തമിഴ് ചലച്ചിത്ര വേദിയില്‍ വ്യാഴവട്ടത്തിലൊരിക്കല്‍ ഒരു ഉപരോധം പതിവ് ചടങ്ങാണ്. ഇക്കുറി തമിഴ് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ (TFPC)റെഡ് കാര്‍ഡ് നല്‍കി ഉപരോധം ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുന്നത് വമ്പന്മാര്‍ക്കെതിരെയാണ.് കമല്‍, ധനുഷ,് ചിമ്പു, വിശാല്‍ എന്നിവര്‍ക്ക് റെഡ് കാര്‍ഡ് നല്‍കണമെന്നും അവരുടെ സിനിമകള്‍ക്ക് സഹകരണം നല്‍കരുത് എന്നും തീരുമാനമെടുത്തിരിക്കുകയാണത്രെ. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിന്‍റെ ഈ തീരുമാനം ഇതാകട്ടെ പുതിയ എന്തെങ്കിലും പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലല്ല. പഴയ ചില തര്‍ക്കങ്ങളുടെ പേരിലാണ്.
നടന്‍ രമേശ് അരവിന്ദിന്‍റെ സംവിധാനത്തില്‍ കമലഹാസന്‍ അഭിനയിച്ച ചിത്രമാണ് 'ഉത്തമ വില്ലന്‍.' ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രത്തിന്‍റെ നിര്‍മാതാവ്, സംവിധായകന്‍ എന്‍. ലിംഗസ്വാമിയും സഹോദരന്‍ സുഭാഷ്ചന്ദ്രബോസുമാണ.് 2005 ല്‍ തിരുപ്പതി ബ്രദേഴ്സ് എന്ന കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മ്മിച്ചു പുറത്തിറക്കിയത്. ചിത്രത്തിന്‍റെ പരാജയത്തിന് കോമ്പന്‍സേഷനായി 30 കോടി ബഡ്ജറ്റില്‍ തിരുപ്പതി ബ്രദേഴ്സിന് മറ്റൊരു സിനിമ ചെയ്തു കൊടുക്കാമെന്ന് കമല്‍ഹാസന്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷം 9 കഴിഞ്ഞിട്ടും അദ്ദേഹം അവര്‍ക്ക് സിനിമ ചെയ്തു കൊടുത്തില്ല.
ഉത്തമ വില്ലന്‍റെ നഷ്ടത്തിനുശേഷം ശിവകാര്‍ത്തികേയന്‍റെ 'രജനി മുരുകന്‍' എന്ന സിനിമ നിര്‍മ്മിച്ച തിരുപ്പതി ബ്രദേഴ്സ് പിന്നീട് സിനിമയേ നിര്‍മ്മിക്കാനാവാതെ നിര്‍ജീവമായിപ്പോയി. ഒട്ടനവധി വിജയചിത്രങ്ങള്‍ സമ്മാനിച്ച കമ്പനി ഉത്തമ വില്ലന്‍റെ നഷ്ടത്താല്‍ നിലംപരിശായി. മേല്‍പ്പറഞ്ഞ കാരണത്താല്‍ പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ ലിംഗു സ്വാമി കമലഹാസനെതിരെ പരാതി നല്‍കി. ഈ കഥ സിനിമയാക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ കമല്‍ തന്നെയാണ് വാശിപിടിച്ച് ഈ കഥ സിനിമയാക്കിയത് എന്നും പരാതിയില്‍ കമല്‍നെതിരെ ആസ്ത്രം തൊടുത്തു ലിംഗുസാമി. കഴിഞ്ഞ മെയ് മാസം ഇത് സംബന്ധിച്ച് സംഘടനയില്‍ അനുരഞ്ജനചര്‍ച്ച നടത്തപ്പെടും എന്ന് അറിയിച്ചിരുന്നു. ഈ ചര്‍ച്ചയില്‍ കമലഹാസന്‍ പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്‍റെ പ്രതിനിധികള്‍ ആരെങ്കിലും പങ്കെടുക്കും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അതും ഉണ്ടായില്ല. അതുകൊണ്ട് കമലിന് റെഡ് കാര്‍ഡ് നല്‍കണമെന്ന് ലിംഗുസാമിയുടെയും മറ്റും വാദം.
