തമിഴിൽ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തു വരുന്ന സംവിധായകനാണ് വെട്രിമാരൻ. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യ അഭിനയിക്കാൻ കമ്മിറ്റ് ചെയ്ത ചിത്രമാണ് 'വാടിവാസൽ'. തമിഴിലെ പ്രശസ്ത എഴുത്തുകാരനായ സി. എസ്.ചെല്ലപ്പ എഴുതിയ ഒരു നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'വാടിവാസൽ'. ഈ ചിത്രത്തിന്റെ പ്രഖ്യാപനം 2020-ലാണ് നടന്നത്. ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ 'കലൈപുലി' എസ്. താണു നിർമ്മിക്കുമെന്നും. ജി.വി.പ്രകാഷ് ചിത്രത്തിന് സംഗീതം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് ശേഷം സൂര്യ ഒരു കാളയുമായി കുറച്ചു ദിവസങ്ങൾ ചിത്രത്തിന് വേണ്ടി ജെല്ലിക്കെട്ട് പരിശീലനം നേടുകയും ചെയ്തു.
എന്നാൽ അതിന് ശേഷം ചിത്രത്തെ കുറിച്ചുള്ള യാതൊരു അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇതിന് കാരണം വെട്രിമാരൻ 'വിടുതലൈ' എന്ന സിനിമയുടെ ജോലികളിൽ ഏർപ്പെട്ടതും, പിന്നീട് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുവാൻ തീരുമാനിച്ചതുമാണ്. ഇപ്പോൾ 'വിടുതലൈ'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. അതിനാൽ 'വാടിവാസൽ' മുടങ്ങി കിടക്കുകയാണ്. അതേ സമയം സൂര്യ ഈ ചിത്രത്തിനായി ഏകദേശം 4 വർഷത്തോളമാണ് കാത്തിരുന്നത്. 'വാടിവാസൽ' ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ നടന്നു വന്ന സാഹചര്യത്തിലാണ് സൂര്യ 'വണങ്ങാൻ', 'ഗംഗുവ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാൻ തീരുമാനിച്ചത്. ഇതിൽ 'വണങ്ങാൻ' ചിത്രത്തിന്റെ സംവിധായകനായ ബാലയുമായി സൂര്യക്കുണ്ടായ അഭിപ്രായവ്യത്യാസം കാരണം ഈ ചിത്രത്തിൽ നിന്നും സൂര്യ പിന്മാറി. അതിന് ശേഷമാണ് 'ഗംഗുവ' തുടങ്ങിയതും, ഇപ്പോൾ റിലീസിനൊരുങ്ങി വരുന്നതും. ഈ സാഹചര്യത്തിൽ കൂടി 'വാടിവാസൽ' എപ്പോൾ തുടങ്ങും എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ലാത്ത കരണത്തിനാൽ ഈ ചിത്രത്തിൽ നിന്നും സൂര്യ പിന്മാറാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. ഈയിടെ സൂര്യ വെട്രിമാരനുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഇക്കാര്യത്തിൽ സൂര്യ തീരുമാനമെടുത്തിരിക്കുന്നത് എന്നാണ് സൂചന. സൂര്യ പിന്മാറാൻ തീരുമാനിച്ചതിനാൽ പകരം മറ്റൊരു നടനെ തിരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് സംവിധായകൻ വെട്രിമാരൻ എന്നും പറയപ്പെടുന്നുണ്ട്. അതിൽ ധനുഷ് ആണത്രേ വെട്രിമാരന്റെ ആദ്യത്തെ ചോയ്സ്. അതേ സമയം സൂരിയും ആ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ടത്രെ. ഇതിന് കാരണം 'വിടുതലൈ'യിലെ സൂരിയുടെ അഭിനയത്തിൽ ആകൃഷ്ടനായ വെട്രി മാരൻ 'വാടിവാസ'ലിലും സൂരിയെ നായകനാക്കാൻ സാധ്യതയുണ്ട് എന്നാണു പറയപ്പെടുന്നത്. ഇങ്ങിനെ 'വണങ്ങാൻ', 'വാടിവാസൽ' എന്നീ ചിത്രങ്ങളിൽ നിന്ന് സൂര്യ പിന്മാറിയതു കുറിച്ചുള്ള വാർത്തകളാണ് കോളിവുഡിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.