NEWS

അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം -വിജയ് സേതുപതി

News

സാധാരണ സഹനടനില്‍ നിന്നും നായകനായി ഇന്ന് ദേശീയതാരമായി മാറിയ നടനാണ് വിജയ്സേതുപതി. തമിഴ് സിനിമയിലെ നായകസങ്കല്‍പ്പത്തെ തന്നെ തകര്‍ത്തെറിഞ്ഞ തന്‍റെ സ്വതഃസിദ്ധമായ അഭിനയത്തിലൂടെ തമിഴ് സിനിമാപ്രേമികളെ കീഴടക്കിയ വിജയ്സേതുപതിക്ക് കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പരിമിതികളില്ല. പ്രതിനായകവേഷം പോലും വിജയ് സേതുപതി എന്ന നടന്‍റെ പക്കല്‍ ഭദ്രം. ഏത് കഥാപാത്രവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ചതുകൊണ്ട് തെന്നിന്ത്യയ്ക്കപ്പുറം ബോളിവുഡ്ഡിലും വിജയ്സേതുപതി പ്രിയങ്കരന്‍. 'മഹാരാജാ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്കുശേഷം വീണ്ടും തന്‍റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ വിജയ്സേതുപതിയെ അടുത്തിടെ കണ്ടപ്പോള്‍ 'മഹാരാജാ'യില്‍ നിന്നുതന്നെ ചോദിച്ചുതുടങ്ങി...

മഹാരാജാ എന്ന സിനിമയില്‍ ബാര്‍ബറായി അഭിനയിക്കണം എന്നുപറഞ്ഞപ്പോള്‍ മനസ്സില്‍ എന്തുതോന്നി...?

വിജയ് സേതുപതി: എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു കഥാപാത്രമായ സിനിമയിലെ ഹീറോ ആ ജോലി ചെയ്യുന്നു. മറ്റൊന്നും ഞാന്‍ ചിന്തിച്ചില്ല. കഥ എന്തുപറയുന്നുവോ അതിലാണ് എല്ലാം അടങ്ങിയിരിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാല്‍ ആ കഥാപാത്രത്തിനോട് എനിക്ക് ഒരു ആകര്‍ഷണീയത ഉണ്ടായിരുന്നു. ഹെയര്‍സ്റ്റൈലിസ്റ്റുകള്‍ എപ്പോഴും നീറ്റായി ഹെയര്‍ സ്റ്റൈല്‍ സൂക്ഷിക്കും. അവരുടെ കയ്യിലുള്ള കത്രിക കറങ്ങുന്ന സ്റ്റൈലും സൂപ്പറായിരിക്കും. അതുപോലെ അവര്‍ ധാരാളം കഥകളും ലോകകാര്യങ്ങളും പറയും. അതും സ്വാരസ്യമുള്ളവയായിരിക്കും. ആ സിനിമ കാണുമ്പോള്‍ കഥാപാത്രത്തിന്‍റെ ദേഷ്യം, പ്രതികാരം ചെയ്യുവാനുള്ള ത്വര എന്നിവയൊക്കെ കാണികളെ മറ്റൊരു തലത്തിലേക്ക് ആനയിക്കും. അതിനുള്ള റീസനും കഥയില്‍ വ്യക്തമായിട്ട് ഉണ്ടായിരുന്നു.

അടുത്ത കാലത്തായി മിക്കവാറും ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളാണല്ലോ അധികവും ചെയ്തുവരുന്നത്?

എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല. കഥാപാത്രം എന്ത് ആവശ്യപ്പെടുന്നുവോ അത് ഞാന്‍ ചെയ്യുന്നു. എന്നാല്‍ എത്രകോടി രൂപ തന്നാലും നെഗറ്റീവായി അഭിനയിക്കുന്ന പരിപാടി ഞാന്‍ ശുദ്ധമായും നിര്‍ത്തി. പലതരം കഥാപാത്രങ്ങള്‍ ചെയ്യുന്നതിന് തടസം ഉണ്ടാവരുത് എന്ന് ഞാന്‍ കരുതുന്നു. തോന്നിയാല്‍ വൃദ്ധനായിട്ടും അഭിനയിക്കണം. ആവശ്യമെങ്കില്‍ പ്രായം കുറഞ്ഞ ആളായും അഭിനയിക്കണം. കഥാപാത്രം എന്ത് ആവശ്യപ്പെടുന്നുവോ അതുപോലെ അഭിനയിക്കണം. അത്രയേയുള്ളൂ.

