NEWS

പത്തുവര്‍ഷം; ഞാന്‍ മനപ്പൂര്‍വ്വം എടുത്ത ബ്രേക്കായിരുന്നു- Rajith Menon

News

ഗോളിലെ സാം അല്ലെ'?

'അതേല്ലോ.'

'എവിടെയായിരുന്നു ഇത്രയും വര്‍ഷം.'

'ഇവിടെ തന്നെയുണ്ടായിരുന്നല്ലോ?'

'എപ്പോഴും ഫേസ് ചെയ്യുന്ന ചോദ്യം ഇതുതന്നെയാണ്. എവിടെയായിരുന്നു ഈ പത്തുവര്‍ഷമെന്ന്. ഇതൊരു ചെറിയ കാലയളവല്ലെന്ന് അറിയാം.. പക്ഷേ മനഃപൂര്‍വ്വം എടുത്ത ബ്രേക്ക് തന്നെയായിരുന്നു. അത് ഇത്ര വലിയ കാലയളവായിയെന്നത് പലരും ഓര്‍മ്മിപ്പിക്കുമ്പോഴാണ് ഞാന്‍ പോലും ചിന്തിക്കുന്നത്. ഈ പത്തുവര്‍ഷം ഞാന്‍ പല കാര്യങ്ങളിലായി എന്‍ഗേജ്ഡായിരുന്നു. ഇവിടെ മലയാളികള്‍ക്കിടയില്‍ മുഖം കാണുന്നില്ലെന്ന് മാത്രമേയുള്ളൂ. ഇനി ഈ ബ്രേക്കിന് പിന്നില്‍ ചെറിയൊരു കഥയുണ്ട്. അത് പറയാം.'

Cut to flashback

അന്ന് പ്രായം പതിനാല്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയ സജീവമല്ലാത്ത ഒരു കാലം. സിനിമാവാര്‍ത്തകള്‍ക്ക് വേണ്ടി നാന പോലുള്ള സിനിമ മാഗസിനുകള്‍ വരനായി കാത്തിരുന്ന സമയം. അന്ന് അതില്‍ ലെജന്‍റ് സംവിധായകരോട് അഭിമുഖവും ഒപ്പം അവരുടെ ഫോണ്‍ നമ്പറും ഉണ്ടാകും. പഠിക്കുന്ന കാലത്തും ഞായറാഴ്ചകളിലെ സിനിമയും റിലീസ് ചിത്രം തിയേറ്ററില്‍ പോയി കാണുന്നതുമായിരുന്നു ഏറ്റവും സന്തോഷം. അതില്‍നിന്നാണ് ഇതാണ് എന്‍റെ പാഷനും സ്വപ്നവുമെന്ന് തിരിച്ചറിയുന്നത്. അന്ന് മാഗസിനില്‍ കാണുന്ന സംവിധായകരുടെ നമ്പറിലേക്ക് വിളിക്കും. താനൊരു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും കഥയുണ്ടെന്നും സിനിമ ചെയ്യാനാണ് ആഗ്രഹമെന്നും പറഞ്ഞിട്ടുണ്ട്.

അന്ന് എന്നെ കേട്ട ഓരോ സംവിധായകരും വളരെ വാത്സല്യത്തോടെ 'മോന്‍ ഇപ്പോള്‍ പഠിക്കുകയല്ലേ.. അതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്ക്. പഠനശേഷം നമുക്ക് സിനിമ ചെയ്യാം' എന്ന് പറഞ്ഞവരാണ്. ഒരുപക്ഷേ അന്നവര്‍ക്ക് പക്വതയെത്താത്ത ഒരു കുട്ടിയുടെ ബാലിശമായ ആഗ്രഹമെന്ന് തോന്നിയിട്ടുണ്ടാകാം. പക്ഷേ എനിക്ക് അത് അങ്ങനെയായിരുന്നില്ല. പഠനത്തോടൊപ്പം കഥകള്‍ എഴുതി.. സിനിമകള്‍ കണ്ടു.. സിനിമ ഷൂട്ടിംഗ് നടക്കുന്ന സ്ഥലങ്ങള്‍ തേടിപ്പോയി. അവസരങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.. ഇതാണ് എന്‍റെ വഴിയെന്ന് അന്നേ തെളിഞ്ഞിരുന്നു.. ഒരിക്കല്‍ കറുത്ത പക്ഷികളുടെ ഷൂട്ടിംഗ് സ്ഥലത്ത് പോയതായിരുന്നു എന്‍റെ കഥയിലെ ട്വിസ്റ്റായത്.