വര്‍ത്തമാനകാല പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ തലവനായ മുരളിയുടെ തേനാണ്ടാള്‍ ഫിലിംസിനു വേണ്ടി ഒരു ചരിത്ര സിനിമ സംവിധാനം ചെയ്തു അഭിനയിക്കുവാന്‍ ധനുഷുമായി കരാര്‍ ഒപ്പിട്ടു. സിനിമയ്ക്ക് നാമകരണം ചെയ്യാതെ തന്നെ 80 ശതമാനം ചിത്രീകരണവും കഴിഞ്ഞതായി പറയപ്പെടുന്നു. എന്നാല്‍ ധനുഷും നിര്‍മ്മാതാവും തമ്മിലുണ്ടായ പിണക്കം മൂലം ആ സിനിമ നിലച്ചു. ഇത് സംബന്ധമായി തേനാണ്ടാള്‍ ഫിലിംസ് മുരളി രാമസാമി പരാതി നല്‍കി. ധനുഷിന് റെഡ് കാര്‍ഡ് നല്‍കണമെന്നും അദ്ദേഹം സംഘടനയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവത്രേ. ധനുഷിനു മാത്രം റെഡ് കാര്‍ഡ് നല്‍കിയാല്‍ ഇത് തന്‍റെ സ്വകാര്യ പ്രശ്നമാണെന്നത് പുറത്തറിഞ്ഞെങ്കിലോ എന്നു കരുതി നടന്മാര്‍ക്കെതിരെയുളള പരാതികളും പൊടി തട്ടി എടുത്തിരിക്കയാണ് തമിഴ് സിനിമ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ മുരളി രാമസ്വാമി എന്ന് പറയപ്പെടുന്നു.
ചിമ്പുവിന്‍റെയും വിശാലിന്‍റെയും പേരിലുള്ള പ്രശ്നങ്ങള്‍ മേല്‍പ്പറഞ്ഞതില്‍ നിന്നും വ്യത്യസ്തങ്ങളാണ്. ചിമ്പു ഐശ്വര്യ ഗണേശന്‍റെ വെല്‍ ഫിലിംസ് എന്ന നിര്‍മ്മാണ സ്ഥാപനത്തിനുവേണ്ടി കൊറോണ കുമാര്‍ എന്ന ഒരു സിനിമ ചെയ്യാമെന്ന് സമ്മതിച്ച് 9.5 കോടി പ്രതിഫലം പറഞ്ഞ് ഉറപ്പിച്ച് അഡ്വാന്‍സായി 4.5 കോടി രൂപ 2021 ല്‍ നല്‍കിയിരുന്നുവത്രേ. പണം വാങ്ങിയ ചിമ്പു കൊറോണ കുമാറില്‍ അഭിനയിക്കാതെ ഉഴപ്പി. ഈ പടം പൂര്‍ത്തിയാകാതെ മറ്റൊരു സിനിമകള്‍ അഭിനയിക്കുന്നതില്‍ നിന്നും ചിമ്പുവിനെ വിലക്കണം എന്ന് വേല്‍സ് ഫിലിം ഇന്‍റര്‍നാഷണല്‍ എന്ന കമ്പനിക്ക് വേണ്ടി ചെന്നൈ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കേസ് കോടതി വാദത്തിന് എടുത്തപ്പോള്‍ എഗ്രിമെന്‍റും സമര്‍പ്പിക്കപ്പെട്ടു. അതില്‍ ഒരുകോടി രൂപ മാത്രമാണ് ചിമ്പുവിന് അഡ്വാന്‍സ് നല്‍കിയതായി പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഒരുകോടി രൂപയുടെ ഗ്യാരണ്ടി നല്‍കാന്‍ കോടതി ഉത്തരവിട്ടു.
എന്നാല്‍ എഗ്രിമെന്‍റ് ചെയ്ത ദിവസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സിനിമ തുടങ്ങിയില്ലെങ്കില്‍ അഡ്വാന്‍സ് തിരിച്ചുനല്‍കേണ്ടതില്ലെന്നും എഗ്രിമെന്‍റില്‍ ഉണ്ടായിരുന്നതായും, 2021 ജൂലായില്‍ ചെയ്ത എഗ്രിമെന്‍റ് പ്രകാരം പടം തുടങ്ങിയില്ലെന്നും, അതുകൊണ്ട് എഗ്രിമെന്‍റ് കാലഹരണപ്പെട്ടതായും ചിമ്പുപക്ഷം പറഞ്ഞു. ഇത് സംബന്ധിച്ച് മറുപടി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു കോടതി. ഇതിനിടയില്‍ ചിമ്പു- വേല്‍സ് തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കൊറോണ കുമാറിന് പകരം ചിമ്പു ഒരു മലയാളം റീമേക്കില്‍ അഭിനയിക്കുമെന്ന് തീരുമാനമായി. അടുത്തിടെ ഒരു പൊതുചടങ്ങിനെത്തിയ ചിമ്പുവിനോട് റെഡ്കാര്‍ഡിനെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പ്രശ്നം സംസാരിച്ചുതീര്‍ത്തു എന്നുപറഞ്ഞു.
