മാറ്റങ്ങള്‍ കൂടുതല്‍ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയമുണ്ട്. ഇപ്പോള്‍ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകന്‍ വിജിതമ്പി പറയുന്നു. മലയാളസിനിമയില്‍ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലഘട്ടത്തെ മാറ്റിമറിച്ച നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് താങ്കള്‍. കൊല്ലങ്ങള്‍ക്കിപ്പുറം ഒരു തിരിച്ചുവരവ് നടത്തുമ്പോള്‍ എന്തുമാറ്റമാണ് താങ്കള്‍ക്ക് കാണാന്‍ സാധിക്കുന്നത്?
മാറ്റങ്ങള്‍ നിരവധിയാണ്. ഏറിയപങ്കും ടെക്നിക്കല്‍ സൈഡിലാണ്. പണ്ടൊക്കെ ഫിലിം ഇന്‍ഡസ്ട്രി എന്നാണല്ലോ സിനിമാലോകത്തെ പറഞ്ഞിരുന്നത്. ഇന്ന് ഫിലിം ഇല്ല, എല്ലാം ഡിജിറ്റലാണ്. ഇന്ന് സാങ്കേതികത്വങ്ങള്‍ ധാരാളമാണ്. ഞാന്‍ ടുസി ക്യാമറയില്‍ വര്‍ക്ക് ചെയ്ത് തുടങ്ങിയ ആളാണ്. അതില്‍ വ്യൂ ഫൈന്‍ഡര്‍ പോലും തിരിക്കാനാകില്ല. ഒരു കുഴിക്കകത്ത് നിന്നുള്ള ഷോട്ട് എടുക്കണമെങ്കില്‍ കുഴി കുഴിച്ച് അതിനകത്ത് ഇറങ്ങിനിന്ന് ഷൂട്ട് ചെയ്യണമായിരുന്നു. ഇന്നതൊക്കെ ഓര്‍മ്മയാണ്. എഡിറ്റിംഗിലും കളറിംഗിലും അനിമേഷനിലുമൊക്കെ നാം വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തി. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് പണി കുറവാണ് എന്ന് സാരം. കാശുണ്ടെങ്കില്‍ എങ്ങനെയും ചിത്രീകരിക്കാം എന്ന അവസ്ഥയാണ്.
മാറ്റങ്ങള്‍ ഗുണപരമാണ് എന്ന അഭിപ്രായമാണോ താങ്കള്‍ക്ക്?
മാറ്റങ്ങള്‍ കൂടുതല്‍ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയമുണ്ട്. ഇപ്പോള്‍ ഒരേസമയം മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്.
എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി. ഒരു സംവിധായകന്‍ സ്ക്രിപ്റ്റ് വായിച്ചശേഷം മനസ്സില്‍ ആദ്യം ഒരു എഡിറ്റിംഗ് നടത്തും.അഭിനേതാക്കളെല്ലാം നല്ല രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയശേഷമാണ് ക്യാമറയ്ക്ക് മുന്നില്‍ വരുന്നത്. അങ്ങനെചെയ്യുമ്പോള്‍ നല്ല ക്വാളിറ്റി കൈന്‍ഡ് ഓഫ് റിസള്‍ട്ട് കിട്ടുമായിരുന്നു. ഇന്ന് എല്ലാം ഇന്‍സ്റ്റന്‍റാണ്.
സിനിമ സംവിധായകന്‍റെ കലയാണ്. ഇന്നത് താരങ്ങളുടെ സൃഷ്ടിയായി മാറിയിരിക്കുന്നു എന്നാണ് പറയുന്നത്. ശരിയാണോ?
സംവിധായകനും മുമ്പ് നിര്‍മ്മാതാവും ആയിരുന്നു താരം. അന്നത്തെക്കാലത്ത് നിര്‍മ്മാതാക്കള്‍ക്ക് സിനിമയെക്കുറിച്ച് നല്ല അറിവും ധാരണയും ഉണ്ടായിരുന്നു. അവര്‍ മിക്കപ്പോഴും നല്ല നോവലുകളോ ചെറുകഥകളോ ഒക്കെയാകും സിനിമയ്ക്കായി തെരഞ്ഞടുക്കുക. അവര്‍ അത് പഠിച്ച് സംവിധായകനുമായി ഡിസ്കസ് ചെയ്തശേഷമാകും സ്ക്രിപ്റ്റിംഗിലേക്ക് കടക്കുക. എന്നാല്‍ ഇന്ന് സ്ക്രിപ്റ്റ് എന്നുപറയുന്നത് ഹീറോയ്ക്ക് വേണ്ടിയാണ്. ഒരു താരത്തിന്‍റെ ഹീറോയിസം ബൂസ്റ്റ് ചെയ്യാന്‍ വേണ്ടി സ്ക്രിപ്റ്റ് തയ്യാറാക്കും. അന്ന് അതല്ലായിരുന്നു സ്ഥിതി. മാത്രമല്ല അന്നത്തെ താരങ്ങള്‍ക്ക് ഈഗോ എന്നൊന്ന് ഇല്ലായിരുന്നു. ചെമ്മീന്‍ എന്ന വിഖ്യാത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ ചേട്ടനാണ് സെന്‍ട്രല്‍ ക്യാരക്ടര്‍ ചെയ്തത്. അതില്‍ സത്യന്‍മാഷ് ചെറിയൊരു വേഷമാണ് കൈകാര്യം ചെയ്തത്. അദ്ദേഹത്തിന് വേണമെങ്കില്‍ കൊട്ടാരക്കരച്ചേട്ടന്‍റെ ക്യാരക്ടര്‍ വേണമെന്ന് വാശിപിടിക്കാമായിരുന്നു. പക്ഷേ സത്യന്‍ മാഷൊന്നും അങ്ങനെ ചിന്തിക്കുന്ന ആള്‍ക്കാരായിരുന്നില്ല. അന്നത്തെക്കാലത്തെ അഭിനേതാക്കള്‍ റിയല്‍ ജീനിയസുകളായിരുന്നു. അവര്‍ കഥയും കഥാപാത്രത്തിന്‍റെ മര്‍മ്മവും അറിഞ്ഞാണ് പ്രോജക്ടുകള്‍ തെരഞ്ഞെടുത്തിരുന്നത്.