തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യ അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ഗംഗുവ'യാണ്. 'സിരുത്തൈ' ശിവ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി അവസാന ഘട്ട ജോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രം ഒക്ടോബർ 10-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതേ ദിവസം രജനികാന്തിൻ്റെ 'വേട്ടൈയ്യൻ' റിലീസാകുന്നതിനാൽ 'ഗംഗുവ'യുടെ റിലീസ് തീയതി ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്. ഈ സിനിമയ്ക്ക് ശേഷം സൂര്യയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം കാർത്തിക് സുബുരാജ് സംവിധാനം ചെയ്തു വരുന്ന പേരിടാത്ത ചിത്രമാണ്. ഇതിന്റെ ചിത്രീകരണം ഇപ്പോൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ബോളിവുഡിൽ മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങി വൻ വിജയമായ 'ധൂമി'ൻ്റെ നാലാം ഭാഗത്തിൽ സൂര്യ വില്ലനായി അഭിനയിക്കാനിരിക്കുകയാണ് എന്നുള്ള വാർത്ത ബോളിവുഡിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ചു സൂര്യയുമായി ചർച്ചകൾ നടന്നതായും ഉടൻ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പറയപ്പെടുന്നുണ്ട്. 2013-ലാണ് 'ധൂമി'ന്റെ മൂന്നാം ഭാഗം റിലീസായത്. ഇതിൽ അഭിഷേക് ബച്ചൻ, ആമീർഖാൻ, ഉദയ് ചോപ്ര, കത്രീന കൈഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചിരുന്നു. ബോളിവുഡിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ യാഷ് രാജ് ഫിലിംസാണ് നാലാം ഭാഗം നിർമ്മിക്കുന്നത്. രണ്ടും മൂന്നും ഭാഗങ്ങൾക്ക് കഥ ഒരുക്കിയ ആദിത്യ ചോപ്ര തന്നെയാണത്രെ നാലാം ഭാഗത്തിനും കഥ എഴുതുന്നത്. ഈയിടെ പുറത്തിറങ്ങിയ അക്ഷയ്കുമാർ നായകനായ 'സർബിര' എന്ന ഹിന്ദി ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴിൽ സൂര്യ നായകനായി അഭിനയിച്ച് സൂപ്പർഹിറ്റായ 'സൂരറൈ പോട്രു' എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു 'സർബിര'. എന്നാൽ ഹിന്ദിയിൽ ഈ ചിത്രം വൻ പരാജയമായിരുന്നു. ഇതിന് മുൻപ് സൂര്യ, '24' എന്ന ചിത്രത്തിലും, കമൽഹാസൻ നായകനായി വന്ന 'വിക്രം' എന്ന ചിത്രത്തിലും വില്ലനായി അഭിനയിച്ചിട്ടുണ്ട്. അതിനാൽ ധൂമിന്റെ നാലാം ഭാഗത്തിൽ സൂര്യ വില്ലനായി എത്തുമെന്നുതന്നെയാണ് റിപ്പോർട്ട്.