NEWS

നിർമ്മാതാവിന്റെ കൂടെ നിൽക്കാനുള്ള ബാധ്യത നടനുണ്ട്;വിഷ്ണു ഉണ്ണികൃഷ്ണൻ

News

മനപ്പൂർവ്വമായിരിക്കില്ല, മലയാള സിനിമയിൽ അങ്ങനെ സംഭവിച്ചു പോകുന്നതാണ്. ചില അഭിനേതാക്കളിൽ മാത്രമായി വന്നുഭവിക്കുന്ന ഒരു കാര്യം.തിരക്കഥാകൃത്തായി മലയാള സിനിമാരംഗത്ത് വന്നു, പിന്നെ, നായകനടനായി കുറെ സിനിമകളിൽ അഭിനയിച്ചതിനുശേഷം സംവിധായകനുമായി. തിരക്കഥാരചനയും സംവിധാനവും ഒക്കെ തനിച്ചായിരുന്നില്ല.... കൂട്ടിന് ഒരാളുണ്ട്. ബിബിൻ ജോർജ്ജ്.
ആരെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും. വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെ.  പാലായിൽ രാമപുരത്ത് ഹരിദാസ് സംവിധാനം ചെയ്യുന്ന 'താൻ ആരാ...?' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിഷ്ണുവിനെ കാണുന്നത്. 
ഇതും ഒരു കള്ളൻ വേഷം തന്നെ.  പേര് നന്ദൻ. 
കള്ളനും ഭഗവതിയും കഴിഞ്ഞ് അഭിനയിക്കുന്ന സിനിമയിലും കള്ളനോ എന്ന മറുചോദ്യം കേട്ടപ്പോൾ വിഷ്ണു പറഞ്ഞു.
'ഞാൻ കള്ളനായി അഭിനയിക്കുന്ന കുറെ സിനിമകളുണ്ട്. എങ്കിലും കള്ളൻ വേഷങ്ങളോട് മടുപ്പൊന്നും തോന്നിയിട്ടില്ല.

ആണോ എങ്കിൽ ആ കള്ളൻവേഷം ചെയ്ത സിനിമകളുടെ പേരുകളൊന്ന് പറയാമോ?

വിഷ്ണു: കുറെ വർഷങ്ങൾക്ക് മുമ്പ് ഞാൻ 'എന്റെ വീട് അപ്പൂന്റേം'എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. എന്റെ ആദ്യത്തെ സിനിമ. അതിൽ മ്യൂസിയത്തിൽ നിന്നും മാർത്താണ്ഡവർമ്മയുടെ മൊന്ത മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഒരു കള്ളനാണ്. ബാച്ചിലർ പാർട്ടി എന്ന സിനിമയിൽ കള്ളനായി അഭിനയിച്ചു. പിന്നെ ചെയ്ത 'കമ്മത്ത് ആന്റ് കമ്മത്ത്' എന്ന സിനിമയിലും കള്ളനായി അഭിനയിച്ചു. പൊട്ടാസ് ബോംബ് എന്നുപറയുന്ന സിനിമയിലും കള്ളനായിരുന്നു. ശിക്കാരി ശംഭു എന്ന സിനിമയിലും കള്ളനാണ്.

കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിൽ ഒരു ഡയലോഗ് ഞാൻ പറയുന്നുണ്ട- എന്റെ ലുക്ക് ഒക്കെ വച്ചിട്ട് കള്ളൻ വേഷത്തിലേയ്ക്ക് എന്നെ വിളിക്കും എന്നുപറയുന്നതും എന്റെ സിനിമാഅനുഭവങ്ങൾ വച്ചിട്ടാണ്. ഇപ്പോൾ കള്ളനും ഭഗവതിയും കഴിഞ്ഞ് 'താൻ ആരാ' എന്ന സിനിമയിലും കള്ളൻ തന്നെ.

