NEWS

തരംഗം മുതല്‍ ലോക വരെ - ശരത് സഭ

News

 

തരംഗം മുതല്‍ ശരത് സഭ മലയാള സിനിമയുടെ ഒപ്പമുണ്ട്. അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ലോക ചാപ്റ്റര്‍ 1 ചന്ദ്രയിലെ കന്നഡ വില്ലനായി ശരത് തിളങ്ങി. സിനിമാജീവിതവഴികളെക്കുറിച്ച് ശരത് സഭ സംസാരിക്കുന്നു.

 

ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച്?

നൗഫല്‍ അബ്ദുള്ള സംവിധാനം ചെയ്യുന്ന നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ് എന്ന ചിത്രമാണ് എന്‍റേതായി ഇനി റിലീസിനെത്തിയ ചിത്രം. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തിയായ ഒരു സാങ്കല്‍പ്പിക ഗ്രാമമായ നെല്ലിക്കാപൊയിലും അവിടെയുള്ള മനുഷ്യരുടെയും കഥയാണ് നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്. മാത്യുതോമസ്, റോഷന്‍ ഷാനവാസ്, വിഷ്ണു അഗസ്ത്യ, അബുസലിം, റോണി, മീനാക്ഷി തുടങ്ങി വലിയൊരു താരനിര തന്നെ നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സില്‍ അണിനിരക്കുന്നുണ്ട്. സാധാരണക്കാരനായ, ഓട്ടോ ഓടിച്ചുജീവിക്കുന്ന രാജേഷ് എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്.

തരംഗമായിരുന്നല്ലോ തുടക്കം?

എനിക്കൊരു ക്യാരക്ടര്‍ വേഷം തന്ന് കൊമേഴ്സ്യല്‍ സിനിമയില്‍ എന്നെ പരിചയപ്പെടുത്തുന്നത് ഡൊമിനിക് ആണ്. എട്ടുവര്‍ഷങ്ങള്‍ക്കുശേഷം അതേ സംവിധായകന്‍ രണ്ടാമത്തെ സിനിമയുമായി എത്തുമ്പോള്‍ അതുവരെ ഞാന്‍ ചെയ്തുവന്ന ഹ്യൂമര്‍ വേഷങ്ങളെയും അടുത്ത വീട്ടിലെ ചെറുപ്പക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന വേഷങ്ങളെയും ബ്രേക്ക് ചെയ്യുന്ന വേഷമാണ് സുന്ദര്‍. അജിത്ത് മാമ്പുള്ളി സംവിധാനം ചെയ്ത കൊണ്ടല്‍ എന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള വേഷം ചെയ്തിട്ടുണ്ടെങ്കിലും അത് പ്രേക്ഷകരിലേക്ക് എത്തിയില്ല. ലോകയിലൂടെയാണ് അത് കൂടുതല്‍ പേരിലേക്ക് എത്തുന്നത്. ലോക നേടിയ റെക്കോര്‍ഡുകളും കിട്ടുന്ന സ്വീകാര്യതയുമെല്ലാം എനിക്ക് കൂടി സന്തോഷം നല്‍കുന്ന ഒന്നാണ്. എനിക്കാദ്യമായി ക്യാരക്ടര്‍ റോള്‍ നല്‍കുന്നതും ഇപ്പോള്‍ ചെയ്തുവന്ന ഷെയ്ഡ് പൊളിച്ചെഴുതിയതും അദ്ദേഹമാണ്. അരുണ്‍ ഡൊമിനിക് എന്ന സംവിധായകനെക്കുറിച്ച് ഓര്‍ക്കുമ്പോഴും ഞാന്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും സന്തോഷവും ഒപ്പം അഭിമാനവുമുണ്ട്.

കന്നഡ വില്ലന്‍ എന്നത് എളുപ്പമായിരുന്നോ?

ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായൊന്നും സാമ്യമില്ലാത്ത ഒന്നാണ് സുന്ദര്‍. ഒപ്പം ഞാന്‍ സുന്ദറിനെപ്പോലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തുമ്പോള്‍ പ്രേക്ഷകരും സ്വീകരിക്കണം. അതനുസരിച്ച് വളരെ കണ്‍വിന്‍സിങ് രീതിയിലായിരിക്കണം അവതരിപ്പിക്കേണ്ടതെന്നത് എന്നെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. സുന്ദര്‍ എന്ന കഥാപാത്രത്തിന്‍റെ ബാക്ക് സ്റ്റോറി സംവിധായകന്‍ വ്യക്തമായി പറഞ്ഞുതന്നിരുന്നു. അല്ലാതെ അതിനുപുറമെ സ്വന്തം ഭാവനയിലും സുന്ദറിന്‍റെ ബാക്ക് സ്റ്റോറിയില്‍ കൂട്ടിച്ചേര്‍ത്തു. സുന്ദറിന്‍റെ കഥാപാത്രത്തിന് ഹ്യൂമറിന്‍റെ ഒരു ലൈനുമുണ്ട്. ഒപ്പം ഡാര്‍ക്ക് ഷെയ്ഡും. അത് നന്നായി അവതരിപ്പിക്കുക എന്ന് തന്നെയായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി.

