തനിക്ക് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് കല്‍ക്കി 2898 എ.ഡി എന്ന ചിത്രത്തിലൂടെ കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് പ്രഭാസ്. ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ വിജയത്തിനുശേഷം ബോക്സ് ഓഫീസില്‍ അത്ര നല്ല പ്രകടനമായിരുന്നില്ല പ്രഭാസ് കാഴ്ച വച്ചത്. സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തോടെ പ്രഭാസിന്‍റെ താരമൂല്യത്തിന് വലിയ ഇടിവ് സംഭവിച്ചിരുന്നു. പൃഥ്വിരാജും പ്രഭാസും മത്സരിച്ച് അഭിനയിച്ച സലാറിലൂടെയാണ് പ്രഭാസ് വീണ്ടും തന്‍റെ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ഗംഭീരമായ സാങ്കേതികവിസ്മയമാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കിയിലൂടെ സിനിമാപ്രേമികള്‍ ആസ്വദിക്കുന്നത്.
മഹാഭാരതയുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് വി.എഫ്.എക്സ് സാങ്കേതിക വിദ്യയിലൂടെ കല്‍ക്കിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മഹാഭാരത കഥയുമായി, പ്രത്യേകിച്ച് അശ്വത്ഥാമാവിന്‍റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്. അശ്വത്ഥമാവ് തന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രവും. കല്‍ക്കിയുടെ ആദ്യപകുതിക്ക് ശേഷമാണ് പ്രഭാസിന്‍റെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ പ്രേക്ഷകര്‍ കാണുന്നത്. കേരളത്തിലെ പ്രഭാസ് ആരാധകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ദൃശ്യവിരുന്ന് തന്നെയാണ് കല്‍ക്കി.
ഭാഷാഭേദമെന്യേ മികച്ച നടന്മാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. ഒരുപക്ഷേ അല്ലുഅര്‍ജ്ജുന് ശേഷം മലയാളികള്‍ ഇത്രകണ്ട് നെഞ്ചിലേറ്റിയ തെലുങ്ക് നടന്‍ പ്രഭാസായിരിക്കും. പ്രഭാസ് ചുവടുറപ്പിച്ചിരിക്കുന്നത് തെലുങ്കിലാണെങ്കിലും അമരേന്ദ്ര ബാഹുബലിയെ നെഞ്ചിലേറ്റിയവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകും മലയാളികള്‍. പെണ്‍കുട്ടികളുടെ പ്രണയനായകനും ആണ്‍കുട്ടികളുടെ ആക്ഷന്‍ ഹീറോയുമായി പ്രഭാസ് മാറിയത് വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
അവിടുന്നങ്ങോട്ട് പ്രഭാസിനെ കാത്തിരുന്നത് ആരെയും അമ്പരപ്പിക്കുന്ന ഉയര്‍ച്ചയുടെ പടവുകളാണ്. ഇന്ത്യന്‍ സിനിമാലോകത്ത് തന്‍റേതായ ഇടം നേടിയ നടന്‍, നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാള്‍, ബിഗ്ബജറ്റ് സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് പ്രഭാസിന്. ബാഹുബലി എന്ന കഥാപാത്രത്തിലൂടെ ലോകസിനിമയ്ക്ക് മുന്നില്‍ തന്നെ വിസ്മയമായിത്തീര്‍ന്ന ഈ നാല്‍പ്പത്തിനാലുകാരന് ഇന്ന് ലോകം മുഴുവന്‍ ആരാധകരുണ്ട്.
2021 ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സൗത്ത് ഏഷ്യന്‍ സെലിബ്രിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടത് പ്രഭാസിനെയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്‍റെ തെളിവുകൂടിയാണത്. യു.കെ ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ഐ എന്ന പ്രതിവാര പത്രമാണ് പ്രഭാസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍വ്വേഫലം പ്രകാരം സിനിമ, ടെലിവിഷന്‍, സാഹിത്യം, സംഗീതം, സോഷ്യല്‍മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാള്‍ മുന്നിലാണ് പ്രഭാസ് എന്നതും ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും വലിയ സിനിമാവ്യവസായത്തിന്‍റെ മുഖച്ഛായ മാറ്റുന്നതില്‍ താരം വേറിട്ടുനിന്നു എന്നാണ് 'ഈസ്റ്റേണ്‍ ഐ' താരത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
1979 ഒക്ടോബര്‍ 23 ന് മദ്രാസില്‍ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന യു. സൂര്യനാരായണരാജുവിന്‍റെയും ഭാര്യ ശിവകുമാരിയുടെയും മൂന്ന് മക്കളില്‍ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പല്‍പ്പടി എന്ന പ്രഭാസ്.
ഭീമവരത്തെ ഡി.എന്‍.ആര്‍. വിദ്യാലയത്തില്‍ നിന്നും സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ താരം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജില്‍ നിന്നാണ് ബി.ടെക് ബിരുദം നേടിയത്. ആറടി രണ്ടര ഇഞ്ച് പൊക്കക്കാരന്‍ വൈകാതെ സിനിമയിലെത്താന്‍ ഉള്ള മാര്‍ഗ്ഗങ്ങളും തേടി തുടങ്ങി. 2002 ലാണ് പ്രഭാസിന്‍റെ സിനിമാലോകത്തേയ്ക്കുള്ള അരങ്ങേറ്റം. ജയന്ത് സി. പരന്ഞെ സംവിധാനം ചെയ്ത 'ഈശ്വര്‍' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് തന്‍റെ ആദ്യചുവട് വയ്ക്കുന്നത്. ശ്രീദേവി വിജയകുമാര്‍ ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. അവിടന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് വിസ്മയചിത്രം ബാഹുബലിയിലൂടെയാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷാ ചിത്രമായിരുന്നു ബാഹുബലി. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ നായകവേഷം പ്രഭാസിനെ ലോകസിനിമയിലെ തന്നെ ശ്രദ്ധേയതാരമാക്കി. ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്ട് തുടങ്ങിയ ചിത്രങ്ങളും ഏറെ തരംഗമായി മാറിയവ ആയിരുന്നു. മിര്‍ച്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ആന്ധ്രാപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരമായ നന്ദി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കൂടാതെ 2014 ല്‍ ഇറങ്ങിയ ആക്ഷന്‍ ജാക്സണ്‍ എന്ന ബോളിവുഡ് സിനിമയില്‍ അതിഥിവേഷത്തിലും താരം എത്തി. തെലുങ്ക് നടനായ കൃഷ്ണരാജുവിന്‍റെ അനന്തിരവന്‍ കൂടിയാണ് പ്രഭാസ്. 19 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ 25 ലധികം സിനിമകളുടെ ഭാഗമാകാനെ പ്രഭാസിന് കഴിഞ്ഞുള്ളു. എന്നാല്‍ അവയില്‍ പലതും തീയേറ്ററുകളില്‍ കയ്യടി നേടിയവയാണ്. വരുമാനത്തിന്‍റെ കാര്യത്തില്‍ ഫോബ്സ് ഇന്ത്യയുടെ 100 സെലിബ്രിറ്റികളുടെ പട്ടികയില്‍ നിരവധി തവണ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് പ്രഭാസ്. 2002 ലായിരുന്നു കരിയറിന്‍റെ തുടക്കമെങ്കിലും പ്രഭാസ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് ഒന്നര പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷമാണ്. കരിയര്‍ മാറ്റി മറിച്ച ബാഹുബലിക്ക് ശേഷം പ്രഭാസിനെ തേടിയെത്തുന്നത് എല്ലാം തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളാണ്.