മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന സിനിമകൾ ഏറെയാണ്. അതിലും മലയാളത്തിൽ നിന്ന് അധികം ചിത്രങ്ങൾ റീമേക്ക് ചെയ്യപ്പെടുന്നത് തമിഴിലാണ്. എന്നാൽ അടുത്തുതന്നെ തമിഴിൽ പുറത്തുവന്നു വിജയിച്ച ഒരു ചിത്രം മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ റീമേക്ക് ചെയ്യാനിരിക്കുകയാണ്. നവാഗത സംവിധായകനായ രാംകുമാർ ബാലകൃഷ്ണൻ തമിഴിൽ സംവിധാനം ചെയ്തു ഈയിടെ റിലീസായി ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ നേടിയ ചിത്രമാണ് 'പാർക്കിങ്ങ്'. തമിഴ് സിനിമയിലെ യുവനടന്മാരിൽ ഒരാളായ ഹരീഷ് കല്യാൺ നായകനായി വന്ന ഈ ചിത്രത്തിൽ മറ്റുള്ള രണ്ടു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത് ഇന്ദുജയും, എം.എസ്.ഭാസ്കറുമാണ്. കാർ പാർക്കിംഗ് വിഷയത്തിൽ നടക്കുന്ന പ്രശ്നങ്ങളും, സംഘട്ടനങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ ചിത്രം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 5 ഭാഷകളിൽ റീമേക്ക് ചെയ്യാനുള്ള അവകാശം ഒരു പ്രശസ്ത നിർമ്മാണ കമ്പനി വാങ്ങി എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴിൽ ഈ ചിത്രം നിർമ്മിച്ചത് സോൾജേർസ് ഫിലിം ഫാക്ടറിയും പാഷൻ സ്റ്റുഡിയോയും ചേർന്നാണ്.