സുന്ദറിന്‍റെ കന്നഡ കലര്‍ന്ന സംസാരരീതിയായിരുന്നു നേരിട്ട മറ്റൊരു വെല്ലുവിളി. എനിക്ക് കന്നഡ ഒട്ടും അറിയില്ലായിരുന്നു. സംവിധായകന്‍ തന്ന ആത്മവിശ്വാസമാണ് ക്യാമറയ്ക്ക് മുന്നില്‍ അത് മനോഹരമായി അവതരിപ്പിക്കാന്‍ സഹായിച്ചത്. ടോബി എന്ന കന്നഡ ചിത്രം സംവിധാനം ചെയ്ത മലയാളിയായ ബേസില്‍ സഹായിച്ചു. അദ്ദേഹമാണ് സ്ക്രിപ്റ്റ് ട്രാന്‍സിലേറ്റ് ചെയ്ത എന്‍റെ ഡയലോഗുകള്‍ എങ്ങനെ പറയുമെന്നൊക്കെ വാട്സ് ആപ്പില്‍ വോയിസ് നോട്ടായി ഇട്ടുതന്നത്. കന്നഡ സംസാരിക്കുന്ന ഒരാള്‍ എങ്ങനെ മലയാളം പറയുമെന്നൊക്കെ കൃത്യമായി പറഞ്ഞുതരികയും ചെയ്തു. ഡബ്ബിംഗ് സമയത്തും അദ്ദേഹത്തിന്‍റെ സാന്നിധ്യം നല്ല രീതിയില്‍ സഹായിച്ചു.

വ്യത്യസ്ത വേഷങ്ങള്‍, സിനിമകള്‍?

തരംഗത്തിലാണ് ആദ്യമായി ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത്. ഇപ്പോള്‍ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം അതേ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഇതിനിടയില്‍ ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചെന്നതില്‍ സന്തോഷമുണ്ട്. ജാന്‍ എ മന്നിലെ സജി എന്ന ഗുണ്ടയ്ക്കൊപ്പം നടക്കുന്ന കണ്ണന്‍ എന്ന ഗുണ്ടയുടെ വേഷം ഒരു ഐഡന്‍റിറ്റി തന്നു. ഇപ്പോഴും പലരും എന്‍റെ ആ  കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്നു.

അതുപോലെ പൂക്കാലത്തിലെ പള്ളീലച്ചന്‍, കണ്ണൂര്‍ സ്ക്വാഡിലെ വിനോദ് എന്ന സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍, പ്രണയവിലാസത്തില്‍ തെയ്യം കലാകാരന്‍, കൊണ്ടലിലെ സ്ത്രൈണ സ്വഭാവമായുള്ള പണ്ടാരി, അങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങള്‍, എക്സ്പ്ലോര്‍ ചെയ്യാന്‍ സാധിച്ചു. ജാന്‍ എ മന്നിലെ പാലക്കാട് സ്ലാങ് പോലെ ജയ ജയ ജയ ജയഹേയില്‍ കൊല്ലം സ്ലാങ്, പ്രണയ വിലാസത്തില്‍ കണ്ണൂര്‍ സ്ലാങ്, കൊറോണ ധവാനില്‍ തൃശൂര്‍ സ്ലാങ് ഇതെല്ലാം ചെയ്യാന്‍ കഴിഞ്ഞു. ഈ ചെറിയ കാലയളവില്‍ ഇങ്ങനെ കിട്ടുക എന്നതുതന്നെ വലിയൊരു സന്തോഷം നല്‍കുന്ന കാര്യമാണ്. ഒപ്പം ഒരുപാട് നല്ല ആര്‍ട്ടിസ്റ്റുമാര്‍ക്കൊപ്പവും സംവിധായകര്‍ക്കൊപ്പവും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. ലെജന്‍റായ മമ്മൂക്കയ്ക്കൊപ്പം കണ്ണൂര്‍സ്ക്വാഡില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു.

പ്രൊമോഷന്‍ ഇന്‍റര്‍വ്യൂവിന്‍റെ ഭാഗമായി ഇരുന്നപ്പോള്‍ എന്‍റെ പെര്‍ഫോമന്‍സിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ മുന്നോട്ടുള്ള യാത്രയില്‍ അതെല്ലാം പ്രചോദനമാണ്. അതോടൊപ്പം മാത്യു, പെപ്പെ, ടോവിനോ, ബേസില്‍, അര്‍ജുന്‍ അശോകന്‍, വിജയരാഘവന്‍ സാര്‍, കല്യാണി, ദിലീപേട്ടന്‍, ദര്‍ശന തുടങ്ങിയവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്തു.
 


LATEST VIDEOS

Interviews