തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന സിനിമ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്തിരിക്കുന്ന ‘റെട്രോ’യാണ്. മെയ് മാസം 1-ന് ഈ ചിത്രം റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഒരു വക്കീലിൻ്റെ വേഷത്തിലാണ് സൂര്യ അഭിനയിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഈ സിനിമക്ക് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കാനിരിക്കുന്നത്. ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുൻപ് ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ഇപ്പോൾ സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതും 'വാടിവാസൽ' ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകനായി വേൽരാജും, സംഗീത സംവിധായകനായി ജി.വി.പ്രകാശും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിൽ സൂര്യക്കൊപ്പം കഥാനായകിയായി അഭിനയിക്കുന്നത് മലയാളി നടിയായ ഐശ്വര്യ ലക്ഷ്മിയാണെന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിന് മുൻപ് 'ആക്ഷൻ', 'ക്യാപ്റ്റൻ' 'പൊന്നിയിൻ സെൽവൻ', 'ഗട്ട ഗുസ്തി', തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ഐശ്വര്യ ലക്ഷ്മി അഭിനയിയിച്ചിട്ടുണ്ട്. 'വെട്രിമാരൻ' ഒരുക്കിയ 'വിടുതലൈ' എന്ന ചിത്രം പോലെത്തന്നെ 'വാടിവാസൽ' എന്ന ചിത്രവും രണ്ടു ഭാഗങ്ങളായാണ് ഒരുക്കാൻ പോകുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ഈ ഘട്ടത്തിലാണ് ചിത്രത്തിലെ നായികയെ കുറിച്ചുള്ള വിവരം പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകൾ ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. സു.വെങ്കടേശൻ എഴുതിയ നോവലിനെ ആസ്പതമാക്കിയുള്ളതാണ് ഈ ചിത്രം എന്നും, ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാതാവായ 'കലൈപ്പുലി' എസ്. ദാണുവാണ് എന്നുള്ളതും എല്ലാവർക്കും അറിയാവുന്ന വാർത്തയാണ്.