NEWS

വിമര്‍ശനങ്ങളെ അവഗണിക്കുന്ന തമന്ന

News

തെന്നിന്ത്യന്‍ സിനിമയിലെ നായികമാരിലെ പളുങ്കുവിഗ്രഹമാണ് തമന്ന. ചുരുങ്ങിയ കാലം കൊണ്ടുതന്നെ തമിഴ്- തെലുങ്ക് ചലച്ചിത്ര വേദിയെ കീഴടക്കിയ ഈ മുംബയ് സുന്ദരി ഭാഷകളും വളരെ പെട്ടെന്ന് ഹൃദിസ്ഥമാക്കും, അങ്ങനെ തെലുങ്കായാലും തമിഴായാലും തമന്നയ്ക്ക് സരളം. ചെന്നൈയില്‍ എത്തിയ തമന്നയുമായി കണ്ടപ്പോള്‍ ചോദിച്ചു...

'പയ്യാ' റിലീസിനെക്കുറിച്ച് എന്ത് തോന്നുന്നു?

വളരെയധികം സന്തോഷം തോന്നുന്നു. എനിക്ക് തമിഴില്‍ വലിയ പോപ്പുലാരിറ്റി നേടിത്തന്ന സിനിമയാണത്. ഇത്രവര്‍ഷം പിന്നിട്ടിട്ടും ആ സിനിമയെ നെഞ്ചിലേറ്റി കൊണ്ടാടുന്ന ആരാധകര്‍ക്ക് എന്‍റെ നന്ദി.

ഇളയദളപതി വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കയാണല്ലോ.. അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ 'എന്‍ട്രി'യെക്കുറിച്ച് എന്താണ് അഭിപ്രായം?

രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. വിജയ്സാറിന് എന്‍റെ ആശംസകള്‍. അദ്ദേഹം എന്തുചെയ്താലും അമേസിങ്ങായി ചെയ്യും. രാഷ്ട്രീയത്തിലും അദ്ദേഹം തിളങ്ങും. 

അഭിനയിച്ച സിനിമകളെക്കുറിച്ചുള്ള നെഗറ്റീവ് വിമര്‍ശനങ്ങള്‍ നിങ്ങളെ വേദനിപ്പിക്കാറുണ്ടോ...?

സിനിമ സക്സസായാല്‍ എല്ലാ നെഗറ്റീവ് വിമര്‍ശനങ്ങളും നിലയ്ക്കും. എല്ലാവര്‍ക്കും ബോക്സോഫീസ് സക്സസാണ് പ്രധാനം. അത് കിട്ടിയാല്‍ മറ്റുള്ളവര്‍ പറയുന്നതിനെക്കുറിച്ച് ചിന്തിച്ച് ദുഃഖിക്കേണ്ടതില്ല. സത്യസന്ധമായി നമ്മളോടുള്ള സ്നേഹത്തിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും പേരിലുള്ള വിമര്‍ശനമാണ് അതെങ്കില്‍ അതിനെ സ്വീകരിക്കും. പക്ഷേ മന:പൂര്‍വ്വം നമ്മളെ കുറ്റപ്പെടുത്താന്‍ വേണ്ടി, നമ്മളെ ചൊടിപ്പിക്കാന്‍ വേണ്ടിയൊക്കെ പറയുന്ന വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് 
എടുക്കാറേയില്ല. അവഗണിക്കയേ ഉള്ളൂ.

നിങ്ങള്‍ക്ക് ഏത് സൂപ്പര്‍ പവര്‍ കിട്ടിയാലാണ് നന്നായിരിക്കും എന്ന് തോന്നുന്നത്?

എനിക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ഇഷ്ടാനുസരണം ആഗ്രഹിക്കുന്ന സമയത്തൊക്കെ കഴിക്കണം. എന്നാല്‍ വെയിറ്റ് കൂടാനും പാടില്ല. എന്തുകൊണ്ടെന്നാല്‍ എന്നെങ്കിലും ഒരു ദിവസം ആശിച്ച് അല്‍പ്പം അധികം ആഹാരം കഴിച്ചാല്‍, അതുകൊണ്ട് ജിമ്മില്‍ എക്സ്ട്രായായി ഓടേണ്ടതായി വരും. 

നിങ്ങള്‍ വേണ്ടെന്ന് പറഞ്ഞിട്ട് പിന്നീട് 'അയ്യോ അഭിനയിക്കാമായിരുന്നു' എന്ന് പിന്നീട് വിഷമിച്ച സിനിമകള്‍?

ഒരേയൊരു സിനിമയുണ്ട്. അതൊരു തെലുങ്ക് സിനിമയാണ്. പേര് പറയില്ല. എന്‍റെ കരിയര്‍ തുടങ്ങുന്ന സമയത്താണ് ആ കഥ എന്നെ തേടിയെത്തിയത്. 'വേണ്ട' എന്നുപറഞ്ഞു. പക്ഷേ സിനിമ കണ്ടപ്പോള്‍ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. നല്ല ജോളിയായിട്ടുള്ള ഒരു സിനിമയായിരുന്നു അത്.

തമന്നയ്ക്ക് ആരാധകരുടെ ഇഷ്ടപ്പെടാത്ത സ്വഭാവം...?

എന്‍റെ രൂപം അവരുടെ ശരീരത്തില്‍ റ്റാറ്റുവായി പച്ചകുത്തുന്നത് എനിക്ക് ഇഷ്ടമല്ല. ഞാനൊരിക്കലും അത് എന്‍കറേജ് ചെയ്യുകയുമില്ല.


LATEST VIDEOS

Interviews