NEWS

ലക്കി ഭാസ്‌ക്കർ' സംവിധായകന്റെ ചിത്രത്തിൽ സൂര്യ...

News

'കങ്കുവ' എന്ന ചിത്രത്തിന് ശേഷം സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം കാർത്തിക് സുബുരാജ് സംവിധാനം ചെയ്തിരിക്കുന്ന 'റെട്രോ'യാണ്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞതിനെ തുടർന്ന് സൂര്യ ഇപ്പോൾ ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന തൻ്റെ 45-ാമത്തെ ചിത്രത്തിലാണ് അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് അടുത്തതായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കാനിരിക്കുന്നത്. എന്നാൽ ആർ.ജെ.ബാലാജി സംവിധാനം ചെയ്തു വരുന്ന ചിത്രത്തിന് ശേഷം മലയാള സിനിമാ സംവിധായകനായ അമൽ നീരദ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാനും സൂര്യ അദ്ദേഹവുമായി ചർച്ചകൾ നടത്തി വരുന്നുണ്ടെന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. തമിഴ്, മലയാളം എന്നീ രണ്ടു ഭാഷകളിലായി ചുരുങ്ങിയ കാലയളവിൽ അതായത് ഏകദേശം 40 ദിവസങ്ങൾക്കുള്ളിൽ എടുക്കാൻ പദ്ധതിയിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് 'വാത്തി', 'ലക്കി ഭാസ്‌കർ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ സൂര്യ ഒരുങ്ങുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇതിനായി ഈ ചിത്രം നിർമ്മിക്കുന്ന 'സിതാര എൻ്റർടെയ്ൻമെൻ്റ്' സ്ഥാപകനായ നാഗവംശി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചകൾ നടത്തിയെന്നും, ഇപ്പോൾ ഈ പ്രൊജക്റ്റ് ഉറപ്പായി എന്നുമാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. ഈ ചിത്രം ഇന്ത്യയിൽ ആദ്യമായി എഞ്ചിൻ എങ്ങനെ വികസിപ്പിച്ചെടുത്തു എന്നതിനെ ചുറ്റിപ്പറ്റിയുള്ള കഥയായിട്ടാണത്രെ ഒരുങ്ങുന്നത് എന്നും, ചിത്രത്തിന് '760 സിസി' എന്നാണ് പേരിട്ടിരിക്കുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം എപ്പോൾ തുടങ്ങും എന്നതിനെ കുറിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല.


LATEST VIDEOS

Top News