വിഷ്ണു ഇതുപറഞ്ഞു ചിരിച്ചിട്ട് തുടർന്നു. നൂറോ നൂറ്റിപ്പത്തോ കഥകൾ കേട്ടിട്ടായിരിക്കും അതിൽ ഒന്നോ രണ്ടോ കഥ സെലക്ട് ചെയ്യുന്നത്. അപ്പോ അതിൽ കള്ളനായി മാറുന്നു. ആ വേഷങ്ങളിൽ എന്തെങ്കിലും പുതിയതായി ഒന്നുണ്ടാകും. അല്ലെങ്കിൽ ഒരു സ്പാർക്ക് ഉണ്ടാകും. അതുകൊണ്ടായിരിക്കും ആ കഥ സെലക്ട് ചെയ്യുന്നത്. എന്നുപറഞ്ഞതുപോലെയാണ് ഇപ്പോ ഈ സിനിമയിലും ഞാൻ കള്ളനായി മാറുന്നത്. 'നന്ദൻ' എന്ന കള്ളനിലുമുണ്ട് പുതുമകളും വ്യത്യസ്തതയും. ഇതൊരു മറാത്തി സിനിമയാണ്. പക്കാ ഹ്യൂമറിൽ പറഞ്ഞുപോകുന്ന സിനിമ.

അമർ അക്ബർ ആന്റണി, ഒരു യമണ്ടൻ പ്രണയകഥ... തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയവർ 'വെടിക്കെട്ട്' എന്ന സിനിമയിലൂടെ സംവിധായകരായി മാറി. ആ സിനിമയുടെ റിലീസും കഴിഞ്ഞു. ഈ യാത്രയിൽ വിഷ്ണു മനസ്സിലാക്കിയതും പഠിച്ചതുമായ അനുഭവം?

അത്.. ഒറ്റവാക്കിൽ പറയാവുന്നതല്ല. തിരക്കഥയെഴുത്തിൽ നിന്നും സംവിധാനത്തിലേക്ക് വന്നത് വലിയ ഒരു പ്രോസ്സസ് തന്നെയായിരുന്നു. അതുപക്ഷേ, എന്നെയും ബിബിനെയും സംബന്ധിച്ച് പറഞ്ഞാൽ  അന്യമല്ലായിരുന്നു. കാരണം, ഞങ്ങൾ തിരക്കഥയെഴുതിയ ആദ്യസിനിമകളുടെ സംവിധായകരും പുതിയവർ തന്നെയായിരുന്നു. അതുകൊണ്ട് സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങൾ കൂടെയുണ്ടായിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതിന്റെ ഉത്തരവാദിത്തം മുഴുവനും ഞങ്ങളുടെ ചുമലിലേക്ക് വരിക എന്നുപറയുന്നത് ചെറിയ കാര്യമല്ല. വളരെ വലിയ ഒരു കാര്യം തന്നെയാണ്. ഒരുപാട് പുതിയ പുതിയ അനുഭവങ്ങൾ തന്ന സിനിമയായിരുന്നു വെടിക്കെട്ട്. നമ്മളെത്തന്നെ തിരിച്ചറിയാൻ കഴിയുന്ന ഒരവസ്ഥ.

സിനിമ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷകരുടെ പ്രതികരണം.. അവരുടെ ആസ്വാദനശേഷി എല്ലാം എങ്ങനെയുണ്ടായിരുന്നു?

പ്രേക്ഷകരിൽ നിന്നും നല്ല സ്വീകാര്യത കിട്ടിയിട്ടുണ്ട്. എന്നാൽ, ബോക്‌സോഫീസിൽ തങ്ങൾ ഉദ്ദേശിച്ചതുപോലെയും പ്രതീക്ഷിച്ചതുപോലെയുമുള്ള പ്രതികരണമല്ല പ്രേക്ഷകർ നൽകിയത്. വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിനന്ദനങ്ങളും ഉണ്ടായിട്ടുണ്ട്. അത് അമർ അക്ബർ.... റിലീസായപ്പോഴും യമണ്ടൻ പ്രണയകഥ റിലീസായപ്പോഴുമെല്ലാം സംഭവിച്ചിട്ടുണ്ട്. കുഴപ്പങ്ങൾ പറയുന്നത് തിരുത്തിക്കൊണ്ടാണ് പുതിയ ഓരോ സിനിമകളും ഞങ്ങൾ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സിനിമയുടെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ എപ്പോഴും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ സിനിമ ചെയ്യുമ്പോൾ ഇന്ന ഇന്ന കാര്യങ്ങൾ കൂടി വേണം എന്ന അഭിപ്രായവും സ്വാധീനവും പുറത്തുനിന്നും വന്നുപോകും. അതിൽ നിന്നും എത്രത്തോളം നമ്മളെടുക്കണം എന്നുള്ള ഒരു ബോദ്ധ്യം കൂടി ഞങ്ങളുടെ തിരിച്ചറിവിൽ വന്നിട്ടുണ്ട്.

