ഇപ്പോൾ പാൻ ഇന്ത്യൻ സിനിമകളുടെ കാലമാണല്ലോ? ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഭാഷയിൽ പ്രശസ്തരായ സംവിധായകർ മറ്റ് ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തു വരുന്നത്. അതിന്റെ ഭാഗമായാണ് തമിഴിലെ ചില മുൻനിര സംവിധായകർ തെലുങ്ക് സിനിമയിലേക്കും പോയി നേരിട്ട് തെലുങ്ക് സിനിമകൾ സംവിധാനം ചെയ്തിരിക്കുന്നത് എന്നാൽ അവരെക്കൊണ്ട് വിജയിക്കുവാൻ സാധിച്ചോ എന്നാൽ ഇല്ലെന്നുള്ളതാണ് സത്യം. അങ്ങിനെ തെലുങ്ക് സിനിമകൾ സംവിധാനം ചെയ്തു വിജയിക്കാനാകാതെ പരാജയപ്പെട്ട ചില പ്രശസ്ത തമിഴ് സംവിധായകരെ കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് ഇവിടെ നൽകിയിരിക്കുന്നത്.
തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് മഹേഷ് ബാബു. ഇദ്ദേഹം ജനിച്ചതും, പഠിച്ചതും എല്ലാം ചെന്നൈയിലാണ്. മഹേഷ് ബാബുവിന് തമിഴ് സിനിമയിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹം. ഉണ്ടായിരുന്നു. അങ്ങനെയാണ് എ.ആർ.മുരുകദാസ് തമിഴിലും, തെലുങ്കിലുമായി സംവിധാനം ചെയ്ത ‘സ്പൈഡർ’ എന്ന ചിത്രത്തിൽ താരം അഭിനയിച്ചത്. എന്നാൽ 2017-ൽ പുറത്തിറങ്ങിയ ഈ ചിത്രം തമിഴിൽ മാത്രമല്ല, തെലുങ്കിലും വമ്പൻ പരാജയമായിരുന്നു. ഇതിന് ശേഷം എ.ആർ.മുരുകദാസ് ക് ഒരു തെലുങ്ക് സിനിമയും സംവിധാനം ചെയ്തിട്ടില്ല.
തമിഴിൽ ‘അരിമ നമ്പി', 'ഇരുമുഗൻ’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് ശങ്കറാണ് തെലുങ്ക് സിനിമയിലെ യുവ നായകനായ വിജയ് ദേവരകൊണ്ടയെ നായകനാക്കി തമിഴിലും, തെലുങ്കിലുമായി ‘നോട്ട’ എന്ന ചിത്രം സംവിധാനം ചെയ്തത്. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രമായ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിന് ശേഷം രണ്ട് ഭാഷകളിലും പുറത്തുവന്ന 'നോട്ട' പരാജയപ്പെട്ടു. അതിന് ശേഷം തമിഴിലെങ്കിലും ഒരു ഹിറ്റ് ചിത്രം നൽകാനായി കാത്തിരിക്കുകയാണ് ആനന്ദ് ശങ്കർ.
തമിഴിൽ 'പുരിയാത പുതിർ', ഇസ്പേട് രാജവും ഇദയ റാണിയും’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രഞ്ജിത്ത് ജയക്കൊടി തെലുങ്കിലെ ഒരു പ്രശസ്ത നായകനായ സന്ദീപ് കിഷനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മൈക്കേൽ’. എന്നാൽ ഒരു ആക്ഷൻ ചിത്രമായി എത്തിയ ഈ ചിത്രവും വിജയിച്ചില്ല, വൻ പരാജയമായിരുന്നു.
തമിഴിൽ ‘റൺ', 'ആനന്ദം', 'ചണ്ടക്കോഴി’ ഉൾപ്പെടെ നിറയെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ലിംഗുസാമി, തെലുങ്കിലെ യുവ നായകനായ രാം പൊത്തനേനിയെ നായകനാക്കി തമിഴിലും തെലുങ്കിലുമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി വാരിയർ’. ചെന്നൈയിൽ പഠിച്ച് വളർന്ന രാം പൊത്തനേനിക്ക് തമിഴ് സിനിമകളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിന്റെ ഭാഗമായാണ് ഈ ചിത്രത്തിൽ താരം അഭിനയിച്ചത്. എന്നാൽ രണ്ടു ഭാഷകളിലും ഈ ചിത്രം ഫ്ലോപ്പ് ആകുകയാണുണ്ടായത്. അതിനുശേഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന രണ്ട് തെലുങ്ക് ചിത്രങ്ങളും പരാജയമായിരുന്നു എന്നുള്ളതും ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്.
തെലുങ്കിലെ മറ്റൊരു യുവ നായകനായ നാഗ ചൈതന്യക്കും തമിഴ് സിനിമകളിൽ അഭിനയിക്കണം എന്നുള്ള താല്പര്യം ഉണ്ടായിരുന്നു. അങ്ങനെയാണ് താരം വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘കസ്റ്റഡി’ എന്ന സിനിമയിൽ അഭിനയിച്ചത്. തമിഴിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വെങ്കട് പ്രഭു തമിഴിലും, തെലുങ്കിലുമായി സംവിധാനം ചെയ്ത ഈ ചിത്രം രണ്ട് ഭാഷകളിലും വലിയ പരാജയമായിരുന്നു.
തമിഴിലെ ഏറ്റവും മികച്ച സംവിധായകനായാണ് ശങ്കർ അറിയപ്പെടുന്നത്. മറ്റു ഭാഷാ നായകന്മാരും ഇദ്ദേഹത്തിൻ്റെ സംവിധാനത്തിൽ അഭിനയിക്കാൻ താല്പര്യം കാണിക്കാറുണ്ട്. കമൽഹാസൻ, രജനികാന്ത്, അർജുൻ, വിക്രം തുടങ്ങിയ മുൻനിര നായകന്മാരെ വെച്ച് ബ്രമ്മാണ്ട ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശങ്കർ തെലുങ്ക് സിനിമയിലെ മുൻനിര നായകനായ രാം ശരണിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. പൊങ്കലിന് റിലീസായ ഈ ചിത്രം മറ്റ് സീനിയർ ഹീറോ ചിത്രങ്ങളുമായി മത്സരിക്കാൻ കഴിയാതെ തമിഴ്, ഹിന്ദിയിൽ വൻ പരാജയമായാണ് നേരിട്ടത്. തെലുങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്നാണ് റിപ്പോർട്ട്. തെലുങ്ക് സിനിമയിലും ഒരു സ്ഥാനം പിടിക്കാൻ ആഗ്രഹിച്ച ശങ്കറിന് ഇത് വലിയ ഒരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഇത്തരം പരാജയ പരമ്പരകൾ കാരണം ഇനി ഭാവിയിൽ തമിഴ് സിനിമാ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ തെലുങ്ക് നായകന്മാർ താല്പര്യം കാണിക്കില്ല എന്നാണ് അവിടെ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.