തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'ഹേയ് സിനാമിക’. ഈ ചിത്രത്തിൽ മലയാളികളുടെ അഭിമാനമായ ദുൽഖർ സൽമാനായിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ വീണ്ടും ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നു എന്നും, ഈ സിനിമയിൽ വരുന്ന രണ്ട് നായികമാരിൽ ഒരാളായി കല്യാണി പ്രിയദർശനാണു അഭിനയിക്കുന്നത് എന്നുള്ള വാർത്തകൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നാനയിൽ നൽകിയിരുന്നു. അതേ സമയം ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ് ചിതങ്ങളുടെ സംവിധായകനായ അറ്റ്‌ലിയുടെ അസോസിയേറ്റായ കാർത്തികേയൻ വേലപ്പൻ ആണെന്നുള്ള വിവരവും നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രം കുറിച്ച് ലഭിച്ചിട്ടുള്ള പുതിയ വാർത്തകൾ 'ഗോലി' (ഗോട്ടി) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തമിഴിലും, മലയാളത്തിലുമായി പുറത്തുവരാനിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്മാരിൽ ഒരാളായ ജി.വി.പ്രകാശ് കുമാറാണ്. ഈ ചിത്രം നിർമ്മിക്കുന്നത് 'സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ 'വെഫേറർ ഫിലിംസും' ചേർന്നാണ് എന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. രണ്ടാമത്തെ കഥാനായകിയായി അഭിനയിക്കുന്നത് ആരാണെന്നുള്ള വിവരം ഇനിയും പുറത്തുവന്നിട്ടില്ല. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയ്ക്കു ശേഷം ദുൽഖർ സൽമാനും, കല്യാണി പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്.