സനൽകുമാർ ശശിധരൻ സംവിധാനം നിർവ്വഹിച്ച വഴക്കിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം നേടിയ തന്മയ സോളിന്റെ വിശേഷങ്ങൾ
വഴക്കിൽ അഭിനയിച്ചതിനുശേഷമാണ് ഞാൻ അഭിനയിക്കുന്ന കാര്യം എന്റെ ഫാമിലി പോലും തിരിച്ചറിയുന്നത്. അച്ഛനും ചേച്ചിയും സിനിമാമേഖലയിലുള്ളവരായതുകൊണ്ടുതന്നെ സിനിമയിൽ എപ്പോഴാണെങ്കിലും എത്തിപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ, വഴക്കിലേക്ക് എത്തിപ്പെടുന്നത് വളരെ യാദൃച്ഛികമായാണ്. വഴക്ക് നല്ലൊരു തുടക്കമായി. എന്റെ സിനിമാ കരിയറിൽ വഴക്കിന് അവാർഡ് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും എനിക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അന്ന് സ്‌ക്കൂളിലേയ്ക്കും പോയതും. മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുമ്പോൾ ഞാൻ ഇതൊന്നും അറിയാതെയാണ് സ്‌ക്കൂളിൽ പോയത്. സ്‌ക്കൂൾ കഴിഞ്ഞുവരുന്ന വഴിയിൽ അച്ഛൻ വന്ന് അവാർഡുണ്ടെന്ന് പറയുമ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ടി. അന്ന് എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതിന് അപ്പുറമാണ്. സനൽ കുമാർ ശശിധരൻ സംവിധാനം നിർവ്വഹിച്ച് ടോവിനോ തോമസ് നായകനായി എത്തിയ വഴക്കിലെ ഗംഭീരപ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ തന്മയ സോൾ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
അവാർഡ് ഇരട്ടിമധുരം
വളരെ യാദൃച്ഛികമായാണ് വഴക്കിന്റെ ഭാഗമാവുന്നത്. ഒരുപാട് പ്രശംസകൾ ഇതിനോടകം അതിനെ തേടിയെത്തി. ഇപ്പോളിതാ അതിലെ എന്റെ പ്രകടനത്തെ തേടി സ്റ്റേറ്റ് അവാർഡും എത്തിയിരിക്കുന്നു. എന്റെ ഈ അവാർഡ് പൂർണ്ണമായും സനൽ സാറിന് സമർപ്പിക്കുന്നു. വഴക്കിലെ ആ കഥാപാതരം ധൈര്യമായി സനൽ സാർ എന്നെ ഏൽപ്പിച്ചു. പലതും പഠിപ്പിച്ചുതന്നു. ആദ്യമായി വലിയൊരു പടത്തിൽ അഭിനയിക്കുന്നുവെന്നും എന്റെ മുന്നിൽ നിൽക്കുന്നത് മലയാളത്തിലെ വലിയൊരു നടനാണെന്നുമുള്ള എന്റെ ആശങ്കകളെ എന്നെ വളരെയധികം കംഫർട്ടാക്കിക്കൊണ്ട് വഴക്ക് ടീം മാറ്റിയെടുത്തു.
റീ ടേക്ക് പോവുമോയെന്ന് ഭയന്നു
ആദ്യസിനിമ, ഇത്രയും വലിയൊരു ടീം അതൊരു ടെൻഷനുള്ള കാര്യമായിരുന്നു. സിനിമയിൽ കുറച്ച് സീനുകൾ മാത്രമാണ് ഉള്ളതെങ്കിലും കൂടുതൽ സീനും ലോംഗ് ഷോട്ടുകളാണ്. പത്തും പതിനഞ്ചും മിനിറ്റുകൾ നീളുന്ന സീനുകളായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ കാരണം റീ ടേക്കുകൾ പോവരുതെന്ന് നിർബന്ധം ഉണ്ടായിരുന്നുന. അതായിരുന്നു പ്രധാന ടെൻഷൻ. ടോവിനോ അങ്കിളിനെപ്പോലെ മുഖ്യധാരയിലുള്ള ഒരു ആക്ടർക്കൊപ്പം നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞുവെന്ന സന്തോഷമുണ്ട്.
വഴക്കിൽ എത്തിയത്
ചേച്ചിയുടെ ഷോർട്ട് ഫിലിമിൽ നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറ്റുള്ളവരുടെ നിർബന്ധം കാരണം അഭിനയിച്ചതാണെന്നാണ് അമ്മയടക്കം കരുതിയിരുന്നത്. വഴക്കിലേക്ക് ഓഡിഷൻ വഴിയാണ് എത്തിപ്പെടുന്നത്. അതിലും അങ്ങനെയെന്നാണ് അമ്മയെല്ലാം ആദ്യം വിചാരിച്ചത്. പക്ഷേ ഞാൻ വളരെ താൽപ്പര്യത്തോടെ അഭിനയിച്ചതാണ് വഴക്കിൽ. അതുകൊണ്ടാണ് എന്നെക്കൊണ്ട് മാക്‌സിമം പെർഫോം ചെയ്യാൻ കഴിഞ്ഞത്.
അവാർഡ് ഉത്തരവാദിത്തമാണ്
ഈ അവാർഡ് ഇനിയുള്ള സിനിമാജീവിതത്തിൽ ഉത്തരവാദിത്തമാണ്. പുതിയ സിനിമകളുടെ ചർച്ചകൾ പുരോഗമിക്കുന്നു. ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യണം, ഒരുപാട് നല്ല ആർട്ടിസ്റ്റുമാർക്കൊപ്പം ഫ്രെയിം പങ്കിടണമെന്ന് ആഗ്രഹമുണ്ട്.
കുടുംബത്തിന്റെ പിന്തുണ
അച്ഛൻ അരുൺസോൾ സിനിമാമേഖലയിലുള്ളയാളായതുകൊണ്ടുതന്നെ ചെറുപ്പം മുതൽ അഭിനയം ഒപ്പമുണ്ട്. ഫേസ്ബുക്കിലേക്ക് അച്ഛൻ ഷോർട്ട് വീഡിയോകൾ ഇടുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ട്. അതേ സന്തോഷമായിരുന്നു ഒരു ഫീച്ചർ മൂവി ഷൂട്ട് കഴിഞ്ഞപ്പോഴും ഉണ്ടായത്. ചേച്ചി തമന്ന സോൾ ചെയ്ത ഷോർട്ട് ഫിലിമുകൾക്ക് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചേച്ചിയുടെ ഷോർട്ട് ഫിലിമിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അമ്മ ആശ പ്രിയദർശിനി വലിയ പിന്തുണ നൽകുന്നുണ്ട്. അച്ഛനും ചേച്ചിയും വഴക്കിന്റെ സഹ സംവിധായകരായി ജോലി ചെയ്തിരുന്നു.
ബിന്ദു പി.പി.