NEWS

ആ സിനിമ എന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു... -Santhosh Keezhattoor

News

ചക്രം സിനിമയില്‍ അഭിനയിച്ചത് ഏങ്ങനെയായിരുന്നു?

സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയെ കാണാനായി പൊള്ളാച്ചിയിലെ 'ചക്രം' സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നു. അദ്ദേഹത്തിന്‍റെ ഒരു ഡോക്യുമെന്‍ററിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ആ ഡോക്യുമെന്‍ററിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുമൂലം അദ്ദേഹവുമായി എനിക്ക് നല്ലൊരു സൗഹൃദം സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹത്തെയും കാണാം, ഷൂട്ടും കാണാം എന്നുകരുതി ഞാന്‍ 'ചക്ര'ത്തിന്‍റെ സെറ്റില്‍ പോകുന്നത്. അവിടെവച്ച് ലോഹിതദാസ് സാറിനെ പരിചയപ്പെട്ടു. നാടകവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കുറെ കാര്യങ്ങള്‍ സംസാരിച്ചു. ഞാന്‍ രണ്ടുദിവസം ലൊക്കേഷനിലുണ്ടായിരുന്നു. പിന്നെ, ഞാന്‍ തിരിച്ച് വീട്ടിലേക്ക് പോന്നു. വീട്ടിലെത്തി കഴിഞ്ഞപ്പോള്‍ 'ചക്രം' സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ലൊക്കേഷനിലെത്തണമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കാള്‍ വന്നു. ലോഹി സാറിനൊപ്പം ഞാന്‍ രണ്ടുദിവസം ഉണ്ടായിട്ടും ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ചിട്ടില്ല. ഇതായിരുന്നു എന്‍റെ ആദ്യത്തെ സിനിമാ അനുഭവം. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് എന്നോടുതന്നെ അത്ര ഇഷ്ടം തോന്നിയില്ല.

എന്നാല്‍, കുറെ കഴിഞ്ഞപ്പോള്‍ സിനിമയില്‍ പണിയെടുക്കാം എന്നൊരു മനസ്സ് എനിക്കിണങ്ങി വന്നു. അങ്ങനെ ഞാന്‍ ഡയറക്ടര്‍ ടി.വി. ചന്ദ്രന്‍ സാറിന്‍റെയൊപ്പം ഭൂമിമലയാളം, ഭൂമിയുടെ അവകാശികള്‍, ചന്ദ്രനും മോഹനനും, മോഹവലയം തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. കമല്‍സാറിന്‍റെ 'നടന്‍' എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്നു.

ഒരു നടന്‍ എന്ന നിലയില്‍ ഒരു ബ്രേക്ക് കിട്ടിയത് ഏത് സിനിമയിലൂടെയായിരുന്നു?

വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെയാണ് പിന്നീടെനിക്ക് ഒരു ബ്രേക്ക് കിട്ടുന്നത്. ഒരഭിനേതാവ് എന്ന നിലയില്‍ എന്നെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതുമൊക്കെ ആ സിനിമയിലൂടെയാണ്. ആ സിനിമ എന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു.

ചില നിമിത്തങ്ങളുണ്ടല്ലോ. ആ സിനിമ കഴിഞ്ഞപ്പോള്‍ പലരും എനിക്ക് വേഷങ്ങള്‍ ഇങ്ങോട്ട് വിളിച്ച് തരാന്‍ തുടങ്ങി. അങ്ങനെ കുറെ സിനിമകള്‍ ചെയ്തു.

കരിങ്കുന്നം സിക്സസ്, പത്തേമാരി, മുന്നറിയിപ്പ്, ഒടിയന്‍ തുടങ്ങി കുറെ സിനിമകള്‍. ഇനി റിലീസ് ചെയ്യാനുള്ള സിനിമകളില്‍ അജയന്‍റെ രണ്ടാം മോഷണം നന്നായിരിക്കും. ലാല്‍ സാറിന്‍റെ തരുണ്‍ മൂര്‍ത്തി സിനിമയില്‍ ഒരു ഡി.വൈ.എസ്.പി വേഷം ചെയ്തു. വരാഹം റിലീസിനൊരുങ്ങുന്നു. 'കപ്പ്' എന്നൊരു സിനിമയും വരാനിരിക്കുന്നു. മരണമാസ്സ് എന്ന സിനിമ ഉടനെതുടങ്ങും. ഒറ്റക്കൊമ്പനാണ് ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന മറ്റൊരു സിനിമ.


LATEST VIDEOS

Interviews