എന്നാല്‍ പ്രശ്നം അവസാനിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു. നേരത്തെ സംസാരിച്ച് ഉറപ്പിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ചിമ്പു ആവശ്യപ്പെടുന്നതിനാല്‍ ചിമ്പുവിന് റെഡ് കാര്‍ഡ് നല്‍കണമെന്ന് പറഞ്ഞ് ഐശ്വര്യഗണേഷ്സമ്മര്‍ദ്ദം ചെലുത്തുകയാണത്രേ.
റെഡ് കാര്‍ഡ് നല്‍കണം എന്ന് ഏറ്റവും കൂടുതല്‍ പല ദിക്കുകളില്‍ നിന്നും സമ്മര്‍ദ്ദം ഏറിവരുന്ന നടന്‍ വിശാലാണ്. വിശാല്‍ പ്രൊഡ്യൂസര്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായിരുന്ന വേളയില്‍ സംഘടനയുടെ നിക്ഷേപത്തുകയായിട്ടുണ്ടായിരുന്ന ഏഴുകോടി രൂപ വകമാറി ചെലവാക്കി എന്ന പരാതി ദീര്‍ഘകാലമായി നിലനില്‍ക്കയാണ്.
സംഘടനയിലെ അംഗങ്ങളായ ക്ഷയിച്ച നിര്‍മ്മാതാക്കള്‍ക്ക് മാസംതോറും സഹായധനം, വിദ്യാഭ്യാസച്ചെലവ്, വൈദ്യസഹായം എന്നിങ്ങനെ ഇഷ്ടാനുസരണം ചെലവുചെയ്യവേ, നിക്ഷേപ തുക ചെലവാക്കിയത് തെറ്റാണെന്ന് പറഞ്ഞ് മറ്റുള്ള നിര്‍മ്മാതാക്കള്‍ യുദ്ധകാഹളം മുഴക്കി വിശാലിന് റെഡ്കാര്‍ഡ് നല്‍കണം എന്നുപറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതുകൂടാതെ ലൈക്കാ പ്രൊഡക്ഷന്‍സുമായുള്ള ഒരു തര്‍ക്കവും വിശാലിന്‍റെ പേരില്‍ കോടതിയില്‍ നിലനില്‍ക്കുന്നുണ്ടത്രേ. ഇങ്ങനെറെഡ്കാര്‍ഡ് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവേ നടികര്‍ സംഘം ഒരു പ്രസ്താവനപുറപ്പെടുവിച്ചു.
കമല്‍, ധനുഷ്, ചിമ്പു, വിശാല്‍ എന്നിവര്‍ക്കെതിരെ നടികര്‍ സംഘത്തില്‍ യാതൊരു പരാതിയും ലഭിക്കാത്ത സാഹചര്യത്തില്‍, അവര്‍ക്കെതിരെ നടപടി എടുക്കാന്‍ പോകുന്നതായി അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഉടന്‍ നിറുത്തണം എന്നായിരുന്നു സംഘടനയുടെ വൈസ് പ്രസിഡന്‍റായി പൂച്ചിമുരുകന്‍ പ്രസ്താവിച്ചത്. അതേസമയം പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുമ്പേ പറഞ്ഞ നാല് നടന്മാരുടേയും പേരുകള്‍ ഒഴിവാക്കി, നാല് മുന്‍നിര നടന്മാര്‍ എന്ന് സൂചിപ്പിച്ച് ഭാവിയില്‍ അവര്‍ക്ക് സഹകരണം നല്‍കേണ്ടതില്ല എന്നും അറിയിച്ചിരുന്നു. വര്‍ഷങ്ങളായി പുലിവരുന്നേ എന്ന പോലുള്ള ഭീഷണിയാണ് റെഡ് കാര്‍ഡ് ഭീഷണി.
പതിറ്റാണ്ടിലേറെക്കാലമായി നടക്കുന്ന സ്ഥിരം കാഴ്ച. പുലിപോയിട്ട് എലിപോലും വരാറില്ല എന്നതാണ് വാസ്തവം. എന്തൊക്കെ നടന്മാര്‍ക്കെതിരെ ഉപരോധപ്രസ്താവനകളും താക്കീതുകളും പരസ്യപ്രസ്താവനകളും നടത്തിയാലും സ്ഥിരം സിനിമ നിര്‍മ്മിക്കുന്ന നിര്‍മ്മാതാക്കള്‍ നടന്മാരുമായി പിന്‍വാതില്‍ ബന്ധം പുലര്‍ത്തി അവരെ വച്ച് സിനിമ നിര്‍മ്മിക്കും. അത് സംഭവിച്ചുകൊണ്ടിരിക്കയുമാണ്. അങ്ങനെവരുമ്പോള്‍ ഈ റെഡ്കാര്‍ഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.