കൊച്ചി : സിനിമാ സംഗീതത്തിൻ്റെ പുതുവഴികളിൽ നീങ്ങുന്ന പുതുതലമുറയുടെ ചങ്കിലും ഉറങ്ങുന്നുണ്ട് തൻ്റെ മധുര സ്വരവും ആലാപന സൗന്ദര്യവുമെന്ന് 87 ആം വയസിലും തെളിയിച്ച് പി. സുശീല. ലോക സംഗീതദിനത്തിൽ സെന്റ് തെരേസാസ് കോളേജും യുണൈറ്റഡ് കൾച്ചറൽ ഓർഗനൈസേഷനും (യുണികോ) സംഘടിപ്പിച്ച പരിപാടി സുശീലാമ്മയുടെ സാന്നിധ്യവും സംഗീതവും കൊണ്ട് ധന്യമായി. നൗഷാദിൻ്റെ ഈണത്തിൽ ധ്വനി എന്ന മലയാള ചിത്രത്തിൽ 1988ൽ പാടിയ "ജാനകീ ജാനേ....' എന്ന പ്രിയഗാനം സുശീലാമ്മ ആവർത്തിക്കവേ സദസ്സൊന്നാകെ എല്ലാം മറന്നു കാതോർത്തു. 'കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന...' എന്ന അടുത്ത പാട്ടിലേക്ക് കടന്നതും സദസ്സിന്റെ സ്‌നേഹം കൈയടിയായി നീണ്ടു. ഇനിയും പാടാൻ തോന്നുന്നുവെന്ന് പറഞ്ഞ് ചിരിച്ചു സുശീലാമ്മ.
പ്രിയതമാ.., അമ്പാടിപ്പൂങ്കുയിലേ.., കണ്ണുതുറക്കാത്ത ദൈവങ്ങളേ... തുടങ്ങി മലയാളം നെഞ്ചേറ്റിയ ഈണങ്ങൾ സുശീലാമ്മ വീണ്ടും പാടി. വരികൾ മറന്ന് ഗായിക നിർത്തിയപ്പോൾ സദസ് പൂരിപ്പിക്കാൻ മൽസരിച്ചു. അന്താരാഷ്‌ട്ര യോഗ ദിനവും സംഗീതദിനാഘോഷവും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്തു. സംഗീതദിനത്തിൽ കേരളത്തിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങാൻ കഴിഞ്ഞതിലുള്ള സന്തോഷം പി സുശീല പങ്കുവച്ചു.
യുണൈറ്റഡ് കൾച്ചറൽ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പ്രസാദ് ലാലാജി അധ്യക്ഷനായിരുന്നു. പി സുശീലയെ ചടങ്ങിൽ ആദരിച്ചു. തിരക്കഥാകൃത്ത് ഹേമന്ദ്‌കുമാർ, സംവിധായകൻ രാജീവ് ഇരുളം എന്നിവരും ആദരം ഏറ്റുവാങ്ങി. സംവിധായകൻ മേജർ രവി, ജോസഫ് കുറ്റിക്കാട്ട്, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൺസ വിജയ ജോസഫ്, ഡോ. സി എ മേരി ലിയ എന്നിവർ സംസാരിച്ചു. കോളേജിലെ മ്യൂസിക് ക്ലബിന്റെ സംഗീതപരിപാടിയും അരങ്ങേറി.