'ചൂത് കൗവ്വും' എന്ന സിനിമയില്‍ ഞാന്‍ പ്രായമായ കഥാപാത്രം ചെയ്യണമെന്ന് സംവിധായകന്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ ഇപ്പോള്‍ അങ്ങനെ അഭിനയിച്ചാല്‍ പിന്നീട് എനിക്ക് എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും അഭിനയിക്കാം എന്നുപറഞ്ഞു. എനിക്ക് തോന്നുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഇന്നുവരെ ആ സ്വാതന്ത്ര്യം എനിക്ക് കിട്ടുന്നുണ്ട്. 'വിടുതലൈ' എന്ന സിനിമയില്‍ എന്നെ വയസനായിട്ടാവും നിങ്ങള്‍ കണ്ടിട്ടുണ്ടാവുക. ഓരോ ഷോട്ടും പ്രേക്ഷകര്‍ ആസ്വദിക്കില്ലേ, അവര്‍ കൊണ്ടാടുകയില്ലേ എന്ന ആകാംക്ഷയിലാണ് ഞാന്‍. ചിലപ്പോള്‍ വളരെ നല്ല സീനില്‍ അഭിനയിച്ചിട്ടുണ്ടാവും. വളരെ പ്രതീക്ഷയോടെ കാത്തിരിക്കും. എന്നാല്‍ അത് റീച്ചാവേണ്ടയിടത്ത് റീച്ചായിട്ടുണ്ടാവില്ല. വളരെ ചുരുക്കം ആളുകള്‍ മാത്രമേ അത് ശ്രദ്ധിച്ച് അതിനെക്കുറിച്ച് പറയുകയുള്ളൂ. അടുത്ത കാലത്ത് 'മുറൈ മാമന്‍' എന്ന സിനിമ കണ്ടു. 45 മിനിറ്റ് നേരം കൗണ്ടമണി അതില്‍ കോമഡി ചെയ്ത് അമ്പരപ്പിച്ചിട്ടുണ്ട്. ആ സിനിമയിലെ കോമഡി മുഴുവന്‍ കണ്ട് ആസ്വദിച്ച ശേഷം സുന്ദര്‍. സിക്ക് ഫോണ്‍ ചെയ്ത് അഭിനന്ദനം അറിയിച്ചു.

'ഇതൊരു ക്ലാസിക് സിനിമയാണ് സര്‍, ഞാന്‍ വളരെയധികം ആസ്വദിച്ചു കണ്ടു, എങ്ങനെയാണ് ഈ ഡയലോഗുകള്‍ എഴുതിയത് എന്ന് ചോദിച്ചു. ഞാന്‍ ഫോണ്‍ ചെയ്ത ദിവസമാണത്രേ മുറൈമാമന്‍ റിലീസ് ചെയ്ത് മുപ്പത് വര്‍ഷം തികഞ്ഞത്. മുപ്പതുവര്‍ഷമായി ഇത് ആരും ശ്രദ്ധിച്ച് ആ ഡയലോഗ് നോട്ട് ചെയ്ത് പറഞ്ഞില്ല. വളരെ സന്തോഷം എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴെന്തിനാണ് ഇക്കാര്യം പറയുന്നത് എന്നുവെച്ചാല്‍, ഒരു കാര്യത്തിന് മുപ്പതുവര്‍ഷം കഴിഞ്ഞ് ഒരു അംഗീകാരം കിട്ടുന്നില്ലേ? അത് വല്ലാത്ത സന്തോഷം നല്‍കും, അതേപോലെ തന്നെയാണ് ഓരോ ജോലി ചെയ്യുമ്പോഴും, ചെയ്യുന്ന ജോലി ആരിലെങ്കിലും റീച്ചായിട്ടുണ്ടെങ്കില്‍ അതില്‍ ഒരു അത്യാഹ്ലാദം. ഏത് പടമാണെങ്കിലും ആരെങ്കിലും എപ്പോള്‍ വിളിച്ച് അങ്ങനെ അഭിനന്ദിച്ചാലും ആ ആഹ്ലാദത്തിന് അത് നല്‍കുന്ന സന്തോഷത്തിന് ഒരു ഡബിള്‍ കിക്ക് ഉണ്ടാവും.. 

താങ്കളുടെ മകന്‍ സൂര്യ അഭിനയിക്കുന്ന ഫീനിക്സ് എന്ന സിനിമയില്‍ താങ്കള്‍ക്ക് ഗസ്റ്റ് റോളുണ്ടോ...?

ഞാന്‍ സൂര്യയോട് വ്യക്തമായി ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഒരിക്കലും നിനക്കുവേണ്ടി പണം മുടക്കി പടം നിര്‍മ്മിക്കുകയില്ല. അങ്ങനെ ഞാന്‍ ചെയ്താല്‍ അത് നിന്നെ ഞാന്‍ ചീത്തയാക്കുന്നു എന്നാണ് അര്‍ത്ഥം. ഇവിടെ കഴിവുണ്ടെങ്കില്‍ തീര്‍ച്ചയായും അവസരം കിട്ടും. അവസരങ്ങള്‍ അന്വേഷിക്കണം. അന്വേഷിച്ചാല്‍ തീര്‍ച്ചയായും കിട്ടും. അങ്ങനെ കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയില്ലായെങ്കില്‍.. അയാള്‍ക്ക് വീക്ഷണമില്ല എന്നര്‍ത്ഥം. ആ വീക്ഷണവും കഴിവും നിനക്ക് വേണം, ഉണ്ടാവണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. അവന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, പിയാനോ ടീച്ചറുടെ അടുത്ത് മ്യൂസിക് ക്ലാസിന് അയച്ച് അവനെ'ടോര്‍ച്ചര്‍' ചെയ്തു. അവന്‍ സംഗീതസംവിധായകനാവണം എന്നായിരുന്നു ആഗ്രഹം. അവനെ സംഗീതസംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറിന്‍റെ അടുത്തേയ്ക്ക് അയച്ചു. അവന്‍ സംഗീതരംഗത്തേയ്ക്ക് പോകും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവന്‍ തെരഞ്ഞെടുത്ത് ചെയ്യുന്നത് അഭിനയമാണ്.

 


LATEST VIDEOS

Interviews