സിനിമാസംവിധാനം എന്നത് ഒരു ലക്ഷ്യമായിരുന്നോ, അല്ലെങ്കിൽ ഓഫർ വന്നപ്പോൾ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവോ?

സിനിമ സംവിധാനം ചെയ്യുക എന്നത് ഒരു ലക്ഷ്യം തന്നെയായിരുന്നു. അമർ അക്ബർ കഴിഞ്ഞപ്പോൾ മുതൽ പല പ്രൊഡ്യൂസേഴ്‌സും ഞങ്ങൾക്ക് ഡയറക്ഷനുവേണ്ടി ഓഫർ തരികയും ചെയ്തിട്ടുണ്ട്. ഒരു സ്‌ക്രിപ്റ്റ് എഴുതാൻ വേണ്ടി ബാദുഷ ഞങ്ങൾക്ക് ഒരു അഡ്വാൻസ് തന്നിട്ടുണ്ടായിരുന്നു. പിന്നീടാണ് ആ പ്രോജക്ട് സംവിധാനം ചെയ്യുക എന്നതിലേക്കു കൂടി വന്നത്. അതൊരു പ്രത്യേകസാഹചര്യത്തിൽ സംഭവിച്ചതാണ്. ബാദുക്കയ്ക്കുവേണ്ടി വലിയ ഒരു പ്രോജക്ടാണ് ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ, പല കാരണങ്ങളാൽ അത് നീണ്ടുപോയി. അപ്പോഴാണ് ഞങ്ങളുടെ സുഹൃദ്‌വലയത്തിൽ പ്പെട്ടവരെയെല്ലാം വച്ച് ഒരു കൊച്ചുസിനിമ ചെയ്യുന്ന കാര്യം ആലോചിച്ചത്. അങ്ങനെയാണ് വെടിക്കെട്ടിലേയ്ക്ക് ഞങ്ങൾ എത്തിയത്.

അഭിനയിക്കുന്നതാണെങ്കിലും സ്‌ക്രിപ്റ്റ് ചെയ്യുന്നതാണെങ്കിലും ആ ജോലി പൂർത്തിയായി കഴിഞ്ഞാൽ പിന്നീട് ആ സിനിമകളുടെ പ്രൊഡ്യൂസർ സെയ്ഫാണോ എന്ന കാര്യം അന്വേഷിക്കാറുണ്ടോ? അല്ലെങ്കിൽ, ആ പ്രൊഡ്യൂസർക്കൊപ്പം നിൽക്കുന്ന കാര്യം ശ്രദ്ധിക്കാറുണ്ടോ?

തീർച്ചയായുമുണ്ട്. അല്ലെങ്കിൽ പിന്നെ, ഒരു നടനില്ല, ഒരു സ്‌ക്രിപ്റ്റ് റൈറ്റർ ഇല്ല എന്നുവിശ്വസിക്കുന്ന ഒരാളാണ് ഞാൻ.  എപ്പോഴും ഒരു പ്രൊഡ്യൂസറുടെ കൂടെ നിൽക്കാനുള്ള ഒരു ബാദ്ധ്യത ഒരു നടനുണ്ടായിരിക്കണം. എത്ര കാശ് കിട്ടിയെന്ന് അന്വേഷിക്കലല്ല, മറിച്ച്, ആ സിനിമ അദ്ദേഹത്തിന് നഷ്ടം വരുത്തിയിട്ടുണ്ടോ എന്നറിയണം. അത് ഞാൻ അന്വേഷിക്കാറുണ്ട്.- വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

 


LATEST VIDEOS

Interviews