Magical Twist

നമ്മള്‍ സ്വപ്നം കണ്ടാല്‍ മാത്രം പോരാ. അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കണം. അപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും. കറുത്ത പക്ഷികള്‍ സിനിമയുടെ ഷൂട്ട് കാണാന്‍ പോയ സമയത്ത് ഓര്‍ഡിനറി സിനിമയുടെ സംവിധായകന്‍ സുഗീതേട്ടനാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും എന്നെ കണ്ടെത്തുന്നത്. സുഗീതേട്ടന്‍ അന്ന് കമല്‍ സാറിന്‍റെ അസിസ്റ്റന്‍റായിരുന്നു. സുഗീതേട്ടന് ഒരു മ്യൂസിക് ആല്‍ബം ചെയ്യാന്‍ വേണ്ടിയിട്ടാണ് എന്നെ പരിചയപ്പെടുന്നത്.

പിന്നീട് ഗോള്‍ സിനിമയിലേക്ക് നടനെ തിരയുന്ന സമയത്ത് അവര്‍ ഉദ്ദേശിച്ച നായകനെയവര്‍ക്ക് കിട്ടാതായപ്പോള്‍ സുഗീതേട്ടന്‍ തന്നെയാണ് എന്നെയതിലേക്ക് സജസ്റ്റ് ചെയ്യുന്നത്. അന്ന് എത്ര തിരഞ്ഞിട്ടും സാമിന്‍റെ മുഖം കണ്ടെത്താന്‍ കഴിയാത്തത് എന്നെ സംബന്ധിച്ച് ഭാഗ്യമായി സിദ്ധിച്ചുവെന്ന് പറയുന്നതാവും ശരി. സംവിധായകനാവാന്‍ ആഗ്രഹിച്ച ഞാന്‍ അങ്ങനെ നടനായി സിനിമാമേഖലയിലേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. എന്‍റെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് അവിടെ നിന്ന് തുടങ്ങി.

 

As an Actor

ആദ്യ സിനിമ കമല്‍ സാറിനൊപ്പം. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അഭിനയിച്ചു. അതില്‍ എന്നെ എല്ലാവരും ഓര്‍ക്കുന്നവിധം ഞാന്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കില്‍ അത് കമല്‍ സാര്‍ എന്ന സംവിധായകന്‍റെ ക്രെഡിറ്റായിരുന്നു. എനിക്ക് ഇപ്പോഴും വളരെ സ്പെഷ്യലാണ് ഗോള്‍. ഊട്ടിയായിരുന്നു ലൊക്കേഷന്‍. എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷം ചെന്നൈയില്‍ പഠിക്കുമ്പോഴായിരുന്നു ഗോളില്‍ അഭിനയിക്കുന്നത്. ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി. ഒപ്പം സിനിമയുടെ പുറകില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് നേരിട്ട് അറിയാന്‍ സാധിച്ചു. പിന്നീടദ്ദേഹത്തിന്‍റെ നടനില്‍ ഗസ്റ്റ് അപ്പിയറന്‍സില്‍ എത്തിയിരുന്നു.

With legends

സിനിമ: വെള്ളത്തൂവല്‍, സംവിധാനം: ഐ.വി. ശശി
തിരക്കഥ: ജോണ്‍പോള്‍, ഛായാഗ്രാഹകന്‍: ആനന്ദക്കുട്ടന്‍
മ്യൂസിക്: ജോണ്‍സണ്‍

ഗോള്‍ എനിക്ക് തന്ന മറ്റൊരു ഭാഗ്യമായിരുന്നു വെള്ളത്തൂവല്‍. ഈ കാലത്തുള്ള എത്ര നടന്മാര്‍ക്ക് ഈ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് അറിയില്ല. ഞാന്‍ അത്രയും അനുഗൃഹീതനാണ്. ഗോള്‍ കണ്ടായിരുന്നു ഐ.വി. ശശി സാര്‍ എന്നെ വിളിക്കുന്നത്. കഥാപാത്രം എന്തെന്നുപോലും എനിക്ക് അറിയുണ്ടായിരുന്നു. അത്രയും എക്സൈറ്റഡായിരുന്നു ഞാന്‍. ഇന്ന് സംവിധായകനാകാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ അവരില്‍ നിന്ന് പഠിച്ചതെല്ലാം പ്രചോദനമായിട്ടുണ്ട്. അത്രയും ലെജന്‍സിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അവര്‍ ചെയ്യുന്ന വര്‍ക്കിന് കൊടുക്കുന്ന ക്ലാരിറ്റി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അവിടെ ഒരു കണ്‍ഫ്യൂഷനുമില്ല. ക്രീയേറ്റിവിറ്റിയും ഒപ്പം മാനേജ്മെന്‍റും അവര്‍ ഹാന്‍ഡില്‍ ചെയ്യുന്നത് എന്ത് രസമായിട്ടാണ്. അത് അവര്‍ക്ക് മാത്രമേ സാധിക്കുകയൊള്ളൂ. പിന്നീട് ജോഷി സാറിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴും അതേ ഫീല്‍ കിട്ടിയായിരുന്നു. ഇന്നിപ്പോള്‍ സ്വന്തമായി സംവിധാനം ചെയ്യാനൊരുങ്ങി നില്‍ക്കുമ്പോള്‍ അവരുടെയെല്ലാം അനുഗ്രഹം എന്നിലുണ്ടെന്ന് തോന്നാറുണ്ട്. എന്‍റെ സിനിമ സംഭവിക്കും.

