കുകയും ഒടുവിൽ ശിവകാർത്തികേയനെ നായകനാക്കി ചിത്രം പൂർത്തിയാക്കി റിലീസ് ചെയ്യുകയും ചെയ്തു.
ചിത്രത്തിന്റെ കഥ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് സൂര്യയും, സുധ കൊങ്കരയും വേർപിരിഞ്ഞതെങ്കിലും ഇപ്പോഴും ഇരുവരും യാതൊരു സംഘർഷവുമില്ലാതെ സൗഹാർദ്ദപരമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സുധ കൊങ്കര അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകനാകുന്നത് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.
സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം ആർ.ജെ.ബാലാജി സംവിധാനം ചെയ്തിരിക്കുന്ന 'കറുപ്പ്' ആണ്. ഈ സിനിമയെ തുടർന്ന് തെലുങ്ക് സംവിധായകൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും, 'ആവേശം' ഫെയിം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലുമാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ അഭിനയിക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.