കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴിൽ റിലീസാകുന്ന സിനിമകളിൽ 10 ശതമാനം പോലും വിജയിച്ച സിനിമകളല്ല. ഈ വർഷം ഇതുവരെ 100-ലധികം സിനിമകൾ പുറത്തിറങ്ങുകയുണ്ടായി. എന്നാൽ ഇതിൽ ഈയിടെ റിലീസായ 'അരൺമനൈ നാലാം ഭാഗം' മാത്രമാണ് മികച്ച ലാഭം നേടിയ ചിത്രം. 'സ്റ്റാർ', 'ഗരുഡൻ', 'മഹാരാജ' തുടങ്ങിയ ചിത്രങ്ങൾ നല്ല കളക്ഷൻ നേടി എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും വിതരണക്കാർക്കും, തിയേറ്റർ ഉടമകൾക്കും കാര്യമായ ലാഭം ലഭിച്ചില്ലെന്നാണ് പറയപ്പെടുന്നത്. ഇങ്ങിനെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ് സിനിമ ഇൻഡസ്ടറി തുടർച്ചയായി തകർച്ചയിലാണ്. ഇതിനാൽ 'ലൈക്ക' പ്രൊഡക്ഷൻസ് പോലുള്ള ചില വമ്പൻ കമ്പനികൾ കൂടി സിനിമകൾ നിർമ്മിക്കാൻ പാടുപെടുകയാണ്. ഇങ്ങിനെ വൻതോതിൽ സിനിമകൾ നഷ്ടം ഉണ്ടാകാൻ കാരണം താരങ്ങളുടെ അധികമായ പ്രതിഫലവും, സിനിമയുടെ ബഡ്ജറ്റിന്റെ പകുതിയും താരങ്ങൾക്ക് പ്രതിഫലം നൽകാനാണ് ഉപയോഗിക്കുന്നതുമാണ് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. അതേ സമയം താരങ്ങൾ തങ്ങളുടെ ഒരു സിനിമ വിജയിച്ചാൽ ഉടനെ തന്നെ പ്രതിഫലം വർധിപ്പിക്കുകായും ചെയ്യുന്നു. എന്നാൽ നഷ്ടം വരുന്ന സമയത്തിൽ ശമ്പളം കുറക്കാൻ ആരും മുൻ വരികയും ചെയ്യാറില്ല. ഇത് തമിഴ് സിനിമയിൽ വളരെക്കാലമായി തുടരുന്ന ഒരു പ്രശ്നമാണ്. ഇത് സംബന്ധമായി നിർമ്മാതാക്കൾ താരങ്ങളുമായി ചർച്ചകൾ നടത്താറുണ്ടെങ്കിലും അതിന് ഒരു പ്രയോജനവും ഉണ്ടാകാറില്ല. അതിനാൽ താരങ്ങൾ തങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് ശമ്പളം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമയിലെ നിർമ്മാതാക്കൾ സമരത്തിനിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. അത് സംബന്ധമായ ചർച്ചകൾ ഇപ്പോൾ നടന്നു വരികയാണ്. അങ്ങിനെ സമരം ആരംഭിക്കുകയാണെങ്കിൽ ഷൂട്ടിങ്ങ്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ, ചിത്രങ്ങളുടെ റിലീസ് ഒന്നും ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്.