Kollywood

നിനൈത്തതുയാരോ എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്കെത്തുന്നത്. 2014 ലാണ് ആ ചിത്രം റിലീസിനെത്തുന്നത്. അതുപോലെ തെലുങ്ക് സിനിമകളിലഭിനയിച്ചു. സിനിമ എല്ലായിടത്തും ഒരുപോലെയാണെങ്കിലും ഭാഷയില്‍ മാത്രമാണ് വ്യത്യാസം. മലയാളം പോലെ എനിക്ക് അനായാസം വഴങ്ങുന്നത് തമിഴാണ്. ഞാന്‍ എന്‍ജിനീയറിംഗ് പഠിച്ചതെല്ലാം ചെന്നൈയിലാണ്. അതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ തമിഴ് സിനിമകള്‍ ചെയ്യുന്നത്. അവിടെയും ഒരുപാട് നല്ല സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു.

Coming back

അഭിനയത്തില്‍ നിന്നെടുത്ത ബ്രേക്ക് അവസാനിപ്പിച്ചിട്ട് വീണ്ടും സിനിമയിലേക്ക് സജീവമാവാന്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷമായിട്ടുള്ളൂ. അതിന്‍റെ തുടര്‍ച്ചയെന്നോണം ഒരു നാലഞ്ച് സിനിമകള്‍ ചെയ്തു. ഇനി ജെ.എസ്.കെ എന്നുപറയുന്ന സുരേഷ് ഗോപി ചിത്രത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് ചെയ്യുന്നുണ്ട്. നാല് ഭാഷകളിലായി ചിത്രീകരിക്കുന്ന സിക്കാഡയിലാണ് ഏറ്റവും പുതിയതായി അഭിനയിക്കുന്നത്. സംഗീതസംവിധായകനായ ശ്രീജിത്ത് എടവണ്ണയാണ് സംവിധായകന്‍. നാല് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

അതിന്‍റെ റിലീസ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒരു വര്‍ഷത്തോളം സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബാംഗ്ലൂര്‍ വാഗമണ്‍, അട്ടപ്പാടി തുടങ്ങിയ ഇടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. അജുവര്‍ഗ്ഗീസിനെ നായകനാക്കി ഞാനാദ്യമായി സംവിധാനം ചെയ്ത 'ലൗ പോളിസി' എന്ന മ്യൂസിക് വീഡിയോയുടെ സംഗീതസംവിധായകനായിരുന്നു ശ്രീജിത്ത് എടവണ്ണ. സര്‍വൈവല്‍ ത്രില്ലറാണ് ചിത്രം. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിന്‍റെ വേഷമാണ്. അയാള്‍ നാട്ടിലേക്ക് എത്തുന്നതും പിന്നീട് കടന്നുപോകുന്ന ചില സംഭവങ്ങളുമാണ് ചിത്രം.

Business

പത്തുവര്‍ഷത്തെ ബ്രേക്കിനിടയില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഒരു ഹോട്ടല്‍ ബിസിനസിലേക്ക് കൂടി കുറച്ച് ശ്രദ്ധ തിരിച്ചിരുന്നു. അതുപോലെ അൃ്യ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ചെന്നൈയില്‍ ഒരു പരസ്യ ഏജന്‍സി നടത്തുന്നുണ്ട്. അതിനുവേണ്ടിയാണ് പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നുണ്ട്. അത് സന്തോഷം നല്‍കുന്നുണ്ട്.

Family Time

ഭാര്യ ശ്രുതി ഡെന്‍റിസ്റ്റാണ്. മോള്‍ മല്‍ഹാരയ്ക്ക് ഒരു വയസ്സ് തികയുന്നു. അവരുടെ പിന്തുണ കരുത്താണ്.


ബിന്ദു പി.പി


LATEST VIDEOS

Interviews